മറ്റൊരു കൂട്ടർ ഓർഡർ ചെയ്ത ഭക്ഷണം തന്റെ മകനും കൂട്ടുകാരും ഇരിക്കുന്ന ടേബിളിൽ അബദ്ധത്തിൽ കൊണ്ടുവന്നു. അത് ജീവനക്കാരോട് ചോദിക്കുന്നതിന് പകരം അവർ തന്റെ മകനെയും കൂട്ടുകാരെയും അക്രമിക്കുകയായിരുന്നു എന്ന് അവർ പറയുന്നു.

ഓർഡർ ചെയ്ത ഭക്ഷണം മാറിപ്പോയി, റെസ്റ്റോറന്റിൽ പൊരി‍ഞ്ഞ അടി. അറസ്റ്റിലായത് ഏഴുപേർ. ടെക്സസിലെ സാൻ അൻ്റോണിയോയിൽ നടന്ന സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പുലർച്ചെ മൂന്ന് മണിക്ക് വാട്ട്ബർഗർ റെസ്റ്റോറന്റിൽ വച്ചാണ് രണ്ട് സംഘങ്ങൾ ഏറ്റുമുട്ടിയത്. ഭക്ഷണം ഓർഡർ ചെയ്തപ്പോൾ സംഭവിച്ച ചില തെറ്റിദ്ധാരണകളുടെ പേരിലാണ് ആദ്യം വഴക്ക് തുടങ്ങിയത്. വാക്കാൽ തുടങ്ങിയ കലഹം പിന്നീട് കയ്യാങ്കളിയായി മാറുകയായിരുന്നത്രെ. പൊരിഞ്ഞ തല്ല് തുടങ്ങിയതോടെ സംഭവസ്ഥലത്തേക്ക് പൊലീസിനെ വിളിക്കുകയായിരുന്നു.

പൊലീസ് എത്തിയതിന് പിന്നാലെ കയ്യാങ്കളിയിൽ പങ്കുചേർന്ന ഏഴുപേരെ അറസ്റ്റ് ചെയ്തുവെന്നും റിപ്പോർട്ടുകൾ പറയുന്നു. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോയിൽ ആളുകൾ പരസ്പരം തല്ലുന്നതും ചവിട്ടുന്നതും തള്ളിയിടുന്നതുമെല്ലാം കാണാം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റതായാണ് വിവരം. അതേസമയം, കൂട്ടത്തിൽ ഒരു യുവാവിന്റെ പരിക്ക് അല്പം ​ഗുരുതരമാണ് എന്നും റിപ്പോർട്ടുകൾ പറയുന്നു.

സംഭവസമയത്ത് ഇവിടെയുണ്ടായിരുന്ന ഒരാളാണ് ഇതിന്റെ ദൃശ്യങ്ങൾ പകർത്തിയതും പിന്നീട് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതും. അക്രമിക്കപ്പെട്ട യുവാവിന്റെ അമ്മ കൂടിയാണ് വീഡിയോ പകർത്തിയ റെബേക്ക. മറ്റൊരു കൂട്ടർ ഓർഡർ ചെയ്ത ഭക്ഷണം തന്റെ മകനും കൂട്ടുകാരും ഇരിക്കുന്ന ടേബിളിൽ അബദ്ധത്തിൽ കൊണ്ടുവന്നു. അത് ജീവനക്കാരോട് ചോദിക്കുന്നതിന് പകരം അവർ തന്റെ മകനെയും കൂട്ടുകാരെയും അക്രമിക്കുകയായിരുന്നു എന്ന് അവർ പറയുന്നു.

Scroll to load tweet…

ആൻഡ്രസ് ഗാർസിയ കാർഡനാസ് (21), ടൈറോൺ ടോളിവർ (21), മിഗ്വൽ ടോറസ് (57), മെയ്ലി ടോറസ് (21), ആൻഡ്രൂ ലോപ്പസ് (21), ഡിയോണ്ടേ ടോളിവർ (23), വെറോണിക്ക വാൽഡെസ് (53) എന്നിവരെയാണ് സംഭവസ്ഥലത്ത് നിന്നും അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ബെക്‌സർ കൗണ്ടി ജയിലിലേക്ക് കൊണ്ടുപോയി. ശാരീരികമായി അക്രമിച്ചതിനും പരിക്കേല്പിച്ചതിനും ഇവർക്കെതിരെ കേസെടുത്തു. എന്നാൽ, അടുത്ത ദിവസം തന്നെ അവരെ വിട്ടയച്ചു.