ആദ്യം എമിലി കരുതിയിരുന്നത് ഈ തുക തന്ന് തന്നെ ആരും വിളിക്കുകയൊന്നും ഇല്ല എന്നാണ്. എന്നാൽ, ധനികരായ അനേകം സ്ത്രീകൾ എമിലിയെ തങ്ങളുടെ വീട് മനോഹരമാക്കി വയ്ക്കുന്നതിന് വേണ്ടി വിളിച്ചു.
തൊഴിലില്ലായ്മ എന്നും എല്ലായിടത്തും ഒരു പ്രതിസന്ധിയാണ്. ചിലപ്പോൾ നല്ല വിദ്യാഭ്യാസമുണ്ടായിരുന്നാലും വലിയ തുക മുടക്കി പഠിച്ചാലും ഒക്കെ ജോലിക്ക് കേറിയാൽ കിട്ടുന്നത് ചെറിയ ശമ്പളമായിരിക്കും. ഇതൊക്കെ കൊണ്ട് തന്നെ ഇന്ന ജോലിയേ ചെയ്യൂ എന്നുള്ള ദുരഭിമാനമൊന്നും ഇന്ന് പലർക്കും ഇല്ല. അതിനാൽ തന്നെ അവനവന് ഇഷ്ടമുള്ള, കംഫർട്ടായിട്ടുള്ള, നല്ല തുക കിട്ടുന്ന ജോലികളാണ് പലരും തെരഞ്ഞെടുക്കുന്നത്. അതുപോലെ, എക്സ്ട്രാ പണം ഉണ്ടാക്കാനുള്ള കുഞ്ഞുകുഞ്ഞ് ജോലികളും പലരും ചെയ്യുന്നുണ്ട്. ലണ്ടനിൽ ഒരു യുവതി അങ്ങനെ ചെറിയ സമയം കൊണ്ട് ഉണ്ടാക്കുന്നത് ആഴ്ചയിൽ 50000 രൂപയാണ്.
ഓസ്ട്രേലിയൻ ടിക്ടോക്കറും ഇൻഫ്ലുവൻസറുമായ എമിലി ബ്രോഗൺ താമസിക്കുന്നത് ലണ്ടനിലാണ്. എമിലി പറയുന്നത് ധനികരായ സ്ത്രീകളെ വീട് ഒതുക്കി വയ്ക്കുന്നതിന് സഹായിക്കുന്നതിലൂടെ ആഴ്ചയിൽ 50,000 രൂപ വരെ താൻ സമ്പാദിക്കുന്നു എന്നാണ്. ഫേസ്ബുക്ക് ഗ്രൂപ്പുകളിലാണ് എമിലിയുടെ സേവനങ്ങൾ പരസ്യപ്പെടുത്തുന്നത്. അതിൽ അലമാരകൾ, വാർഡ്രോബുകൾ, എന്തിന് അടുക്കളയിലെ വസ്തുക്കൾ വരെ മനോഹരമായി ഒതുക്കിവയ്ക്കുന്നത് പെടുന്നു.
കളർ കോർഡിനേറ്റഡ് രീതിയിലുള്ള വീടുകൾ ഇന്ന് വലിയ ഹിറ്റാണ്. ആ രീതി തന്നെയാണ് എമിലിക്കും ഈ തുക നേടിക്കൊടുക്കുന്നത്. പലരും തങ്ങളുടെ വീടും അതിലെ സകലതും മനോഹരമായി ഒരുക്കാൻ ഇഷ്ടപ്പെടുന്നവരാണ്. അപ്പോൾ പണമുള്ളവർ എമിലിയെ പോലുള്ളവരുടെ സേവനം ആവശ്യപ്പെടുന്നു. 'തനിക്ക് തീവ്രമായ ഒസിഡി ഉണ്ട്. ലണ്ടനിലേക്ക് മാറാനും ആഗ്രഹിക്കുന്നു. അതിനാൽ നിങ്ങളുടെ വീടുകൾ മനോഹരമായി ഒരുക്കി വയ്ക്കണമെങ്കിൽ എന്റെ സേവനം ആവശ്യപ്പെടാം. മണിക്കൂറിന് നാലായിരം രൂപയാണ് താൻ ഈടാക്കുന്നത്' എന്നായിരുന്നു എമിലിയുടെ പരസ്യം.
ആദ്യം എമിലി കരുതിയിരുന്നത് ഈ തുക തന്ന് തന്നെ ആരും വിളിക്കുകയൊന്നും ഇല്ല എന്നാണ്. എന്നാൽ, ധനികരായ അനേകം സ്ത്രീകൾ എമിലിയെ തങ്ങളുടെ വീട് മനോഹരമാക്കി വയ്ക്കുന്നതിന് വേണ്ടി വിളിച്ചു. ചില ദിവസങ്ങൾ എമിലിക്ക് 12 മണിക്കൂർ വരെയൊക്കെ ബുക്കിംഗ് ഉണ്ടായി. ഏതായാലും, ഇതിലൂടെ നല്ലൊരു തുക സമ്പാദിക്കുകയാണ് ഇന്ന് എമിലി.
