ലണ്ടന്‍: മോഷ്ടിക്കപ്പെട്ട ജെയിംസ് ബോണ്ട്് തോക്കുകള്‍ തിരികെ തന്നാല്‍, അയ്യായിരം പൗണ്ട് (4. 7 ലക്ഷം രൂപ) സമ്മാനമായി നല്‍കാമെന്ന് ഉടമ. പത്തു വര്‍ഷം കൊണ്ട് താന്‍ സമ്പാദിച്ച തോക്കുകള്‍ കവര്‍ന്നെടുത്ത കള്ളന്‍മാരെ അഭിസംബോധന ചെയ്ത് നടത്തിയ ലൈവ് സ്ട്രീമിംഗിലാണ് ഉടമയുടെ ഈ പ്രഖ്യാപനം.  

 മാര്‍ക്ക് ഹസാര്‍ഡ് എന്ന തൂലിക നാമത്തില്‍ അറിയപ്പെടുന്ന ബോണ്ട് ഫാന്‍ ആണ് ഫേസ്ബുക്ക് ലൈവിലൂടെ കള്ളന്‍മാരോട് ഈ അഭ്യര്‍ത്ഥന നടത്തിയത്. ജയിംസ് ബോണ്ട് സിനിമകളില്‍ ഉപയോഗിക്കപ്പെട്ട തോക്കുകള്‍ ശേഖരിക്കുന്നയാളാണ് ഇയാള്‍. 100,000 പൗണ്ട് (95 ലക്ഷം രൂപ) വിലവരുന്ന എട്ടു തോക്കുകളാണ് കവര്‍ച്ചക്കാര്‍ കൊണ്ടുപോയത്. വടക്കന്‍ ലണ്ടനിലുള്ള എന്‍ഫീല്‍ഡിലെ  ഇയാളുടെ വീട്ടില്‍ ഭദ്രമായി സൂക്ഷിച്ച തോക്കുകളാണ് കവര്‍ച്ച ചെയ്യപ്പെട്ടത്. ഒരു ദേശീയ തല എക്‌സിബിഷനിലേക്ക് കൊണ്ടുപോവുന്നതിന് ദിവസങ്ങള്‍ക്കു മുമ്പാണ് തോക്കുകള്‍ കവര്‍ച്ച ചെയ്യപ്പെട്ടത്. 

നഷ്ടപ്പെട്ട തോക്കുകളുടെ ചിത്രങ്ങള്‍ സഹിതം ആദ്യം തന്നെ ബന്ധപ്പെടാനും പിന്നീട് നേര്‍ക്കുനേര്‍ സംസാരിച്ച് തോക്കു കൈമാറാമെന്നുമാണ് ഇയാള്‍ പറയുന്നത്. തോക്കുകള്‍ നഷ്ടപ്പെട്ട സംഭവത്തില്‍ പൊലീസ് നടക്കുന്നുണ്ട്. മാസങ്ങളായിട്ടും അന്വേഷണം എങ്ങുമെത്താത്തതിനെ തുടര്‍ന്നാണ് ഉടമ തന്നെ സമ്മാനത്തുകയുമായി രംഗത്തുവന്നത്. 

തോക്കുമായി കടന്നുകളഞ്ഞ മോഷ്ടാക്കളെ അയല്‍ക്കാര്‍ തടഞ്ഞുവെച്ച് പൊലീസില്‍ വിരമറിയിച്ചിരുന്നു. എന്നാല്‍, പൊലീസ് എത്തുംമുമ്പ്, കള്ളന്‍മാര്‍ രക്ഷപ്പെട്ടു. പിന്നീട്, സമീപത്തെ റെയില്‍വേ ലൈനിനടുത്തു വെച്ച് അതിലൊരു തോക്ക് തിരികെ കിട്ടിയിരുന്നു.