Asianet News MalayalamAsianet News Malayalam

പത്മനാഭസ്വാമിക്ഷേത്രം; അല്‍പ്പാല്‍പ്പമായി അപ്രത്യക്ഷമാകുന്ന സ്വര്‍ണവും, ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഭൂസ്വത്തും...

അതുപോലെ തന്നെ 1988 സ്വര്‍ണക്കുടങ്ങള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു എന്നാണ് രേഖകള്‍ പറയുന്നത്. സ്വര്‍ണാഭരണങ്ങളുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇതില്‍ 822 എണ്ണം ഉരുക്കിയെന്ന് പറയുന്നു. അപ്പോഴും 1166 കുടങ്ങള്‍ ബാക്കിയുണ്ടാവണം. 

padmanabhaswamy temple treasure more details
Author
Thiruvananthapuram, First Published Sep 27, 2019, 6:48 PM IST

അനന്തമായി നീളുന്ന സമസ്യയായി മാറുകയായിരുന്നു പത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കളെക്കുറിച്ചുള്ള വസ്തുതകൾ. ക്ഷേത്രത്തിനുള്ളിൽ എന്തുണ്ട്, എന്തില്ല എന്നതിനെ സംബന്ധിച്ച കൃത്യമായ കണക്കുകൾ പൊതുമണ്ഡലത്തിൽ ലഭ്യമല്ലായിരുന്നു. ആകെയുണ്ടായിരുന്നത്‌ പൊടിപ്പും തൊങ്ങലും കലർത്തിയ ചില അഭ്യൂഹങ്ങൾ മാത്രം.

ഇക്കാര്യത്തിലെ അവ്യക്തതയ്ക്ക് പരിഹാരമുണ്ടാക്കാൻ വേണ്ടി അമിക്കസ്ക്യൂറിയായി ഗോപാല്‍ സുബ്രഹ്മണ്യത്തെ നിയമിച്ചിരുന്നു. അന്ന് കണ്ടെത്തിയ പ്രസക്തമായ ചില കാര്യങ്ങള്‍ സുപ്രീം കോടതി നിയോഗിച്ച സ്‌പെഷ്യൽ ഓഡിറ്റര്‍ വിനോദ് റായി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു. ഇതേപ്പറ്റി ഏറെ രസകരമായ വിവരങ്ങളാണ്  വിനോദ് റായി തന്റെ  'Rethinking Good Governance: Holding to Account India’s Public Institutions' എന്ന പുസ്‍കത്തിലൂടെ പുറത്തുവിട്ടിരിക്കുന്നത്.

ക്ഷേത്രഭരണത്തിലെ പാകപ്പിഴകള്‍

2014 -ലാണ് പത്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട് സർക്കാർ ഒരു പ്രത്യേക ഓഡിറ്റിങ് നടത്തുന്നത്. പ്രസ്തുത ഓഡിറ്റ് ടീമില്‍ ഒരു റിട്ട. ഐഎഎസ് ഓഫീസര്‍, റിട്ട. ഡെപ്യൂട്ടി അക്കൗണ്ടന്‍റ് ജനറല്‍, കേരള അക്കൗണ്ടന്‍റ് ജനറല്‍ ഓഫീസില്‍ നിന്നുള്ള അഞ്ച് വിരമിച്ച സീനിയർ ഓഡിറ്റ് ഓഫീസര്‍മാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്. കൃത്യമായ ഒരു ഭരണക്രമം ക്ഷേത്രത്തിൽ നിലവിലുണ്ടായിരുന്നില്ല എന്നത്  ഈ ഓഡിറ്റിങ്ങ് പ്രക്രിയയെ ഏറെ ശ്രമകരമാക്കി. കൃത്യമായ കണക്കുകളോ, അക്കൗണ്ടിങ്ങോ ഒന്നുംതന്നെ ക്ഷേത്ര ഭരണസമിതിക്ക് ഇല്ലായിരുന്നു എന്ന് ഓഡിറ്റിൽ കണ്ടെത്തി.

ക്ഷേത്രഭരണ കമ്മിറ്റിയിൽ പലകാലങ്ങളിലും പലരും മാറിമാറിവന്നു. ഇവരിലാര്‍ക്കും തന്നെ മാനേജ്മെന്‍റിലോ, അക്കൗണ്ടിങ്ങിലോ, ക്യാഷ് മാനേജ്മെന്‍റിലോ, ധനപരമായ ക്രയവിക്രയങ്ങളിലോ, ക്ഷേത്രത്തിന്റെ സുരക്ഷാകാര്യങ്ങളിലോ ഒന്നും തന്നെ പറയത്തക്ക ഒരു യോഗ്യതയും ഇല്ലായിരുന്നു. 2008-2009 വര്‍ഷത്തെ മുഴുവന്‍ രേഖകള്‍ കിട്ടിയിരുന്നില്ല  എന്നതും കൃത്യമായ ഓഡിറ്റ് പൂര്‍ത്തിയാക്കുന്നതിന് തടസ്സമായി. ക്ഷേത്രം മാനേജ്‌മെന്റിലുള്ള കമ്മിറ്റിയുടെ ജാഗ്രതക്കുറവ് ഓഡിറ്റിംഗ് കമ്മിറ്റിയുടെ ശ്രദ്ധയിൽ പെട്ട്. ക്ഷേത്രഭരണത്തിന് സുതാര്യവും ഉത്തരവാദിത്തബോധമുള്ളതുമായ ഒരു സംവിധാനം ആവശ്യമാണ് എന്ന് കമ്മിറ്റി നിരീക്ഷിച്ചു. ഈ നിരീക്ഷണങ്ങൾ തന്നെയാണ് തുടർന്ന് വിവാദങ്ങള്‍ക്ക് കാരണമായതും.

ബി നിലവറ തുറന്നതുമായി ബന്ധപ്പെട്ട്

ക്ഷേത്രത്തിലെ ആറ് നിലവറകളിൽ ഏറ്റവും സങ്കീര്‍ണമായത് ബി നിലവറയാണ്.  അതിനെ ചുറ്റിപ്പറ്റി വളരെയധികം ദുരൂഹതകള്‍ നിലനിൽക്കുന്ന സാഹചര്യമുണ്ട്. മുൻകാലങ്ങളിൽ മറ്റ് അഞ്ച് നിലവറകളും തുറന്നപ്പോഴൊക്കെയും,  ഈ നിലവറ മാത്രം തുറക്കാതെ കിടന്നു എന്നാണ് എന്നും ക്ഷേത്രം അവകാശപ്പെട്ടിട്ടുള്ളത്.  ഇത് തുറക്കുന്നത് വലിയ തോതിലുള്ള ദുരിതത്തിനു കാരണമാകുമെന്നും, തുറക്കുന്ന വ്യക്തിയുടെ ജീവിതത്തിൽ ദുരിതങ്ങളുണ്ടാകുമെന്നും എല്ലാമുള്ള അന്ധവിശ്വാസങ്ങളും നിലവിലുണ്ട്. എന്നാൽ, മഹസർ രജിസ്റ്ററിൽ നടത്തിയ പരിശോധനയിൽ, ഈ അഭ്യൂഹങ്ങൾ നിലനിൽക്കെത്തന്നെ, പൊതുവായ വിശ്വാസത്തിന് വിരുദ്ധമായി, 1990 ജൂലൈ മുതൽ 2002 ഡിസംബർ വരെ, ഇതേ 'ബി' നിലവറ കുറഞ്ഞത് ഏഴു തവണയെങ്കിലും തുറന്നിട്ടുണ്ടെന്ന് കണ്ടെത്തി. അധികാരസ്ഥാനങ്ങളിൽ നിന്ന് രേഖാമൂലമുള്ള അനുവാദമില്ലാതെയാണ് ഇത് ചെയ്തിട്ടുള്ളതെന്ന് തെളിഞ്ഞിട്ടുണ്ട്.

'ബി' നിലവറ തുറന്നതായി കാണിക്കുന്ന രേഖകളെക്കുറിച്ചുള്ള പരാമര്‍ശം ഓഡിറ്റില്‍ തന്നെ രേഖപ്പെടുത്തിയിട്ടുണ്ട്. ഓഡിറ്റ് റിപ്പോർട്ട് സുപ്രീം കോടതിയിൽ സമർപ്പിച്ച ശേഷമാണ് നിരീക്ഷണം ജനങ്ങളുടെ മുന്നില്‍വെച്ചത്. റാണി ലക്ഷ്മി ബായിയെ ഉദ്ധരിച്ച് അന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തതനുസരിച്ച് 2011 -ൽ സുപ്രീം കോടതി നിയോഗിച്ച നിരീക്ഷകർ തുറന്ന കല്ലറ 'ബി' നിലവറയുടെ വാതിലിനെയാണ് സൂചിപ്പിക്കുന്നതെന്നാണ്.

ഈ നിലവറ ഏറ്റവും വലുതാണെന്നും അതിൽ സർപ്പങ്ങൾ കാവൽ നിൽക്കുന്നതിനാൽ മറ്റുള്ളവയിൽ അടങ്ങിയിരിക്കുന്നതിനേക്കാൾ  മൂല്യമുള്ള നിധികൾ അതിൽ അടങ്ങിയിട്ടുണ്ടാകാം എന്നൊക്കെയുള്ള കഥകളും പ്രചാരത്തിലുണ്ട്. ഈ നിലവറ തുറക്കുന്നതുമായി ബന്ധപ്പെട്ട് അവകാശവാദങ്ങളും നിർദേശങ്ങളും ഉണ്ടെന്നതാണ് മറ്റൊരു വസ്തുത. ഇത് തുറക്കാൻ കോടതിയിൽ നിന്ന് അനുമതി തേടിയിട്ടുണ്ടെങ്കിലും ഇന്നുവരെ അനുമതി കിട്ടിയിട്ടില്ല.

സ്വര്‍ണ്ണത്തിന്‍റെ ശുദ്ധീകരണം

അലങ്കാരപ്പണികൾക്കുവേണ്ടി ഉരുക്കുന്നതിനും ശുദ്ധീകരിക്കുന്നതിനുമായി ജ്വല്ലറികള്‍ക്ക് കൈമാറും മുമ്പ് സ്വർണ്ണം, വെള്ളി വസ്തുക്കളുടെ ഭാരം, പരിശുദ്ധി എന്നിവ  ക്ഷേത്രത്തിൽ കൃത്യമായി രേഖപ്പെടുത്തുന്ന സാഹചര്യം നിലവിലില്ല. ഉദാഹരണത്തിന്, ഒരിടപാടിൽ സ്വർണ്ണപ്പണിക്കരാറുകാർ രേഖപ്പെടുത്തിയത്, ഉരുക്കുന്നതിനായി നിലവറകളിൽ നിന്ന് പുറത്തെടുത്ത സ്വർണ്ണത്തിന്റെ ഭാരം 887 കിലോഗ്രാം എന്നായിരുന്നു. തിരികെ ശുദ്ധീകരിച്ച് കിട്ടിയ സ്വര്‍ണം 624 കിലോഗ്രാം മാത്രമാണ്. ഈ ഇടപാടില്‍ ഇല്ലാതായിരിക്കുന്നത് 263 കിലോഗ്രാമാണ്. അതായത് ഏകദേശം 30 ശതമാനത്തോളം. അതായത് ശുദ്ധീകരിക്കാന്‍ നല്‍കുന്നതില്‍ നിന്നും നഷ്ടപ്പെടുന്ന സ്വര്‍ണ്ണത്തില്‍ യാതൊരു കയ്യുംകണക്കുമില്ല എന്നുതന്നെ. ഇതും വിവാദങ്ങള്‍ക്ക് കാരണമായിട്ടുണ്ട്.

അഷ്ടദിക് പാലകരുടെ അലങ്കാരങ്ങള്‍, ഒറ്റക്കല്‍ മണ്ഡപത്തിന്‍റെ മിനുക്കുപണി എന്നിവയുമായി ബന്ധപ്പെട്ട് 2010 ജൂണിനും ഡിസംബറിനുമിടയില്‍ 14.629 കിലോഗ്രാം 24 കാരറ്റ് സ്വർണ്ണക്കട്ടിയും 1.938 കിലോഗ്രാം ശുദ്ധമായ സ്വർണ്ണവും കരാറുകാരന് നല്‍കിയിരുന്നു. എന്നാല്‍, അതൊന്നും കരാറുകാരനില്‍ നിന്ന് ഇതുവരെ തിരിച്ചുകിട്ടിയിട്ടില്ല.

വിലയേറിയ അലങ്കാര ലോഹപ്പാത്രങ്ങൾ

അതുപോലെ തന്നെ 1988 സ്വര്‍ണക്കുടങ്ങള്‍ ക്ഷേത്രത്തിലുണ്ടായിരുന്നു എന്നാണ് രേഖകള്‍ പറയുന്നത്. സ്വര്‍ണാഭരണങ്ങളുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഇതില്‍ 822 എണ്ണം ഉരുക്കിയെന്ന് പറയുന്നു. അപ്പോഴും 1166 കുടങ്ങള്‍ ബാക്കിയുണ്ടാവണം. എന്നാല്‍, ഇപ്പോഴത്തെ കണക്കുപ്രകാരം വെറും 397 സ്വര്‍ണക്കുടങ്ങള്‍ മാത്രമാണ് ഇനി ശേഷിക്കുന്നത്. 769 സ്വര്‍ണ്ണക്കുടങ്ങള്‍ എവിടെപ്പോയി എന്നത് വിശദീകരിക്കപ്പെട്ടിട്ടില്ല. ഏകദേശം 186 കോടി രൂപ വിലവരുന്ന 776 കിലോ തൂക്കമുള്ള 769 സ്വര്‍ണക്കുടങ്ങളാണ് കാണാതായിരിക്കുന്നത്. ട്രഷററുടെ മുറിയിൽ, കണക്കില്‍ പെടാത്ത 32.86 കിലോഗ്രാം സ്വർണ്ണത്തിലുള്ള ഉരുപ്പടികളും 570.34 കിലോഗ്രാം വെള്ളിയും ഉള്ളതായി പറയുന്നു. കണക്കില്‍ പെടാതെ, ഇന്‍ഷുറന്‍സ് ചെയ്യാതെ, കൃത്യമായ രേഖകളോ മറ്റോ ഇല്ലാതെ വര്‍ഷങ്ങളോളം വെള്ളിയും സ്വര്‍ണ്ണവും സൂക്ഷിക്കുക എന്നത് സ്വര്‍ണം കളവ് ചെയ്യപ്പെടാനോ കൈക്കലാക്കാനോ ഒക്കെയുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. സുതാര്യമായ ഒരു ഭരണരീതി നിലനില്‍ക്കുന്നില്ല എന്നതിന്‍റെ ഉത്തമോദാഹരണമാണിത്.

എന്തൊക്കെയാണുള്ളത്, എത്രയാണ് ഉള്ളത്, എത്ര തവണ നിലവറ തുറക്കുന്നുണ്ട് എന്നതൊക്കെ കൃത്യമായി രേഖപ്പെടുത്തുന്നതിനുള്ള സംവിധാനം ഒരുക്കണം. ഇതിനായി ട്രസ്റ്റി ഇവയെല്ലാം ഉള്‍പ്പെടുന്ന ആല്‍ബം തയ്യാറാക്കണം. 2007 ആഗസ്റ്റിൽ സി,ഡി നിലവറകള്‍ തുറക്കുകയും 1022 വസ്തുക്കള്‍ (397 കുടങ്ങളടക്കം) ഇതുപോലെ ഫോട്ടോയെടുത്ത് വെക്കപ്പെടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ആ ആല്‍ബം എവിടെയാണെന്ന് മാത്രം ഒരു പിടിയുമില്ല. ക്ഷേത്രം അധികാരികള്‍ക്ക് ഈ ചിത്രങ്ങളെക്കുറിച്ചോ പ്രസ്തുത ആല്‍ബത്തിന്‍റെ നെഗറ്റീവിനെ കുറിച്ചോ ഒരറിവുമില്ല. ആരാണ് ആ ഫോട്ടോയെടുത്തതെന്നോ അതിനു ചെലവായ തുക ആരാണ് നല്‍കിയതെന്നോ പോലും അവര്‍ക്കറിയില്ല. എന്നാല്‍, അതേ സമയത്ത് അതിലെ പല ചിത്രങ്ങളും ഇന്‍റര്‍നെറ്റിലടക്കം ലഭ്യമാണ്.

ക്ഷേത്രത്തിന്‍റെ കൈവശമുള്ള സ്വത്തുക്കളുമായി ബന്ധപ്പെട്ട് കൃത്യമായ റെക്കോര്‍ഡുകളില്ല. അതുപോലെ തന്നെ പാട്ടത്തിന് കൊടുത്തിരിക്കുന്ന സ്വത്തുക്കളെ കുറിച്ചും. രേഖകള്‍ ലഭ്യമാണെങ്കില്‍ത്തന്നെയും അതില്‍ പലതും കൃത്യമല്ല. ക്ഷേത്രത്തിന്റെ സ്വത്തുക്കളില്‍ കൈകടത്തുന്നവർ ആരൊക്കെയാണ് എന്നുപോലും അധികാരികൾക്ക് കൃത്യമായ വിവരങ്ങളില്ല. ക്ഷേത്രത്തിന്റേതായി രേഖകളിലുള്ളത് 5.72 ഏക്കര്‍ സ്ഥലമാണ്. ഇപ്പോൾ അത്രയും സ്ഥലം ക്ഷേത്രത്തിന്റെ നിയന്ത്രണത്തിൽ ഇല്ലെന്നതാണ് വസ്തുത.

അതുപോലെ തന്നെ പാട്ടത്തിനെടുത്തതോ വാടകയുടേതോ ആയ സ്ഥലങ്ങളുടെയോ മറ്റോ ഒരു ഉടമ്പടി രേഖകളും ലഭ്യമല്ല. ക്ഷേത്രത്തിന് അത്തരത്തിലുള്ള  ഉടമ്പടികളിൽ ഏർപ്പെടാൻ അധികാരമില്ല എന്നതാണ് മറ്റൊരു വസ്തുത. ആയിനത്തിൽ കൃത്യമായ രേഖകളൊന്നുമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അതുപോലെ തന്നെ 31,998.68 രൂപ കേരള/തമിഴ്‌നാട് സര്‍ക്കാറുകളിൽ നിന്ന് കിട്ടിപ്പോന്നിരുന്നു. 1970-71 -ല്‍ തുടങ്ങിയതാണ് ഈ അലവന്‍സ് തുക. 2008 ൽ തമിഴ്‌നാട് സർക്കാർ ഈ അലവൻസ് പതിന്മടങ്ങ് വർദ്ധിപ്പിച്ചിരുന്നു. എന്നാൽ, കേരള സർക്കാറിന്റെ ഭാഗത്തുനിന്ന്  ഇത് വർദ്ധിപ്പിച്ചു കിട്ടാൻ ക്ഷേത്ര ഭരണസമിതി ഇന്നുവരെ  ഒരു ശ്രമവും നടത്തിയിട്ടില്ല.

ക്ഷേത്രത്തെയും ക്ഷേത്ര ഭരണസമിതിയെയും കാലാന്തരങ്ങളായി ഗ്രസിച്ചിരിക്കുന്ന ഗുരുതരമായ പ്രശനങ്ങളാണ് മേല്പറഞ്ഞവയൊക്കെ. ഇപ്പോൾ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ടിലെ വിവരങ്ങൾ, നിലവിലുള്ള ക്ഷേത്രമാനേജ്മെന്‍റ് അതിന്റെ ശരിയായ മേൽനോട്ടപ്രവര്‍ത്തനങ്ങള്‍ക്ക് അപര്യാപ്തമാണെന്നുള്ള നിഗമനത്തിലേക്കാണ് നമ്മെ നയിക്കുന്നത്.  നിലവിലെ സമിതിയുടെ കെടുകാര്യസ്ഥത കാരണം ക്ഷേത്രത്തിന്റെ ദൈനംദിന വരുമാനത്തിൽ കാര്യമായ ഇടിവുണ്ടാവുന്നുണ്ടെന്നും,  നിലവറകളിൽ സൂക്ഷിച്ചിരിക്കുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ നഷ്ടപ്പെടുന്നുണ്ടെന്നുമാണ് റിപ്പോർട്ടിൽ സൂചിപ്പിച്ചിട്ടുള്ളത്. ഏതിനും, അടിയന്തരമായ ശ്രദ്ധ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ഭാഗത്തുനിന്ന് ഈ വിഷയത്തിൽ ഉണ്ടാവേണ്ടതുണ്ട് എന്നും..! 

Follow Us:
Download App:
  • android
  • ios