Asianet News MalayalamAsianet News Malayalam

അത്രമേൽ സംഭവബഹുലമായ ജീവിതം; ബംഗാളിലെ ഭിർഭൂമിൽ നിന്ന് രാഷ്ട്രപതി ഭവനിലേക്ക് നടന്നുകയറിയ ഒരു യുഗം

ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപാതിയും കോൺഗ്രസിന്റെ സമുന്നതനായ ദേശീയനേതാവും ആയിരുന്നു, പ്രണബ് മുഖർജി. ദില്ലിയിലെ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിൽ എന്നുമെന്നും അക്ഷോഭ്യനായി നിലകൊണ്ടിട്ടുള്ള അദ്ദേഹം എന്നും സംശുദ്ധരാഷ്ട്രീയം മുന്നോട്ടു വെച്ച നേതാക്കളിൽ ഒരാളായിരുന്നു

ormer indian president Pranab Kumar Mukherjee profile story
Author
New Delhi, First Published Aug 31, 2020, 6:16 PM IST

ഇന്ത്യയുടെ പതിമൂന്നാമത്തെ രാഷ്ട്രപാതിയും കോൺഗ്രസിന്റെ സമുന്നതനായ ദേശീയനേതാവും ആയിരുന്നു, പ്രണബ് മുഖർജി. ദില്ലിയിലെ രാഷ്ട്രീയ കോളിളക്കങ്ങൾക്കിടയിൽ എന്നുമെന്നും അക്ഷോഭ്യനായി നിലകൊണ്ടിട്ടുള്ള അദ്ദേഹം എന്നും സംശുദ്ധരാഷ്ട്രീയം മുന്നോട്ടു വെച്ച നേതാക്കളിൽ ഒരാളായിരുന്നു.

സ്വാതന്ത്ര്യ സമര ഭടന്റെ മകൻ

1935 ഡിസംബർ 11 -ന്, അവിഭക്ത ഇന്ത്യയിലെ ബംഗാൾ പ്രസിഡൻസിയിലായിരുന്നു പ്രണബിന്റെ ജനനം. ഭിർഭും ജില്ലയിലെ മിറാഠിയിൽ, പ്രസിദ്ധ സ്വാതന്ത്ര്യ സമര നേതാവായിരുന്ന കാമദാ കിങ്കർ മുഖർജിയുടെയും രാജലക്ഷ്മി മുഖര്ജിയുടെയും മകനായി ജനിച്ച പ്രണബ് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടിയ ശേഷം കൽക്കത്ത സർവകലാശാലയിൽ നിന്ന് നിയമ ബിരുദവും നേടിയ ശേഷം കമ്പിത്തപാൽ വകുപ്പിൽ ഗുമസ്തനായി ചേർന്നു. 1963 -ൽ അദ്ദേഹം കൽക്കത്തയിലെ വിദ്യാനഗർ കോളേജിൽ അധ്യാപകനാകുന്നു. അതിനു ശേഷം ഹ്രസ്വകാലം ദേശേർ ദേക് എന്ന പ്രാദേശിക പത്രത്തിന്റെ ലേഖകനായും സേവനമനുഷ്ടിക്കുന്നുണ്ട് പ്രണബ്.

രാഷ്ട്രീയത്തിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യത്തെ എൻട്രി, 1969 -ൽ അന്ന് മിഡ്നാപൂരിൽ നിന്ന് സ്വതന്ത്രനായി മത്സരിച്ച, പിൽക്കാല ഇന്ത്യൻ പ്രതിരോധ മന്ത്രി വികെ കൃഷ്ണമേനോന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചുക്കാൻ പിടിച്ചുകൊണ്ടായിരുന്നു.  അന്ന് പ്രണബിനെ പരിചയപ്പെടാനിടയായ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്ക് അദ്ദേഹത്തിന്റെ കഴിവുകൾ ബോധ്യപ്പെടുകയും, കൈപിടിച്ച് പാർട്ടിയിലേക്ക് ആനയിക്കുകയുമാണ് ഉണ്ടായത്. അക്കൊല്ലം ജൂലൈയിൽ തന്നെ അദ്ദേഹത്തെ കോൺഗ്ര രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്യുന്നു. പിന്നീട് 1975,1981,1993,1999  എന്നീ വർഷങ്ങളിൽ പ്രണബ് വീണ്ടും രാജ്യസഭയിലെത്തുന്നു.

തികഞ്ഞ ഇന്ദിരാ സപ്പോർട്ടർ ആയിരുന്ന അദ്ദേഹം ദില്ലിയിലെ കോൺഗ്രസ് വൃത്തങ്ങളിൽ അറിയപ്പെട്ടിരുന്നത് 'മാൻ ഓഫ് ഓൾ സീസൺസ്' എന്നായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ തുടക്കത്തിൽ തന്നെ വളരെ പെട്ടെന്ന് ഉന്നതങ്ങളിൽ എത്തിപ്പെടാൻ പ്രണബിന് കഴിഞ്ഞു. 1973 -ലെ ഇന്ദിരാ ഗവൺമെന്റിൽ പ്രണബ് യൂണിയൻ ഡെപ്യൂട്ടി മിനിസ്റ്റർ ഓഫ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് പദവി വഹിച്ചു. അടിയന്തരാവസ്ഥക്കാലത്ത് ദുഷ്‌പേര് കേട്ട കോൺഗ്രസ് നേതാക്കളുടെ കൂട്ടത്തിൽ പ്രണബിന്റെ പേരുമുണ്ട്. എന്നാൽ ഷാ കമ്മീഷന്റെ ആരോപണങ്ങൾക്കൊന്നും തന്നെ പ്രണബിനുമേൽ നടപടികൾ സ്വീകരിക്കുന്ന സാഹചര്യമുണ്ടാക്കാൻ സാധിച്ചില്ല. ആരോപണങ്ങളെ കുടഞ്ഞെറിഞ്ഞ് വീണ്ടും പ്രണബ് ഉയിർത്തെഴുന്നേറ്റു. അടിയന്തരാവസ്ഥക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും പ്രധാനമന്ത്രിയായപ്പോൾ, വിശ്വസ്തനായ പ്രണബിന് കിട്ടിയത് ധനമന്ത്രി പദമായിരുന്നു.

സാമ്പത്തികരംഗം വളരെ സമർത്ഥമായി കൈകാര്യം ചെയ്ത പ്രണബ് ലോകബാങ്കിൽ നിന്ന് ഇന്ത്യ സ്വീകരിച്ച ആദ്യ കടത്തിന്റെ അവസാന ഇൻസ്റ്റാൾമെന്റ് തിരിച്ചു നൽകി ശ്രദ്ധേയനായി. മൻമോഹൻ സിംഗ് എന്ന സാമ്പത്തിക വിദഗ്ധനെ റിസർവ് ബാങ്ക് ഗവർണർ ആയി നിയമിച്ചത് അന്ന് ധനമന്ത്രി ആയിരുന്ന പ്രണബ് മുഖർജിയുടെ ശുപാർശ പ്രകാരമാണ്. എൺപതുകളിൽ ദില്ലിയിലെ നമ്പർ 2 ആയിരുന്ന പ്രണബ് മുഖർജി, ഇന്ദിര സ്ഥലത്തില്ലാതിരുന്ന ദിവസങ്ങളിൽ ക്യാബിനറ്റ് മീറ്റിംഗുകൾക്ക് അധ്യക്ഷത വഹിക്കുക വരെ ചെയ്തിരുന്നു. അന്ന് ഇന്ദിരാഗാന്ധിയുടെ പ്രസിദ്ധമായ ഒരു പരാമർശമുണ്ടായിരുന്നു പ്രണബിനെപ്പറ്റി, അതിങ്ങനെയാണ്,"പ്രണബിന്റെ വായിൽ നിന്ന് പൈപ്പിന്റെ പുകയല്ലാതെ, എന്റെയോ കോൺഗ്രസിന്റെയോ യാതൊരു രഹസ്യവും വെളിയിൽ ചാടുകയില്ല..." അത്രക്ക് വിശ്വസ്തനായിരുന്നു പ്രണബ്, ഇന്ദിരക്ക്.

ഇന്ദിരയുടെ മരണം, രാജീവിൽ നിന്നേറ്റ പ്രഹരം

എന്നാൽ, തന്റെ ദില്ലി രാഷ്ട്രീയത്തിൽ, വിശേഷിച്ച് ഇന്ദിര ഗാന്ധിയുടെ മനസ്സിൽ പ്രണബിനുണ്ടായിരുന്ന സ്വാധീനം പിന്നീട് അദ്ദേഹത്തിന് തന്നെ വിനയാകുന്നതും നമ്മൾ കണ്ടു. 1984 -ൽ ഇന്ദിര ഗാന്ധി അംഗരക്ഷകരുടെ വെടിയേറ്റ് അവിചാരിതമായി കൊല്ലപ്പെടുന്നു. പശ്ചിമ ബംഗാളിൽ പ്രണബിനൊപ്പം രാജീവ് ഗാന്ധി പ്രചാരണം നടത്തുന്ന കാലമാണത്. വിമാനത്തിൽ വെച്ച് രാജീവ്, "ഇങ്ങനെ ഒരു അടിയന്തര ഘട്ടത്തിൽ എന്താണ് കീഴ്വഴക്കം?" എന്ന് പ്രണബ്‌ദായോട് ചോദിക്കുന്നു. "ദില്ലിയിൽ സീനിയർമോസ്റ്റ് ആരാണോ ഇനി, അയാളെ പ്രധാനമന്ത്രി ആയി നിയമിക്കുക എന്നതാണ് ശരിയായ രീതി..." എന്ന് പ്രണബ്‌ദാ മറുപടി നൽകുന്നു. രാജീവ് ദില്ലിയിൽ തിരിച്ചെത്തുന്നു. രാഷ്ട്രീയ ചർച്ചകൾ പലതു നടന്നു. തീരുമാനങ്ങൾ മാറിമറിഞ്ഞു. ഒടുവിൽ രാജീവിന്റെ പേര് പ്രധാനമന്ത്രി പദത്തിലേറാൻ മുന്നോട്ടുവരുന്നു. ഗ്യാനി സെയിൽ സിംഗ് രാജീവിനെ പ്രധാനമന്ത്രിയായി ശപഥമെടുപ്പിക്കുന്നു. ആ സത്യപ്രതിജ്ഞാ പ്രസംഗം തയ്യാറാക്കിയത് നരസിംഹറാവുവും, പ്രണബ് മുഖർജിയും ചേർന്നായിരുന്നു.

എന്നാൽ, അവിടന്നങ്ങോട്ടുള്ള മാസങ്ങളിൽ രാജീവിന് ചുറ്റുമുള്ള ഉപജാപക വൃന്ദം അദ്ദേഹത്തെ പ്രണബിൽ നിന്ന് അകറ്റി. ഇന്ദിര കൊല്ലപ്പെട്ട്, കസേരയൊഴിഞ്ഞപ്പോൾ അതിൽ കണ്ണുവെച്ച കുറുക്കനാണ് പ്രണബ് എന്ന മട്ടിലായിരുന്നു അവർ രാജീവിനെ പറഞ്ഞു തിരിപ്പിച്ചത്. ആ പരദൂഷണങ്ങളിൽ വീണുപോയ രാജീവ് പ്രണബിനോട് പിന്നീട് കാണിച്ചത് വളരെ വലിയ നീതികേടാണ്. അന്ന് ദില്ലിയിലെ പ്രണബ് വിരുദ്ധ കോൺഗ്രസ് കോക്കസ് നടത്തിയ ചരടുവലികൾക്കെല്ലാം രാജീവ് കൂട്ടുനിന്നു. ഫലമോ, പ്രണബ് മുഖർജി ദില്ലിയിലെ സകല അധികാര കേന്ദ്രങ്ങളിൽ നിന്നും വെട്ടിമാറ്റപ്പെട്ടു.

ആദ്യ പ്രഹരം  അദ്ദേഹത്തെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയതായിരുന്നു. എന്നാൽ, ആദ്യം പ്രണബ് സ്വയം സമാധാനിപ്പിക്കാൻ ശ്രമിച്ചത് പശ്ചിമ ബംഗാളിലെ മറ്റൊരു പ്രമുഖ കോൺഗ്രസ് നേതാവായ എ ബി ഗനിഖാൻ ചൗധരിയെയും ഡ്രോപ്പ് ചെയ്തിട്ടുണ്ടല്ലോ എന്ന് സ്വയം പറഞ്ഞുകൊണ്ടാണ്. ഒരു വർഷത്തിന് ശേഷം പക്ഷേ, ചൗധരിയെ ക്യാബിനറ്റിലേക്ക് തിരിച്ചെടുത്തു. ബംഗാൾ പ്രദേശ് കോൺഗ്രസ് കമ്മിറ്റി അധ്യക്ഷ പദവി കൊടുത്ത് പ്രണബിനെ ഒതുക്കാൻ ശ്രമമുണ്ടായി. ആ പദത്തിലും അധികനാൾ നിലനിർത്താതെ, അവിടെ അറിയപ്പെടുന്ന പ്രണബ് വിരോധി പ്രിയരഞ്ജൻ ദാസ് മുഷിയെ കൊണ്ടിരുത്തി.

എന്നാൽ, രാജീവ് സംഘത്തിന്റെ ഓപ്പറേഷൻ അവസാനിച്ചിരുന്നില്ല. ഇനിയും അപമാനങ്ങൾ ഏറ്റുവാങ്ങാൻ ബാക്കിയുണ്ടായിരുന്നു പ്രണബിന്. അദ്ദേഹത്തെ തന്റെ രാഷ്ട്രീയ ജീവിതത്തിൽ ആദ്യമായി കോൺഗ്രസ് വർക്കിങ് കമ്മിറ്റിയിൽ നിന്നും കോൺഗ്രസ് പാർലമെന്ററി ബോർഡിൽ നിന്നും നീക്കി. എന്നാൽ, അപ്പോഴും ഒന്നും വിട്ടുപറയാൻ നിൽക്കാതെ പ്രണബ് മുഖർജി എന്ന കോൺഗ്രസുകാരൻ തന്റെ അച്ചടക്കം നിലനിർത്തി.

ആയിടെയാണ് ഇല്ലസ്ട്രേറ്റഡ് വീക്ക്ലിയിൽ പ്രണബിന്റെ വളരെ വിവാദാസ്പദമായ ഒരു അഭിമുഖം പ്രസിദ്ധപ്പെടുത്തപ്പെടുന്നത്. അന്ന് ഇല്ലസ്ട്രേറ്റഡ് വീക്കിലിയുടെ പത്രാധിപരായിരുന്ന പ്രിതീഷ് നന്ദി നേരിട്ടാണ് പ്രണബിനെ ഇന്റർവ്യൂ ചെയ്തത്. ആ അഭിമുഖം വലിയ രാഷ്ട്രീയ കോളിളക്കങ്ങൾ ഉണ്ടാക്കിയ ഒന്നായിരുന്നു. അതിൽ പ്രണബിനോട് ഇന്ദിര/രാജീവ് എന്നിവരുടെ പ്രധാനമന്ത്രി എന്നനിലയിലുള്ള പ്രകടനത്തെ താരതമ്യം ചെയ്യാൻ നന്ദി ആവശ്യപ്പെട്ടു. വളരെ ആത്മാർത്ഥതയോടെ അദ്ദേഹം അത് നിർവഹിച്ചു. അദ്ദേഹത്തിന്റെ ആത്മാർത്ഥത പക്ഷേ, രാജീവിന് ഒട്ടും രുചിച്ചില്ല. 1986 ഒക്ടോബർ മാസത്തിൽ പ്രണബിനെ രാജീവ് കോൺഗ്രസിൽ നിന്ന് പുറത്താക്കി.

രാഷ്ട്രീയ സമാജ്‌വാദി കോൺഗ്രസ് എന്ന പുതിയ പാർട്ടി

പാർട്ടിയിൽ നിന്ന് പുറത്താക്കപ്പെട്ട് ഏതാനും മാസങ്ങൾക്കുള്ളിൽ പ്രണബ് തുടങ്ങിയ പുതിയ പാർട്ടിയാണ് രാഷ്ട്രീയ സമാജ്‌വാദി കോൺഗ്രസ്. അന്ന് കോൺഗ്രസിൽ രാജീവ് കോക്കസിനെ പ്രവർത്തനങ്ങളിൽ അസംതൃപ്തി ഉണ്ടായിരുന്ന പല ദേശീയ നേതാക്കളും പ്രണബിനൊപ്പം ചേർന്നു. ഈ ഗ്രൂപ്പിന്റെ ആദ്യത്തെ പരീക്ഷണം 1987 -ലെ ബംഗാൾ തെരഞ്ഞെടുപ്പായിരുന്നു.  അന്ന് പക്ഷേ അവർക്ക് ഒരു സീറ്റ് പോലും കിട്ടിയില്ല. അതോടെ ആ പാർട്ടിയുടെ കാര്യത്തിൽ ഒരു തീരുമാനമായി.  രാജ്യസഭയിലെ അംഗത്വകാലാവധി അവസാനിക്കാൻ ഏതാനും മാസങ്ങൾ ബാക്കിയുണ്ടായിരുന്ന അക്കാലത്ത്, സെൻട്രൽ ഹാളിൽ അദ്ദേഹം ഒരു ഒറ്റയാനായി തുടർന്ന്. അന്നൊക്കെ, രാജീവ് ഗ്യാങ്ങിന്റെ അപ്രീതി ഭയന്ന് ജികെ മൂപ്പനാരും നജ്മ ഹെപ്തുള്ളയും ഒഴികെ കോൺഗ്രസിൽ മറ്റാരും അദ്ദേഹത്തോട് സംസാരിക്കുക പോലും ചെയ്തിരുന്നില്ല.

അങ്ങനെ നാലുപാടുനിന്നും കടുത്ത അവഗണനകൾ മാത്രം നേരിട്ട് കഴിച്ചുകൂട്ടിയ നാലഞ്ചുമാസക്കാലം കൊണ്ട് പ്രണബിന് ഒരു കാര്യം മനസ്സിലായി. അടിയന്തരമായി രാജീവുമായി സന്ധി ചെയ്തില്ലെങ്കിൽ തന്റെ രാഷ്ട്രീയം ഇതോടെ അവസാനിക്കും. അന്ന് രാജീവിനും പ്രണബിനുമിടയിൽ സമാധാനമുണ്ടാക്കാൻ തയ്യാറായി വന്നത് ഒറീസയിലെ കോൺഗ്രസ് നേതാവായ സന്തോഷ് മോഹൻ ദേവും, ദില്ലിയിലെ വനിതാ നേതാവായ ഷീല ദീക്ഷിത്തും ചേർന്നാണ്. മാസങ്ങൾ നീണ്ട ആ സന്ധി സംഭാഷണങ്ങൾക്ക് ശേഷം 1988 -ൽ ത്രിപുര തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു കൊണ്ട് പ്രണബ് കോൺഗ്രസിൽ തിരിച്ചെത്തി എങ്കിലും, രാജീവിന്റെ കാലത്ത് അദ്ദേഹത്തിന് വലിയ പദവികളൊന്നും കൊടുത്തില്ല. 1989 -ൽ രാജീവ് തെരഞ്ഞെടുപ്പിൽ തോൽക്കുന്നു. 1991 -ൽ ശ്രീപെരുംപുതൂരിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെടുന്നു.

നരസിംഹറാവുവിന്റെ കാലം

പിന്നീട് പ്രധാനമന്ത്രിയായത് പ്രണബിന്റെ പഴയകാല സ്നേഹിതൻ കൂടി ആയിരുന്ന പിവി നരസിംഹ റാവു ആയിരുന്നു. അതോടെ പ്രണബിന്റെ കാബിനറ്റ് മോഹങ്ങൾക്ക് വീണ്ടും ചിറകുമുളച്ചു. ഇത്തവണ എന്തായാലും ക്യാബിനറ്റിൽ തിരികെ കയറാം എന്നുതന്നെ അദ്ദേഹം ആത്മാർത്ഥമായും പ്രതീക്ഷിച്ചു. എന്നാൽ, ഇന്ദിരയുടെ മരണ ശേഷം രാജീവിൽ നിന്നേറ്റ തിരിച്ചടിയുടെ ആവർത്തനമാണ് പ്രണബിനെ കാത്തിരുന്നത്. നരസിംഹറാവു കാബിനറ്റിൽ അദ്ദേഹത്തിന് ഇടമുണ്ടായില്ല.

എന്നാൽ, പ്രണബിനെ അങ്ങനെ പൂർണ്ണമായും ഒഴിവാക്കാൻ നരസിംഹറാവുവിന് ഉദ്ദേശ്യമില്ലായിരുന്നു. അദ്ദേഹം പ്രണബ് മുഖർജിയെ പ്ലാനിങ് കമ്മീഷൻ ഡെപ്യൂട്ടി ചെയർമാൻ ആയി നിയമിച്ചു. ആദ്യം ഒന്ന് മടിച്ചു നിന്നു എങ്കിലും പ്രണബ് അതിനു തയ്യാറായി. മുന്നനുഭവങ്ങളുടെ വെളിച്ചത്തിൽ, ഇത്തവണ നരസിംഹറാവുവുമായി ഒരു 'സേഫ് ഡിസ്റ്റൻസ്' ഇട്ടാണ് പ്രണബ് നിന്നത്. വിശ്വസ്തനായി തുടർന്നു, അതേസമയം ഒരു പരിധിവിട്ട് അടുക്കാനും പോയില്ല. ആ ടെക്നിക് വിജയിച്ചു. 2004 -ൽ ഒന്നാം യുപിഎ സർക്കാർ വന്നപ്പോൾ, ഗാന്ധി കുടുംബം പ്രണബിനെ തഴഞ്ഞില്ല. പ്രണബിന് കാബിനറ്റിൽ പ്രതിരോധമന്ത്രി പദം നൽകപ്പെട്ടു. ആദ്യം പ്രതിരോധ മന്ത്രിയായും, പിന്നീട് വിദേശകാര്യ മന്ത്രിയായും പ്രണബ് വളരെ മികച്ച പ്രകടനം തന്നെ കാഴ്ചവെച്ചു.

രാഷ്ട്രപതി പദത്തിലേക്ക്

2007 -ൽ ഇടതുപക്ഷമാണ് ആദ്യമായി പ്രണബിന്റെ പേര് രാഷ്‌ട്രപതി പദത്തിലേക്ക് നിർദേശിക്കുന്നത്. അന്ന് പക്ഷേ, അദ്ദേഹത്തെ സോണിയക്ക് യുപിഎ ക്യാബിനറ്റിൽ നിന്ന് വിട്ടുനല്കാനാകുമായിരുന്നില്ല. എന്നാൽ, 2012 -ൽ പതിമൂന്നാമത്തെ രാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്ന സമയം വന്നപ്പോൾ, ഒരു കാര്യം സോണിയക്ക് ബോധ്യപ്പെട്ടു. 2014 -ലെ ഫലം ചിലപ്പോൾ മോശമാകാൻ സാധ്യതയുണ്ട്. അതുകൊണ്ട് ചുരുങ്ങിയത് രാഷ്‌ട്രപതി ഭവനിലെങ്കിലും ഒരു കോൺഗ്രസുകാരൻ ഇരിക്കുന്നത് നല്ലതാണ്.

എന്നാൽ, 2012 -ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് വലിയ രാഷ്ട്രീയ മത്സരങ്ങൾക്കുള്ള വേദി കൂടി ആയി മാറി. ആ കോഴിപ്പോരിന്റെ നടുവിലേക്ക് മമതാ ബാനർജി, മുലായം സിംഗ് യാദവ്, സോമനാഥ് ബാനർജി, ടി ആർ ബാലു, ശരദ് പവാർ, പി എം സാങ്മ എന്നിങ്ങനെ പലരും ഇറങ്ങി. എപിജെ അബ്ദുൽ കലാമിന്റെ പേരും പലരും ഉയർത്തിക്കൊണ്ടു വന്നു എങ്കിലും, അഭിപ്രായ സമന്വയമില്ലാതെ താൻ അതിനു മുതിരില്ല എന്ന് കലാം പറഞ്ഞതോടെ ആ സാധ്യത മങ്ങി. ഒടുവിൽ തെരഞ്ഞെടുപ്പ് നടന്നു. ഇടതു പക്ഷവും, അവസാന നിമിഷം വരെ ഇടഞ്ഞു നിന്ന മമതയും പിന്തുണച്ചതോടെ പ്രണബ് മുഖർജി രാഷ്ട്രപതിയായി.

ഉത്തരാഖണ്ഡിലെ രാഷ്‌ട്രപതി ഭരണത്തിന്റെ ഒരു തീരുമാനം ഒഴിച്ചാൽ, ഏറെക്കുറെ ശാന്തമായിരുന്നു രാഷ്‌ട്രപതി എന്ന നിലയിലുള്ള പ്രണബ് മുഖർജിയുടെ പ്രസിഡന്റ് കാലം.  അജ്മൽ കസബ്, യാക്കൂബ് മേമൻ, അഫ്സൽ ഗുരു തുടങ്ങി വർഷങ്ങളായി കെട്ടിക്കിടന്ന 24 ദയാഹർജികൾ പ്രണബ് മുഖർജി തന്റെ കാലത്ത് നിരസിച്ചു. അദ്ദേഹത്തിന്റെ കാലത്താണ് 2013 -ലെ ക്രിമിനൽ ലോ അമെൻഡ്മെന്റ് നടപ്പാവുന്നത്.

കാര്യം കോൺഗ്രസുകാരൻ ഒക്കെ ആയിരുന്നു എങ്കിലും, ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി നേതാവായിരുന്ന ഡെൻ സിയാവോ പെങ്ങിന്റെ കടുത്ത ആരാധകനായിരുന്നു പ്രണബ് മുഖർജി. മാവോയുടെ പരിഷ്‌കാരങ്ങൾ പരാജയപ്പെട്ട നശിച്ചു നാറാണക്കല്ലെടുത്ത് ക്ഷാമത്തിൽ കഴിഞ്ഞിരുന്ന ചൈനയെ പുരോഗതിയിലേക്ക് നയിച്ച ഡെൻ സിയാവോ പെങ്ങിന്റെ കർമ്മശേഷി പ്രണബിനെ ഏറെ സ്വാധീനിച്ചിരുന്നു. ഇടയ്ക്കിടെ ഡെങ്ങിനെ ഉദ്ധരിക്കുന്ന പതിവും പ്രണബിനുണ്ടായിരുന്നു. പ്രണബിന്റെ ഡയറിക്കുറിപ്പുകൾ ആസ്പദമാക്കിയുള്ള ആത്മകഥയുടെ രണ്ടു ഭാഗങ്ങൾ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം കൊവിഡ് പോസിറ്റീവ് ആണ് താനെന്ന വിവരം പ്രണബിന്റെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവന്നിരുന്നു. തലച്ചോറിലെ ഒരു ക്ളോട്ട് നീക്കം ചെയ്യാൻ വേണ്ടി നടത്താനിരുന്ന ശസ്ത്രക്രിയക്ക് മുന്നോടിയായി പരിശോധിച്ചപ്പോഴാണ് പ്രണബിന് കൊവിഡ് സ്ഥിരീകരിക്കപ്പെടുന്നത്. ശസ്ത്രക്രിയക്ക് ശേഷം വെന്റിലേറ്ററിലേക്ക് മാറ്റിയ അദ്ദേഹത്തിന്റെ ആരോഗ്യം പിന്നെയും മോശമാവുകയായിരുന്നു.

വാർദ്ധക്യകാലത്തും വായന സജീവമായി തന്നെ തുടർന്നിരുന്ന മുഖർജി ഒരേസമയത്ത് മൂന്നു പുസ്തകങ്ങൾ വരെ വായിക്കുന്ന ശീലക്കാരനായിരുന്നു. ധനമന്ത്രിയായ കാലയളവിൽ പ്രണബ് മുഖർജി ഏഴു ബജറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇന്തോ അമേരിക്കൻ ആണവകരാറിന്റെ പിന്നിലെ അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളും ഏറെ ശ്ലാഘിക്കപ്പെട്ടിരുന്നു. 2008 -ൽ പത്മ വിഭൂഷണും 2019 -ൽ ഭാരത് രത്നയും നേടിയിട്ടുള്ള പ്രണബ് 1971 -ലെ വിമോചനയുദ്ധ കാലത്ത് ചെയ്ത സഹായങ്ങളുടെ പേരിൽ ബംഗ്ലാദേശിന്റെ ആദരത്തിനും പാത്രമായിട്ടുണ്ട്.

തന്റെ എൺപത്തഞ്ചാം വയസ്സിൽ പ്രണബ് കുമാർ മുഖർജി ഇഹലോകവാസം വെടിയുമ്പോൾ അവസാനിക്കുന്നത് സംശുദ്ധ രാഷ്ട്രീയത്തിന്റെ മാതൃകകളിൽ ഒന്നുകൂടിയാണ്.

Follow Us:
Download App:
  • android
  • ios