14 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാരായിരുന്നു അവരെല്ലാവരും. മിക്കവാറും റെസ്റ്റോറന്റിലെ എല്ലാ ജോലികളും അവർ തന്നെ ഏറ്റെടുത്തു.

നമ്മൾ ഏറ്റവും ഒറ്റപ്പെട്ടു പോകുന്ന സമയത്ത്, നമുക്ക് ഏറ്റവും ദുരിതപൂർണമായ കാലത്ത് ഒപ്പം നിൽക്കാൻ മിക്കവാറുമുണ്ടാവുക തീരെ പ്രതീക്ഷിക്കാത്ത ചില ആളുകളായിരിക്കും. അങ്ങനെയുള്ള മനോഹരമായ വാർത്തയാണ് യുഎസ്സിൽ നിന്നും ഇപ്പോൾ വൈറലാവുന്നത്. കഴിഞ്ഞ സെപ്റ്റംബറിലാണ് വിസ്കോൺസിനിലെ അർബൻ ഒലിവ് ആൻഡ് വൈൻ റെസ്റ്റോറന്റ് ഉടമയായ ചാഡ് ട്രെയിനറുടെ ഭാര്യ കരോൾ അപസ്മാരത്തെ തുടർന്ന് കോമയിലാവുന്നത്. എട്ട് മാസങ്ങളോളം ഭൂരിഭാ​ഗം നേരങ്ങളിലും അവർക്ക് ആശുപത്രിയിൽ തന്നെ കഴിയേണ്ടി വന്നു.

എന്നാൽ, ആ സമയത്താണ് അവരുടെ റസ്റ്റോറന്റിൽ ജോലി ചെയ്യുന്ന കൗമാരക്കാരായ ജോലിക്കാർ അദ്ദേഹം പ്രതീക്ഷിക്കാത്ത ഒരു കാര്യം ചെയ്തത്. അദ്ദേഹം ഇല്ലെങ്കിലും ഈ റെസ്റ്റോറന്റ് ഞങ്ങൾ നടത്താമെന്ന് പറഞ്ഞുകൊണ്ട് അവർ മുന്നിട്ടിറങ്ങുകയായിരുന്നു. 'താൻ ഒരിക്കലും അവരോട് അത് ആവശ്യപ്പെട്ടിട്ടില്ല എന്നിട്ടും അവരത് ചെയ്തു' എന്നാണ് ചാഡ് പറയുന്നത്.

14 മുതൽ 18 വയസ്സ് വരെ പ്രായമുള്ള കൗമാരക്കാരായിരുന്നു അവരെല്ലാവരും. മിക്കവാറും റെസ്റ്റോറന്റിലെ എല്ലാ ജോലികളും അവർ തന്നെ ഏറ്റെടുത്തു. രാവിലെ 5:30 -ന് തന്നെ അവർ എത്തും. ഷെഡ്യൂളുകൾ കൈകാര്യം ചെയ്യുക, പരസ്പരം പരിശീലനം നൽകുക, ഓഫീസ് ജോലികൾ ചെയ്യുക, റസ്റ്റോറന്റിലേക്കുള്ള സാധനങ്ങൾ വാങ്ങുക എന്നിവയെല്ലാം അവർ ചെയ്തു.

YouTube video player

ഹോം സ്കൂളിം​ഗായിരുന്ന അക്കേഷ്യ കുങ്കിൾ, ജോ സ്റ്റീഫൻസൺ എന്നിവരാണ് പകൽ ഷിഫ്റ്റുകളിൽ റെസ്റ്റോറന്റിൽ ജോലി ചെയ്തത്. പബ്ലിക് സ്കൂളിൽ പോകുന്ന കുട്ടികൾ വൈകുന്നേരങ്ങളിൽ റെസ്റ്റോറന്റിലെത്തി. ആശുപത്രിയിൽ ഭാര്യയുടെ അടുത്തേക്ക് പോകുന്നതിന് മുമ്പ് ചാഡ് എല്ലാ ദിവസവും അതിരാവിലെ ഷെഡ്യൂളുകൾ പരിശോധിക്കാൻ കയറും.

എന്നാൽ, മെയ് 5 -ന് കരോൾ മരിച്ചു, കുട്ടികൾക്ക് അവരുടെ ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ വേണ്ടി ചാഡ് അന്ന് റെസ്റ്റോറന്റ് അടച്ചു. പിന്നീട്, അവരെല്ലാം ജോലിയിലേക്ക് തന്നെ മടങ്ങി. 'സ്കൂളിലും ജീവിതത്തിലും തങ്ങളെ പിന്തുണച്ച സ്ത്രീക്കുള്ള ആദരവാണ് ഇത്' എന്നാണ് ഈ കുട്ടികൾ പറയുന്നത്. അതേസമയം, 'ഈ കുട്ടികൾ മുതിർന്നവരെപ്പോലെ ഞങ്ങളുടെ ബിസിനസ്സ് നോക്കിനടത്തി, എന്നെയും' എന്നാണ് ചാഡ് പറയുന്നത്.