Asianet News MalayalamAsianet News Malayalam

Opinion : വിശുദ്ധ ദേവസഹായം പിളളയും ലവ് ജിഹാദും കത്തോലിക്ക സഭയും

ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ദേവസഹായം പിളളയ്ക്ക് വിശുദ്ധ പദവി കിട്ടിയ സമയം കൃത്യമാണ്. ആഘോഷങ്ങള്‍ക്കപ്പുറം കത്തോലിക്ക സഭയ്ക്ക് ആത്മപരിശോധന നടത്താന്‍ പറ്റിയ സമയമാണ്-അബ്‌ജ്യോത് വര്‍ഗീസ് എഴുതുന്നു

Opinion Saint Devasahaym Pillai love jihad and catholic church by Abgeoth Varghese
Author
Thiruvananthapuram, First Published May 18, 2022, 5:34 PM IST

ദേവസഹായം പിളളയുടെ പേരില്‍ തന്നെയുണ്ട് വ്യവസ്ഥാപിതമല്ലാത്ത ഒരു വിശാലത. ഇഷ്ടമുളള മതം സ്വീകരിച്ചതിന് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നയാളാണ് ദേവസഹായം പിളള. ഇഷ്ടമുളള മതം സ്വീകരിച്ചതിന് അദ്ദേഹം അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ശരീരത്തില്‍ മുറിവേല്‍പ്പിക്കപ്പെട്ടു. മുറിവുകളില്‍ മുളക് പുരട്ടി. ഹിന്ദുമതത്തിലേക്ക് തിരികെ വരാനുളള സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാതെ വന്നപ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റ് മരിക്കേണ്ടി വന്നത്.

 

Opinion Saint Devasahaym Pillai love jihad and catholic church by Abgeoth Varghese

 

രാജ്യത്തെ കത്തോലിക്ക സഭയ്ക്ക് ഇതാദ്യമായി ഒരു അല്‍മായ വിശുദ്ധനുണ്ടായി. വിശുദ്ധ ദേവസഹായം പിളള. വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പ്പാപ്പ പ്രഖ്യാപിച്ചു, കേരളത്തിലെ വിശ്വാസിസമൂഹം ആവേശത്തോടെ സ്വീകരിച്ചു. 

ദേവസഹായം പിളളയുടെ പേരില്‍ തന്നെയുണ്ട് വ്യവസ്ഥാപിതമല്ലാത്ത ഒരു വിശാലത. ഇഷ്ടമുളള മതം സ്വീകരിച്ചതിന് രക്തസാക്ഷിത്വം വരിക്കേണ്ടി വന്നയാളാണ് ദേവസഹായം പിളള. ഇഷ്ടമുളള മതം സ്വീകരിച്ചതിന് അദ്ദേഹം അതിക്രൂരമായി പീഡിപ്പിക്കപ്പെട്ടു. ശരീരത്തില്‍ മുറിവേല്‍പ്പിക്കപ്പെട്ടു. മുറിവുകളില്‍ മുളക് പുരട്ടി. ഹിന്ദുമതത്തിലേക്ക് തിരികെ വരാനുളള സമ്മര്‍ദ്ദങ്ങള്‍ക്കൊന്നും വഴങ്ങാതെ വന്നപ്പോഴാണ് അദ്ദേഹത്തിന് വെടിയേറ്റ് മരിക്കേണ്ടി വന്നത്. വെടിവെച്ച് കൊന്നത് ഭരണാധികാരികളെന്ന് മാത്രമാണ് അദ്ദേഹത്തെ വിശുദ്ധനായി പ്രഖ്യാപിക്കുന്നതിനോട് അനുബന്ധിച്ചുളള മിക്ക ഫീച്ചറുകളിലും കണ്ടത്. തിരുവിതാംകൂര്‍ രാജാവിന്റെ പട്ടാളമാണ് ഇഷ്ടമുളള മതം സ്വീകരിച്ചതിന് അദ്ദേഹത്തെ വെടിവെച്ച് കൊന്നത്. അന്ന് ഇന്ത്യ ഇന്നത്തെ രൂപം പ്രാപിച്ചിട്ടില്ല. ഭരണഘടനയില്ല. ഇഷ്ടമുളള മതം സ്വീകരിക്കുന്നതിനെ തടയുന്ന എന്തെങ്കിലും നിയമമുളളതായി അറിവില്ല.

ഇനി മുന്നൂറ് വര്‍ഷങ്ങള്‍ക്കിപ്പുറം ദേവസഹായം പിളളയെ വിശുദ്ധനായി പ്രഖ്യാപിച്ച 2022 -ലേക്കെത്താം. ഇന്നിപ്പോള്‍ ഇന്ത്യ എന്നൊരു രാജ്യമുണ്ട്. രാജ്യത്തിന്റെ ബൈബിളായി ഒന്നാന്തരമൊരു ഭരണഘടനയുണ്ട്. ആ ഭരണഘടന ഇഷ്ടമുളള മതം സ്വീകരിക്കാനുളള അവകാശത്തിന് അടിവരയിടുന്നുമുണ്ട്.

 

Opinion Saint Devasahaym Pillai love jihad and catholic church by Abgeoth Varghese

 

ഇപ്പോഴാരാണ് നമ്മുടെ രാജ്യത്ത് ഇഷ്ടമുളള മതം സ്വീകരിക്കുന്നതിനെ എതിര്‍ക്കുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും മതപരിവര്‍ത്തനം തടയാന്‍ നിയമനിര്‍മാണങ്ങള്‍ നടക്കുന്നുണ്ട്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളാണ് നിയമനിര്‍മാണത്തിന് മുന്‍കയ്യെടുക്കുന്നത്. ക്രിസ്തുമതത്തെയാണ് ആ നിയമങ്ങള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരാണ് നിയമമെന്നൊക്കെ പേരിന് പറയുന്നുണ്ടെങ്കിലും മതപരിവര്‍ത്തനം തന്നെ അസാധ്യമാക്കുകയാണ് ലക്ഷ്യമെന്ന് എല്ലാവര്‍ക്കുമറിയാം.

ഒറ്റപ്പെട്ട പ്രസ്താവനകള്‍ക്കപ്പുറം ഇന്ത്യയിലെ കത്തോലിക്ക സഭ ഈ വിഷയത്തില്‍ ഇടപെടുന്നില്ല. കാരണമുണ്ട്. ഇങ്ങ് കേരളത്തില്‍ ഇഷ്ടമുളള മതം സ്വീകരിക്കുന്നതിനെ എതിര്‍ക്കുകയാണ് കത്തോലിക്ക സഭ. പ്രത്യേകിച്ചും സുറിയാനി സഭകള്‍. ഇസ്‌ലാം മതത്തിലേക്ക് ആളുകള്‍ മതം മാറുന്നതാണ് അവരുടെ പ്രശ്‌നം. പ്രണയത്തിലോ, വിവാഹത്തിലോ മതം മാറണമെന്നില്ല. മാറാതിരിക്കലാണ് അഭികാമ്യവും. പക്ഷെ, അതൊരാളുടെ ചോയിസാണെങ്കില്‍ പുറത്തുളളവര്‍ക്ക് അതിലൊന്നും പറയാനുമില്ല. കാരണം ഇന്ത്യന്‍ ഭരണഘടന അതനുവദിക്കുന്നുണ്ട്.

പെണ്‍കുട്ടികളാണ് ഇസ്‌ലാം മതത്തിലേക്ക് മാറുന്നതെങ്കില്‍ അതിനെ ലൗ ജിഹാദെന്ന് വിളിക്കുന്നുമുണ്ട് കത്തോലിക്ക സഭകളിലെ ഉത്തരവാദിത്വപ്പെട്ടവര്‍. രാജ്യത്തെ പരമോന്നത കോടതിയും അന്വേഷണ ഏജന്‍സികളും തള്ളിയ പ്രയോഗവും ആരോപണവുമാണത്. എങ്കിലും അതുണ്ടെന്ന് ആവര്‍ത്തിച്ച് പറയുന്നുണ്ട് കത്തോലിക്ക സഭയിലെ പ്രമുഖര്‍.

 

Opinion Saint Devasahaym Pillai love jihad and catholic church by Abgeoth Varghese

 

ക്രിസ്ത്യന്‍ യുവതീയുവാക്കള്‍ അന്യമതത്തില്‍പ്പെട്ടവരെ വിവാഹം കഴിക്കണമെങ്കില്‍, കഴിച്ചാല്‍ പങ്കാളിയുടെ മതം മാറ്റിയ ചരിത്രമൊരുപാടുണ്ട് കേരളത്തില്‍. ഇന്നും പലരെയും നിര്‍ബന്ധിക്കാറുണ്ട്. പലരും പുതിയ കാലത്ത് അതിന് തയാറാവാറില്ല. അതിനും വഴി കണ്ടിട്ടുണ്ട് കത്തോലിക്ക സഭ. വിശ്വാസിയ്ക്ക് സഭയില്‍ തുടരാം. പങ്കാളിക്ക് അവരുടെ മതത്തിലും തുടരാം. പക്ഷെ, ഒരു കരാറുണ്ട്. കുട്ടികളെ സഭാ വിശ്വാസത്തില്‍ വളര്‍ത്തണം. ജനിക്കുമെന്നുറപ്പില്ലാത്ത, ജനിച്ചിട്ടില്ലാത്ത, ജനിക്കാനിരിക്കുന്ന കുട്ടി കത്തോലിക്കനായി തുടരണമെന്ന് പോലും വാശിയുളളവരാണ് ലൗ ജിഹാദെന്ന് ആരോപണമുന്നയിക്കുന്നത്.

അതുകൊണ്ട് ഇഷ്ടമുളള മതം സ്വീകരിച്ചതിന്റെ പേരില്‍ രക്തസാക്ഷിത്വം വരിക്കേണ്ടി വന്ന ദേവസഹായം പിളളയ്ക്ക് വിശുദ്ധ പദവി കിട്ടിയ സമയം കൃത്യമാണ്. ആഘോഷങ്ങള്‍ക്കപ്പുറം കത്തോലിക്ക സഭയ്ക്ക് ആത്മപരിശോധന നടത്താന്‍ പറ്റിയ സമയമാണ്. അങ്ങനെയുണ്ടാവാനുളള സാധ്യത തീരെക്കുറവാണ്. എങ്കിലും അങ്ങനെ ഉണ്ടായാല്‍ വിശുദ്ധ ദേവസഹായം പിളളയോട് ഇന്ത്യയിലെ, പ്രത്യേകിച്ച് കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് ചെയ്യാനാവുന്ന ഏറ്റവും വലിയ, ചരിത്രപരമായ നീതിയായിരിക്കും.

Follow Us:
Download App:
  • android
  • ios