ഹോളിവുഡ് താരം മെർലിൻ മൺറോയുടെ എഐ ചിത്രത്തിലെ പസിലിന് ഉത്തരം നൽകിയ പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ് വിവാദത്തിൽ. രാജ്യത്തെ പ്രതിസന്ധികൾക്കിടെ മന്ത്രി ഓൺലൈൻ വിനോദങ്ങളിൽ ഏർപ്പെടുന്നതിനെതിരെ കടുത്ത വിമർശനമാണ് ഉയർന്നത്. വിവാദമായതോടെ അദ്ദേഹം എക്സിലെ പോസ്റ്റ് പിൻവലിച്ചു.
ഹോളിവുഡ് ഇതിഹാസതാരം മെർലിൻ മൺറോയുടെ എഐ ചിത്രം പങ്കുവെച്ചതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിൽ പരിഹാസവും വിമർശനവും നേരിട്ട് പാകിസ്താൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. 1956 -ലെ പശ്ചാത്തലത്തിൽ ഒരുക്കിയ ചിത്രത്തിൽ കാലഘട്ടത്തിന് ചേരാത്ത ഒരു വസ്തു കണ്ടെത്താനുള്ള ഒരു ഓൺലൈൻ പസിലിൽ പങ്കെടുത്തതിന് പിന്നാലെയാണ് ഖ്വാജ ആസിഫ് വിവാദത്തിൽപ്പെട്ടത്.
മെർലിൻ മൺറോയുടെ 'വാച്ച്'
ചിത്രത്തിൽ ഷോർട്സും ക്രോപ്പ് ടോപ്പും ധരിച്ച മൺറോയുടെ കൈത്തണ്ടയിൽ ആധുനിക സ്മാർട്ട് വാച്ച് കാണാം. 1956 -ലെ കാലഘട്ടത്തിൽ ഉണ്ടാകാൻ സാധ്യതയില്ലാത്ത ഈ വാച്ചാണ് പസിലിന്റെ ഉത്തരം. ചിത്രം പങ്കുവച്ച് കൊണ്ട് ഖ്വാജ ആസിഫ് ‘Watch’ എന്ന് രേഖപ്പെടുത്തി പുഞ്ചിരിക്കുന്ന ഒരു ഇമോജിയോടെ പങ്കുവയ്ക്കുകയായിരുന്നു. ഒക്ടോബർ 13 -ന് എക്സിലായിരുന്നു ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്.
പരിഹസിച്ച് നെറ്റിസെൺസ്
എന്നാൽ, പാകിസ്താൻ കടുത്ത സാമ്പത്തിക പ്രതിസന്ധിയും രാഷ്ട്രീയ അനിശ്ചിതത്വവും ആഭ്യന്തര സുരക്ഷാ വെല്ലുവിളികളും നേരിടുമ്പോൾ പ്രതിരോധമന്ത്രി ഇത്തരം ഓൺലൈൻ വിനോദങ്ങളിൽ ഏർപ്പെടുന്നത് ഉചിതമാണോ എന്നായിരുന്നു വിമർശകരുടെ ചോദ്യം. മന്ത്രിയുടെ മുൻഗണനകളെ പരിഹസിച്ചുകൊണ്ട് നിരവധി പേർ രംഗത്തെത്തി. മറ്റുചിലർ അദ്ദേഹം സോഷ്യൽ മീഡിയ അക്കൗണ്ടുകൾ മാറാൻ മറന്നതാണോയെന്നും പരിഹാസിച്ചു. അതേസമയം, ഖ്വാജ ആസിഫിന്റെ പ്രതികരണത്തെ അനുകൂലിച്ചും ചിലർ രംഗത്തെത്തി. ‘Watch’ എന്ന വാക്ക് മെർലിൻ മൺറോയെക്കുറിച്ചല്ല, ചിത്രത്തിലെ കാലഘട്ടവിരുദ്ധമായ സ്മാർട്ട് വാച്ചിനെക്കുറിച്ചാണെന്നാണ് ഇവരുടെ വിശദീകരണം.
പോസ്റ്റ് നീക്കി ഖ്വാജ
വിവാദമായ പോസ്റ്റ് ഖ്വാജ ആസിഫിന്റെ എക്സ് അക്കൗണ്ടിൽ നിന്നും പിന്നീട് നീക്കം ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. എങ്കിലും സ്ക്രീൻഷോട്ടുകളും പരിഹാസക്കുറിപ്പുകളും സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു. ഒരു വാക്ക് കൊണ്ട് പാകിസ്ഥാൻ പ്രതിരോധമന്ത്രി വീണ്ടും സമൂഹ മാധ്യമങ്ങളിൽ വിവാദ നായകനായി.


