Asianet News MalayalamAsianet News Malayalam

Pak Cop| വില അരലക്ഷം, സ്വന്തം മക്കളെ തെരുവില്‍ വില്‍പ്പനയ്ക്ക് വെച്ച് പാക്കിസ്താന്‍ പൊലീസുകാരന്‍!

അതിനു പിന്നാലെ അതിനു പിന്നിലെ കഥ പുറത്തുവന്നു. എന്തു കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് ലോകം അറിഞ്ഞതോടെ ആളുകള്‍ പിന്തുണയുമായി രംഗത്തുവന്നു. അദ്ദേഹത്തിന് നീതികിട്ടുകയും ചെയ്തു. 

pakistan cop tries to sell his sons for rs 50000
Author
Karachi, First Published Nov 18, 2021, 3:34 PM IST
  • Facebook
  • Twitter
  • Whatsapp

തിരക്കേറിയ കവലയുടെ നടുക്ക് ഒരു പോലീസുകാരന്‍. അയാള്‍ക്കരികില്‍ രണ്ട് കുട്ടികള്‍. അയാള്‍ അവരെ ഓരോരുത്തരെയായി എടുത്തുയര്‍ത്തി എന്തോ വിളിച്ചു പറയുന്നു. 

എന്താണ് അയാള്‍ പറയുന്നതെന്നോ? 

തന്റെ രണ്ട് മക്കളെയും വില്‍ക്കുകയാണെന്ന്. അര ലക്ഷം രൂപയാണ് അയാള്‍ ഓരോ കുട്ടിക്കും വിലയിട്ടത്. 

കുട്ടികെള ആരും വാങ്ങിയില്ല. എന്നാല്‍, ഈ ദൃശ്യം ആരോ പകര്‍ത്തി സോഷ്യല്‍ മീഡിയയിലിട്ടു. അതോടെ സംഭവം വൈറലായി. ഒരു പിതാവ്, അതും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഇത്തരമൊരു ഹീന പ്രവൃത്തി ചെയ്യുന്നതിലെ യുക്തിയില്ലായ്മയോട് ആളുകള്‍ രൂക്ഷമായി തന്നെ പ്രതികരിച്ചു. 

എന്നാല്‍ അതിനു പിന്നാലെ അതിനു പിന്നിലെ കഥ പുറത്തുവന്നു. എന്തു കൊണ്ടാണ് അദ്ദേഹം അങ്ങനെ ചെയ്തതെന്ന് ലോകം അറിഞ്ഞതോടെ ആളുകള്‍ പിന്തുണയുമായി രംഗത്തുവന്നു. അദ്ദേഹത്തിന് നീതികിട്ടുകയും ചെയ്തു. 

പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലെ ഗോത്കി ജില്ലയിലാണ് സംഭവം. പൊലീസ് യൂനിഫോമിട്ട ആ ഉദ്യോഗസ്ഥന്റെ പേര് നിസാര്‍ ലഷാരി.  ജയില്‍ വകുപ്പിലെ ഉദ്യോഗസ്ഥനാണ് അദ്ദേഹം. 

 

 

എന്തിനാണ് അദ്ദേഹം സ്വന്തം കുട്ടികളെ വില്‍പ്പനയ്ക്കു വെച്ചത്? ആ കാരണം കേട്ടാല്‍ ആരുടെയും ഉള്ളുനീറും. 

ആ കഥ ഇങ്ങനെയാണ്. വീഡിയോയില്‍ വില്‍ക്കാന്‍ വെച്ചിരിക്കുന്ന കുട്ടികള്‍ അയാളുടെ മക്കള്‍ തന്നെയാണ്. അതിലൊരു മകന്‍ ഗുരുതരമായ രോഗം ബാധിച്ച് ചികില്‍സയിലാണ്. മകന്റെ ചികിത്സയ്ക്കായി ലഷാരി അല്‍പ്പനാള്‍ അവധിയ്ക്ക് അപേക്ഷിച്ചു. എന്നാല്‍, മേലുദ്യോഗസ്ഥന്‍ അവധി അനുവദിച്ചില്ല. പകരം അതിനായി അയാളോട് കൈക്കൂലി ചോദിച്ചു. 

ചികിത്സക്കായി പോലും കാശില്ലാതെ ബുദ്ധിമുട്ടുന്ന അദ്ദേഹത്തിന്റെ കൈയില്‍ എവിടെയാണ് കൈക്കൂലിക്കുള്ള പണം? അദ്ദേഹത്തിന് ആ തുക നല്‍കാന്‍ കഴിഞ്ഞില്ല. ഫലമോ അവധി അപേക്ഷ റദ്ദാക്കപ്പെട്ടു. പ്രതികാര നടപടിയായി ലഷാരിയെ സ്വന്തം വീടിരിക്കുന്ന സ്ഥലത്തെ ഓഫീസില്‍നിന്നും 120 കിലോമീറ്റര്‍ അകലെയുള്ള ലാര്‍കാന എന്ന സ്ഥലത്തേക്ക് സ്ഥലം മാറ്റി.

ഇതോടെ ജീവിതം താറുമാറായപ്പോഴാണ് ലഷാരി കുട്ടികളുമായി തെരുവിലേക്കിറങ്ങി അവരെ വില്‍പ്പനയ്ക്ക് വെച്ചത്. സ്വന്തം ദുരനുഭവം ആളുകളില്‍ എത്തിക്കാന്‍ അയാള്‍ക്കു മുന്നില്‍ വേറെ വഴികളില്ലായിരുന്നു. 

''കൈക്കൂലി നല്‍കാത്തതിന് എന്തിനാണ് അവര്‍ എന്നെ ഇങ്ങനെ ശിക്ഷിക്കുന്നത്? ഇനി ഇതിനെതിരെ ജയില്‍ ഐജിക്ക് പരാതി നല്‍കാമെന്ന് വച്ചാലും, ഞാന്‍ കറാച്ചി വരെ പോകണം. അത്രയും ദൂരം പോകാനുള്ള പണം എന്റെ പക്കലില്ല. അത്രയ്ക്ക് ദരിദ്രനാണ് ഞാന്‍. ഇവിടെയുള്ള ആളുകള്‍ വളരെ സ്വാധീനമുള്ളവരാണ്. സാധാരണയായി അവര്‍ക്കെതിരെ ഒരു നടപടിയും ഉണ്ടാകാറില്ല ''-വീഡിയോ വൈറലായതിനു പിന്നാലെ അദ്ദേഹം വൈസ് ന്യൂസിനോട് പറഞ്ഞു.

കുട്ടിയുടെ ഓപ്പറേഷനുള്ള തുക കണ്ടെത്താതെ, താന്‍ കൈക്കൂലിക്കുള്ള പണം കണ്ടെത്തുകയാണോ വേണ്ടിയിരുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് വേദനയോടെ ചോദിച്ചു. 

അതോടെ കാര്യം മാറി. സര്‍ക്കാറിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നു. മാധ്യമങ്ങളില്‍ പ്രാധാന്യത്തോടെ ഈ വാര്‍ത്തവന്നു. താമസിയാതെ, സിന്ധ് മുഖ്യമന്ത്രി മുറാദ് അലി ഷാ പ്രശ്‌നത്തില്‍ ഇടപെട്ടു. ലഷാരിയുടെ സ്ഥലംമാറ്റം പിന്‍വലിച്ച് സര്‍ക്കാര്‍ ഉത്തരവായി. ഒപ്പം, അതുവരെ ജോലി ചെയ്ത ഘോട്ട്കിയിലെ ജയിലില്‍ തുടരാന്‍ അദ്ദേഹത്തിന് അനുമതിയും ലഭിച്ചു. 

തീര്‍ന്നില്ല, മകന്റെ ചികിത്സക്കായി അദ്ദേഹത്തിന് 14 ദിവസത്തെ അവധിയും അനുവദിച്ചു.   

Follow Us:
Download App:
  • android
  • ios