കേവലം ഒരു പരിഭാഷയല്ല, മുഴുവന്‍ ചെടികളെയും (679 ല്‍ ഒന്നൊഴികെ) കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കണ്ടെത്തി, തിരിച്ചറിഞ്ഞ് സസ്യ മാതൃകകള്‍ ഉണക്കി ഹെര്‍ബേറിയത്തില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട് മണിലാലും കൂട്ടരും. നീണ്ട ഇരുപത്തേഴു വര്‍ഷങ്ങളെടുത്താണ് ചെടികള്‍ ശേഖരിച്ചത്. മലയാളവും ലാറ്റിനും ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു. 

 

 


കടലില്‍ വെള്ളമില്ല എന്നു പറയുന്നത് പോലെയാണ് സൈലന്റ് വാലിയില്‍ കാടില്ല എന്നു പറഞ്ഞാല്‍. എന്നാല്‍ ജലവൈദ്യുത പദ്ധതി ആരംഭിക്കാന്‍ അനുമതി ലഭിക്കുന്ന 1973 കാലഘട്ടത്തില്‍ സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് അതായിരുന്നു, സൈലന്റ് വാലിയില്‍ വനമില്ല എന്നത്. തുടര്‍ന്നാണ് അവിടത്തെ പുഷ്പിത സസ്യങ്ങളെക്കുറിച്ച് പഠനം നടത്താന്‍ കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പ് , കാലിക്കറ്റ് സര്‍വകലാശാലയിലെ അധ്യാപകനായിരുന്ന കെ എസ് മണിലാലിന് അനുമതി നല്‍കിയത്. നാലു വര്‍ഷത്തോളം നിബിഡ വനത്തില്‍, വിഷസര്‍പ്പങ്ങളെയും വന്യമൃഗങ്ങളെയും കനത്ത മഴയെയും കൂസാതെ മണിലാലും സംഘവും നടത്തിയ പഠനത്തില്‍ സസ്യവൈവിധ്യത്തെ കുറിച്ചുള്ള സുപ്രധാന കണ്ടെത്തലുകളുണ്ടായി. സൈലന്റ് വാലി പദ്ധതിക്ക് അനുമതി നിഷേധിക്കാന്‍ കാരണമായ പഠനങ്ങളില്‍ നിര്‍ണായകമായിരുന്നു. നിശ്ശബ്ദ  താഴ്വരയെ ദേശീയ ഉദ്യാനമായി  പ്രഖ്യാപിക്കാന്‍ കാരണമായ, അവിടെയുള്ള 8.30 ചതുരശ്ര കിലോമീറ്റര്‍ നിത്യഹരിത വനം വെള്ളത്തിനടിയിലാകാതെ സംരക്ഷിച്ച ശ്രമങ്ങളുടെ പേരില്‍ ഈ മനുഷ്യനോട് നമ്മള്‍ കടപ്പെട്ടിരിക്കുന്നു.

അറിയപ്പെടുന്ന സസ്യ ശാസ്ത്രജ്ഞന്‍, ദീര്‍ഘ ദര്‍ശിയായ അധ്യാപകന്‍, ഇന്ത്യയില്‍ സസ്യ വര്‍ഗീകരണ ശാസ്ത്രത്തിന് പുതിയ മാനം നല്‍കിയ വ്യക്തി, സസ്യ വര്‍ഗീകരണ ജേണലായ 'റീഡിയ'യുടെ ചീഫ് എഡിറ്റര്‍, 200 ലേറെ പ്രബന്ധങ്ങളുടെയും 15  ഓളം പുസ്തങ്ങളുടേയും രചയിതാവ്- ഇതൊന്നുമല്ല മണിലാലിനെ വേറിട്ട് നിര്‍ത്തുന്നത്. കേരളീയരുടെ പരമ്പരാഗത വൈദ്യ വിജ്ഞാനത്തിന്റെ അമൂല്യ ഖനിയായ 'ഹോര്‍ത്തൂസ് മലബറിക്കസ്' ഇംഗ്ലീഷിലേക്കും തുടര്‍ന്ന് മലയാളത്തിലേക്കും പരിഭാഷപ്പെടുത്തി സാധാരണക്കാര്‍ക്ക് പ്രാപ്യമായ രീതിയിലാക്കിയതിനാണ് നമ്മളും വരും തലമുറകളും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നത്.

 

 

ഹോര്‍ത്തൂസ് മലബാറിക്കസ് 

കേരളത്തിലെ സസ്യസമ്പത്തിനെ കുറിച്ച് 17 -ാം നൂറ്റാണ്ടില്‍ കൊച്ചിയിലെ ഡച്ച് ഗവര്‍ണറായിരുന്ന ഹെന്റിക് ആഡ്രിയാന്‍ വാന്‍ റീഡിന്റെ മേല്‍നോട്ടത്തിലാണ് ഹോര്‍ത്തൂസ് മലബറിക്കസ് (മലബാര്‍ പൂന്തോട്ടം) എഴുതപ്പെടുന്നത്. 12 വാള്യങ്ങളായി 1678 മുതല്‍ 1693 വരെ കാലഘട്ടത്തില്‍ ആസ്റ്റര്‍ഡാമില്‍ നിന്നും പ്രസിദ്ധീകരിക്കപ്പെട്ട ഈ പുസ്തകത്തില്‍ നമ്മുടെ നാട്ടിലെ 679 സസ്യങ്ങളെ കുറിച്ചുള്ള  സചിത്ര വിവരണങ്ങള്‍, ഔഷധോപയോഗങ്ങള്‍, ചികിത്സാവിധികള്‍ എന്നിവയാണ് വിവരിച്ചിട്ടുള്ളത്. മഹാവൈദ്യനായിരുന്ന ഇട്ടി അച്യുതന്റെയും മൂന്ന് കൊങ്കിണി പണ്ഡിതരുടേയും സാക്ഷ്യപത്രം ഒഴിച്ചു നിര്‍ത്തിയാല്‍, യൂറോപ്പിലെ അന്നത്തെ വരേണ്യ ഭാഷയായ ലാറ്റിനിലാണ് പുസ്തകം പ്രസിദ്ധീകൃതമായിരിക്കുന്നത്. മലയാളി വൈദ്യര്‍ പറഞ്ഞു കൊടുത്ത വിവരങ്ങള്‍ പോര്‍ച്ചുഗീസ് ഭാഷയില്‍ എഴുതിയെടുക്കുകയും പിന്നീട് ഡച്ചിലേക്ക് മൊഴിമാറ്റുകയുമാണ് ഉണ്ടായത്. തുടര്‍ന്ന് ഡച്ചില്‍ നിന്നും ലാറ്റിന്‍ ഭാഷയിലേക്ക് പരിഭാഷപ്പെടുത്തി. ലാറ്റിന്‍ ഭാഷയില്‍ 
പ്രസിദ്ധീകരിച്ച ഹോര്‍ത്തൂസ് മലബാറിക്കസിന്റെ  ഇംഗ്ലീഷ് പരിഭാഷയാണ് പ്രൊഫ. മണിലാല്‍ നിര്‍വഹിച്ചത്. ഇത് 2003 ല്‍ കേരള സര്‍വകലാശാല ഇത് പ്രസിദ്ധീകരിച്ചു. തുടര്‍ന്ന് ഇംഗ്ലീഷില്‍ നിന്നും പ്രൊഫ.മണിലാല്‍ മലയാളത്തിലേക്ക്  പരിഭാഷ ചെയ്ത പുസ്തകം 2008 -ല്‍ പ്രസിദ്ധീകരിക്കപ്പെട്ടു.

പ്രൊഫ.മണിലാലിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'ഈ മലയാള പതിപ്പിന്റെ പ്രസിദ്ധീകരണം കൊണ്ട് ഒരു വൃത്തം പൂര്‍ത്തിയാക്കപ്പെടുകയാണ്. മലയാളം - പോര്‍ച്ചുഗീസ്- ഡച്ച്- ലാറ്റിന്‍- ഇംഗ്ലീഷ്- മലയാളം എന്ന വൃത്തം പൂര്‍ണമാകുവാന്‍ 330 വര്‍ഷം വേണ്ടി വന്നിരിക്കുന്നു.'

കേവലം ഒരു പരിഭാഷയല്ല, മുഴുവന്‍ ചെടികളെയും (679 ല്‍ ഒന്നൊഴികെ) കേരളത്തിന്റെ നാനാഭാഗങ്ങളില്‍ നിന്നും കണ്ടെത്തി, തിരിച്ചറിഞ്ഞ് സസ്യ മാതൃകകള്‍ ഉണക്കി ഹെര്‍ബേറിയത്തില്‍ സൂക്ഷിക്കുകയും ചെയ്തിട്ടുണ്ട് മണിലാലും കൂട്ടരും. നീണ്ട ഇരുപത്തേഴു വര്‍ഷങ്ങളെടുത്താണ് ചെടികള്‍ ശേഖരിച്ചത്. മലയാളവും ലാറ്റിനും ഒരുപാട് മാറ്റങ്ങള്‍ക്ക് വിധേയമായിരുന്നു, മൂന്ന് നൂറ്റാണ്ടുകള്‍ക്കുള്ളില്‍, പല സന്ദര്‍ഭങ്ങളിലും പരിഭാഷ വെല്ലുവിളി ഉയര്‍ത്തിയിരുന്നു. ആദ്യകാലങ്ങളില്‍  ലാറ്റിന്‍ വശമില്ലാതിരുന്ന മണിലാല്‍, നിരവധി വൈദികരുടെ സഹായത്തോടെ തര്‍ജമ നിര്‍വഹിക്കാന്‍ 12 വര്‍ഷത്തോളം വാരാന്ത്യങ്ങളില്‍ തേഞ്ഞിപ്പലത്തു നിന്നും കൊച്ചിയിലേക്ക് ബസ് യാത്ര ചെയ്യുമായിരുന്നു. സര്‍വകലാശാലയിലെ അദ്ധ്യാപക ജോലിയുടെ ഇടവേളകളിലാണ് അദ്ദേഹം ഹോര്‍തൂസിന് വേണ്ടി സമയം ചിലവഴിച്ചിരുന്നതെന്നോര്‍ക്കണം.

 

 

ആ പുസ്തകത്തിലേക്കുള്ള വഴികള്‍

1958 ല്‍ വിദ്യാര്‍ഥിയായിരിക്കെ  ഡെറാഡൂണിലെ വനഗവേഷണ ലൈബ്രറിയില്‍ നിന്നും ആദ്യമായി 'ഹോര്‍ത്തൂസ് മലബറിക്കസ്' ലാറ്റിന്‍ പതിപ്പ് വായിക്കുന്നത് മുതല്‍ 2008 ല്‍ അതിന്റെ മലയാളം പതിപ്പ് പ്രസിദ്ധീകൃതമാകുന്നത് വരെ, നീണ്ട അന്‍പത് വര്‍ഷത്തെ പ്രയത്‌നമാണ് ആദ്ദേഹം നടത്തിയത്. 'എഴുതുന്നെങ്കില്‍ ഹോര്‍ത്തൂസ് പോലൊരു പുസ്തകമെഴുതണമെന്ന' അമ്മയുടെ അഭിപ്രായവും അച്ഛന്റെ പത്രശേഖരണത്തിലെ ഹോര്‍ത്തൂസിനെ കുറിച്ചുള്ള ക്ലിപ്പിംഗുകളും അദ്ദേഹത്തെ പരോക്ഷമായി ഈ ഉദ്യമത്തിന് പ്രാപ്തനാക്കിയിരിക്കണം.

ഈ പുസ്തകം ലഭ്യമല്ലാതിരുന്ന കാലത്ത്, കോയമ്പത്തൂരിലെ കാര്‍ഷിക സര്‍വകലാശാലയില്‍ നിന്നും പുസ്തത്തിന്റെ പേജുകളുടെ 5000 സ്‌നാപ്പുകള്‍ എടുക്കാന്‍ 25000 രൂപ ചിലവാക്കിയ വ്യക്തിയാണ് മണിലാല്‍. അന്ന് അഞ്ചേക്കര്‍ നിലം വാങ്ങാന്‍ ഉതകുമായിരുന്ന തുക! ബ്രിട്ടന്‍, അമേരിക്ക, നെതര്‍ലന്‍ഡ്, റഷ്യ എന്നീ രാജ്യങ്ങളില്‍ വിവര ശേഖരണങ്ങള്‍ക്കും വ്യക്തതക്കുമായി യാത്ര ചെയ്തു അദ്ദേഹം. വാന്‍ റീഡിന്റെ  ഭൗതികശരീരം അടക്കം ചെയ്ത സൂറത്തിലെ മുസ്സോളിയം സന്ദര്‍ശിച്ചു ചിത്രങ്ങളെടുത്തു ഡച്ച് എംബസിക്ക് വിശദംശംങ്ങള്‍ക്കായി അയക്കുകയും വഴി, വിസ്മൃതിയിലാണ്ട് പോയ ഒരധ്യയമാണ് മണിലാല്‍ പൊടി തട്ടിയെടുത്തത്.

 

image Courtesy: Wikimedia 

 

എന്നിട്ടും അവഗണനകള്‍

അരനൂറ്റാണ്ടിന്റെ അക്ഷീണപ്രയത്‌നം നാണയത്തട്ടില്‍വച്ചു തൂക്കിനോക്കാതെ , വായനക്കാരിലെത്തിക്കാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ച അദ്ദേഹത്തിന് അവഗണനയും അവഹേളനവും മാത്രമേ ജന്മനാട് സമ്മാനിച്ചിട്ടുള്ളൂ. 2011 ല്‍ ഡച്ച് അംബാസഡര്‍ മണിലാലിനെ കോഴിക്കോട്ടുള്ള വസതിയില്‍ സന്ദര്‍ശിച്ചു, ബഹുമതി പത്രം നല്‍കി ആദരിച്ചു. 2012 ല്‍, 'ഓഫീസര്‍ ഓഫ് ദി ഓര്‍ഡര്‍ ഓറഞ്ച് ' പുരസ്‌കാരം നെതര്‍ലന്‍ഡ് രാജ്ഞി പ്രത്യേക ദൂതന്‍ മുഖേന  കൊടുത്തയച്ചു. ഈ പുരസ്‌കാരം നേടുന്ന ആദ്യ ഏഷ്യക്കാരനാണ് മണിലാല്‍.

ഏറെ വൈകിയാണെങ്കിലും മണിലാലിന്റെ പ്രതിഭയും പരിശ്രമവും പദ്മ അവാര്‍ഡിലൂടെ അംഗീകരിക്കപ്പെടുകയാണ്. അദ്ദേഹത്തിന്റെ അക്ഷീണ പ്രയത്‌നത്തിന്റെ പ്രധാന്യമറിഞ്ഞു പിന്തുണയേകിയ പത്നി ജ്യോത്സ്‌ന, മകള്‍ അനിത , മറ്റു കുടുംബാംഗങ്ങള്‍ എന്നിവരുടെ പങ്ക് സ്തുത്യര്‍ഹം. സമാനതകളില്ലാത്ത സമര്‍പ്പണത്തിന്റെ വിശദാശംങ്ങളും പിന്നാമ്പുറങ്ങളിലെ ചരടുവലികളും വായനക്കാരുടെ മുന്നിലെത്തിച്ച 'ഹരിത ഭൂപടം' എന്ന പുസ്തകവും അതെഴുതിയ മാധ്യമപ്രവര്‍ത്തകന്‍ ജോസഫ് ആന്റണിയുടെ ശ്രമങ്ങളും എടുത്തു പറയേണ്ടതാണ്.