രാജ്ഞിയോടുള്ള ആദരസൂചകമായി അവശേഷിക്കുന്ന നൂറുകണക്കിന് കരടികളെ കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബർണഡോസിലേക്ക് ആണ് കൈമാറുന്നത്.
എലിസബത്ത് രാജ്ഞിയുടെ മരണവാർത്ത ഏറെ ദുഃഖത്തോടെയാണ് ലോകമെമ്പാടുമുള്ള ജനങ്ങൾ സ്വീകരിച്ചത്. രാജ്ഞിയെ അവസാനമായി ഒരു നോക്കു കാണാൻ ബ്രിട്ടന്റെ തെരുവ് വീഥികളിൽ ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. രാജ്ഞിയെ നേരിൽകണ്ട് അന്തിമോപചാരം അർപ്പിക്കാൻ കഴിയാതെ വന്നവർ ബക്കിംങ്ഹാം പാലസിനു പുറത്തും രാജ്യത്തെ പ്രധാനപ്പെട്ട പാർക്കുകളിലും ഒത്തുചേർന്ന് രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു. പൂക്കളും പാവക്കുട്ടികളും മെഴുകുതിരികളും രാജ്ഞിയുടെ ഛായാചിത്രങ്ങളും ഉൾപ്പടെ വിവിധ സ്നേഹോപഹാരങ്ങളാണ് അന്ന് ഈ സ്ഥലങ്ങളിലൊക്കെയും രാജ്ഞിക്കായി അവർ സമർപ്പിച്ചത്. ഇപ്പോഴിതാ അത്തരത്തിൽ ശേഖരിക്കപ്പെട്ട പാവക്കുട്ടികൾ മുഴുവൻ കുട്ടികളുടെ ചാരിറ്റിയിലേക്ക് സംഭാവന ചെയ്തിരിക്കുകയാണ് പാലസ് അധികാരികൾ.
എലിസബത്ത് രാജ്ഞിക്ക് ആദരാഞ്ജലികൾ അർപ്പിക്കാൻ സമർപ്പിച്ച 1,000 -ത്തിലധികം പാഡിംഗ്ടൺ കരടികളെയും മറ്റ് ടെഡികളെയും കുട്ടികളുടെ ചാരിറ്റിക്ക് സംഭാവന ചെയ്യുമെന്നാണ് ബക്കിംഗ്ഹാം കൊട്ടാരം ശനിയാഴ്ച അറിയിച്ചത്. യുകെയിൽ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞി സെപ്റ്റംബർ 8 -ന് 96 -ാം വയസ്സിൽ ആണ് അന്തരിച്ചത്. ഇതേ തുടർന്ന് ദുഃഖത്തിൽ അമർന്ന ബ്രിട്ടൻ ജനതയ്ക്ക് ബക്കിംഗ്ഹാം കൊട്ടാരത്തിന് പുറത്തും ലണ്ടനിലെയും വിൻഡ്‌സർ കാസിലിനു പുറത്തുമുള്ള റോയൽ പാർക്കുകളിലും പുഷ്പങ്ങളും ടെഡി ബിയറുകളും ഉൾപ്പെടെയുള്ള സ്നേഹ സമ്മാനങ്ങൾ സമർപ്പിക്കാൻ സൗകര്യം ഒരുക്കിയിരുന്നു. ഈ സ്ഥലങ്ങളെല്ലാം അന്ന് രാജ്ഞിക്കായുള്ള സ്നേഹോപഹാരങ്ങൾ കൊണ്ട് നിറഞ്ഞിരുന്നു.
രാജ്ഞിയോടുള്ള ആദരസൂചകമായി അവശേഷിക്കുന്ന നൂറുകണക്കിന് കരടികളെ കുട്ടികളുടെ ജീവകാരുണ്യ സംഘടനയായ ബർണഡോസിലേക്ക് ആണ് കൈമാറുന്നത്. കൈമാറുന്നതിന് മുൻപായി പാവക്കുട്ടികളെയെല്ലാം പ്രൊഫഷണലായി വൃത്തിയാക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരവും റോയൽ പാർക്കുകളും അറിയിച്ചു.
30 വർഷത്തിലേറെയായി ചാരിറ്റിയുടെ രക്ഷാധികാരിയായിരുന്നു എലിസബത്ത് രാജ്ഞി, പിന്നീട് 2016 -ൽ ചാൾസ് മൂന്നാമൻ രാജാവിന്റെ ഭാര്യയും ഇപ്പോൾ രാജ്ഞി കൺസോർട്ട് എന്നറിയപ്പെടുന്നതുമായ കാമിലയും ചാരിറ്റിയുടെ രക്ഷാധികാരിയായി.
