ഡ്രൈവറുടെ കയ്യിൽ ആപ്പിൾ വാച്ചും എയർപോഡുകളും കണ്ടതിന് പിന്നാലെയാണ് താൻ ഓട്ടോ ഡ്രൈവറുമായി ഒരു സംഭാഷണം ആരംഭിച്ചതെന്നും കമന്റിൽ ആകാശ് സൂചിപ്പിച്ചു.

ബെം​ഗളൂരുവിൽ നിന്നുള്ള എഞ്ചിനീയറായ ആകാശ് ആനന്ദാനി എന്ന യുവാവ് ഷെയർ ചെയ്ത ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുന്നത്. ബെംഗളൂരുവിലെ ഒരു പതിവ് ഓട്ടോറിക്ഷാ യാത്രയായിരുന്നു അന്നത്തേതും. എന്നാൽ, ആ യാത്രയിൽ ആകാശിനുണ്ടായത് അവിശ്വസനീയമായ ഒരു അനുഭവമാണ്. ഓട്ടോ ഡ്രൈവർ നടത്തിയ ചില വെളിപ്പെടുത്തലുകളാണ് ആകാശിനെ ഞെട്ടിച്ചത്. 4-5 കോടി രൂപ വിലമതിക്കുന്ന രണ്ട് വീടുകൾ തനിക്കുണ്ട്, രണ്ടിൽ നിന്നും പ്രതിമാസം 2-3 ലക്ഷം രൂപ വാടകയിനത്തിൽ വരുമാനം കിട്ടും, കൂടാതെ ഒരു AI സ്റ്റാർട്ടപ്പിൽ ഓഹരികൾ ഇവയെല്ലാം തനിക്കുണ്ട് എന്നാണ് ഓട്ടോ ഡ്രൈവർ ആകാശിനോട് പറഞ്ഞത്.

ഡ്രൈവറുടെ കയ്യിൽ ആപ്പിൾ വാച്ചും എയർപോഡുകളും കണ്ടതിന് പിന്നാലെയാണ് താൻ ഓട്ടോ ഡ്രൈവറുമായി ഒരു സംഭാഷണം ആരംഭിച്ചതെന്നും കമന്റിൽ ആകാശ് സൂചിപ്പിച്ചു. വാരാന്ത്യങ്ങളിലാണത്രെ ഇയാൾ വാഹനമോടിക്കുന്നത്. 'ബാംഗ്ലൂർ ശരിക്കും ക്രേസി തന്നെ. ഒരു ഓട്ടോ വാല ഭയ്യ അയാൾക്ക് 4-5 കോടി വിലയുള്ള രണ്ട് വീടുകളുണ്ടെന്നും രണ്ടും വാടകയ്ക്ക് കൊടുത്താൽ പ്രതിമാസം 2-3 ലക്ഷം രൂപ വരെ വരുമാനം ലഭിക്കുമെന്നും, കൂടാതെ ഒരു AI സ്റ്റാർട്ടപ്പിന്റെ സ്ഥാപകനും നിക്ഷേപകനുമാണെന്നും പറഞ്ഞു' എന്നാണ് ആകാശ് X -ലെ (ട്വിറ്റർ) തൻ‌റെ പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

Scroll to load tweet…

നിരവധിപ്പേരാണ് ആകാശിന്റെ പോസ്റ്റിന് കമന്റുകളുമായി എത്തിയത്. ചിലരെല്ലാം ഇതൊക്കെ കേട്ട് അന്തംവിട്ടപ്പോൾ മറ്റ് ചിലർ പറഞ്ഞത് ഇത് വെറുതെ ഉണ്ടാക്കിപ്പറഞ്ഞിരിക്കുന്ന കഥയാണ് എന്നാണ്. നിക്ഷേപകനാണ് എന്നത് സത്യമായിരിക്കാം. സ്ഥാപകനാണ് എന്ന കഥ കെട്ടിച്ചമച്ചതായിരിക്കാം എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

അതേസമയം, ബെം​ഗളൂരുവിൽ നിന്നും ഇത്തരത്തിലുള്ള അനേകം പോസ്റ്റുകൾ നേരത്തെയും വൈറലായിട്ടുണ്ട്. ഏകാന്തത മാറാൻ ടെക്കികൾ ടാക്സിയോടിക്കുന്ന തരത്തിലുള്ള പോസ്റ്റുകളും നേരത്തെ വൈറലായിരുന്നു.