ഓർത്തോപീഡിക് പാദരക്ഷകൾ ലൂക്കയുടെ കാലിൽ ഘടിപ്പിച്ചിരിക്കുകയാണ് അധികൃതർ ഇപ്പോൾ. മൃഗശാലയിലെ വൈൽഡ് ലൈഫ് കെയർ സ്പെഷ്യലിസ്റ്റുകൾ തെറ-പാവ് എന്ന സംഘടനയുമായി ചേർന്നാണ് ഓർത്തോപീഡിക് പാദരക്ഷ നിർമ്മിച്ചത്.
കാലിലെ അണുബാധയെ തടയാൻ മനുഷ്യർ ചെരിപ്പ് ധരിക്കുന്നത് പുതുമയല്ല. പക്ഷെ, ഇവിടെ ഇതാ ഒരു പുതുമയുള്ള കാര്യം സംഭവിച്ചിരിക്കുകയാണ്. കാലിൽ അണുബാധ ഉണ്ടായതിനെ തുടർന്ന് പെൻഗ്വിന് ഓർത്തോപീഡിക് പാദരക്ഷകൾ വാങ്ങി നൽകിയിരിക്കുകയാണ് ആ മൃഗശാലാ അധികൃതർ
കാലിഫോർണിയയിലെ സാൻഡിഗോ മൃഗശാലയിലാണ് നാലു വയസ്സുകാരൻ ലൂക്കാസ് എന്ന പെൻഗ്വിൻ തമസിക്കുന്നത്. വംശനാശ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന ആഫ്രിക്കൻ പെൻഗ്വിൻ വിഭാഗത്തിലെ അംഗമാണ് ലൂക്കാസ്. അതുകൊണ്ട് തന്നെ മൃഗശാല അധികൃതരുടെ കണ്ണിലുണ്ണി കൂടിയാണ് അവൻ.
പക്ഷെ, കഴിഞ്ഞ കുറച്ചു നാളുകളായി അവന്റെ കാലിൽ ചെറിയ വ്രണങ്ങൾ വരുന്നത് മൃഗശാല അധികൃതരുടെ ശ്രദ്ധയിൽപെട്ടിട്ട്. ആവശ്യമായ ചികിത്സ നൽകിയെങ്കിലും അത് ഇതുവരെയും പൂർണമായി ഭേദമായിട്ടില്ല. ബംബിൾ ഫൂട്ട് എന്നൊരു രോഗമാണ് ഇത്. ശ്രദ്ധിച്ചില്ലെങ്കിൽ ഇത് അണുബാധ മൂലമുള്ള മരണത്തിലേക്ക് പോലും നയിച്ചേക്കാം.
അതുകൊണ്ട് ഏറെ ആലോചനകൾക്ക് ശേഷം അണുബാധ കുറയ്ക്കുന്നതിനായി ഒരു മാർഗം കണ്ടെത്തിയിരിക്കുകയാണ് മൃഗശാല അധികൃതർ.
ഓർത്തോപീഡിക് പാദരക്ഷകൾ ലൂക്കയുടെ കാലിൽ ഘടിപ്പിച്ചിരിക്കുകയാണ് അധികൃതർ ഇപ്പോൾ. മൃഗശാലയിലെ വൈൽഡ് ലൈഫ് കെയർ സ്പെഷ്യലിസ്റ്റുകൾ തെറ-പാവ് എന്ന സംഘടനയുമായി ചേർന്നാണ് ഓർത്തോപീഡിക് പാദരക്ഷ നിർമ്മിച്ചത്. ലൂക്കാസ് നിൽക്കുമ്പോഴും നടക്കുമ്പോഴും വ്രണങ്ങൾ ഉണ്ടാകുന്നത് തടയാൻ നിയോപ്രീൻ, റബ്ബർ എന്നിവകൊണ്ട് നിർമ്മിച്ച ഷൂസ് സഹായിക്കുമെന്നാണ് നിർമാതാക്കൾ അവകാശപ്പെടുന്നത്.
ഏതായാലും പുതിയ ചെരുപ്പ് ലൂക്കാസിന് ഇഷ്ടപ്പെട്ടതായി അധികൃതർ പറഞ്ഞു. കാലിൽ ഘടിപ്പിച്ച പാദരക്ഷയുമായി വളരെ വേഗത്തിൽ തന്നെ അവൻ ഇണങ്ങിയതായും ഇനി കാലിലെ അണുബാധ വേഗത്തിൽ കുറയുമെന്നാണ് തങ്ങളുടെ പ്രതീക്ഷയെന്നും അധികൃതർ വാർത്താ കുറിപ്പിൽ പറഞ്ഞു.
