പാകിസ്ഥാനിലും ലോകത്തിന്റെ വിവിധഭാഗങ്ങളിലുമുള്ള മനുഷ്യാവകാശ സംഘടനകൾ ഒരേസ്വരത്തിൽ അപലപിക്കുന്ന ഒരു വിധിയാണ് അവിടത്തെ കോടതി കഴിഞ്ഞ ദിവസം പുറപ്പെടുവിച്ചിരിക്കുന്നത്. ജുനൈദ് തസീർ എന്ന കോളേജ് പ്രൊഫസറെ കോടതി മതനിന്ദാകുറ്റം ചുമത്തി വധശിക്ഷയ്ക്ക് വിധിച്ചിരിക്കുകയാണ്. നീതിന്യായ വ്യവസ്ഥയുടെ കടുത്ത ലംഘനമെന്നാണ് സംഘടനകൾ ഈ വിധിയെ വിളിച്ചിട്ടുള്ളത്.
 
മധ്യപാകിസ്ഥാനിലെ മുൽത്താൻ നഗരത്തിലുള്ള ബഹാഉദ്ദീൻ സക്കറിയ  യൂണിവേഴ്സിറ്റിയിലെ ഇംഗ്ലീഷ് പ്രൊഫസറായിരുന്ന ജുനൈദ് തന്റെ മുപ്പത്തിമൂന്നാമത്തെ വയസ്സിലാണ് ഈ കേസിൽ പ്രതി ചേർക്കപ്പെടുന്നത്. അദ്ദേഹം അഡ്മിൻ ആയ ഒരു സീക്രട്ട് ഫേസ്‌ബുക്ക് ഗ്രൂപ്പിലൂടെ 2013 -ൽ പ്രവാചകനെയും ഖുറാനെയും നിന്ദിച്ചു എന്നതാണ് ജുനൈദിനെ ഇപ്പോൾ വധശിക്ഷയിലേക്ക് നയിച്ച ഈ വിചാരണയ്ക്ക് ആധാരമായ കേസ്. അദ്ദേഹത്തിനെതിരെ കൈസ്ര ഷെഹ്റാസ് എന്ന ഒരു പാക് വംശജയായ ബ്രിട്ടീഷ് നോവലിസ്റ്റിനെ തന്റെ കലാലയത്തിലേക്ക് ചർച്ചക്ക് വിളിച്ച് ആ ചർച്ചയിൽ പ്രവാചകനിന്ദ നടത്തി എന്നൊരു ആരോപണം കൂടി നിലവിലുണ്ട്. 2017 -ലെ ഡിസി കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിലെ ക്ഷണിക്കപ്പെട്ട അതിഥിയായിരുന്നു കൈസ്ര ഷെഹ്റാസ് എന്ന അറിയപ്പെടുന്ന നോവലിസ്റ്റ്.


 
2009 -ൽ ഫുൾ ബ്രൈറ്റ് സ്‌കോളറായി  അമേരിക്കയിൽ പഠനത്തിനെത്തിയ ജുനൈദ് ഹഫീസ്, ജാക്ക്സൺ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് അമേരിക്കൻ സാഹിത്യത്തിൽ മാസ്റ്റേഴ്സ് പഠനം പൂർത്തിയാക്കിരുന്നു. സാഹിത്യത്തിന് പുറമേ അദ്ദേഹം ഫോട്ടോഗ്രഫിയിലും നാടകത്തിലും ബിരുദങ്ങൾ നേടിയിട്ടുണ്ട്. അമേരിക്കൻ മതസ്വാതന്ത്ര്യ കമ്മീഷൻ ഡിസംബറിൽ ജുനൈദിന്റെ പേര് തങ്ങളുടെ അന്താരാഷ്ട്ര വിക്ടിംസ് ലിസ്റ്റിൽ ഉൾപ്പെടുത്തുകയുണ്ടായി. 

 പാകിസ്ഥാനിലെ ഏറ്റവും വിവാദാസ്പദമായ വിചാരണകളിൽ ഒന്നാണ് മതനിന്ദയുടേത്. ആറുവർഷം നീണ്ടുനിന്ന ജുനൈദിന്റെ വിചാരണയ്ക്കിടെ ഏഴു ജഡ്ജിമാർ മാറി മാറി വന്നുപോയി. ജുനൈദിനുവേണ്ടി തുടക്കത്തിൽ കേസ് വാദിച്ച അഭിഭാഷകൻ റാഷിദ് റഹ്മാന് വിചാരണയ്ക്കിടെ നിരവധി വധഭീഷണികൾ നേരിടേണ്ടി വന്നിരുന്നു.

2014 ഏപ്രിലിൽ റാഷിദ് റഹ്‌മാൻ പാകിസ്ഥാനിലെ അധികാരസ്ഥാനങ്ങളിലിരിക്കുന്ന ഉന്നതരെ അഭിസംബോധന ചെയ്തുകൊണ്ട് ഒരു ഇ മെയിൽ അയച്ചിരുന്നു. അതിന്റെ തലക്കെട്ട് ' രക്തദാഹികൾ നടത്തുന്ന മാധ്യമ ഗൂഢാലോചന' എന്നായിരുന്നു. അതിൽ 'ഖബ്രേ' എന്ന പത്രത്തിൽ അച്ചടിച്ചുവന്ന ഒരു റിപ്പോർട്ടിന്റെ സ്കാൻ കോപ്പിയും അറ്റാച്ച് ചെയ്തിട്ടുണ്ടായിരുന്നു. അത് പാകിസ്ഥാനിലെ ഒരു മതാധിഷ്ഠിത സംഘടനയായ തെഹ്രീക്ക്-എ-തഹസ്സുഫ്-എ-നാമൂസ്-എ-രിസാലത്ത് നടത്തിയ ഒരു സമ്മേളനത്തെപ്പറ്റിയായിരുന്നു. ജുനൈദിനെതിരായ മതനിന്ദ കേസ് മുൽത്താൻ കോടതിയിൽ നിന്ന് മാറ്റണം എന്നാവശ്യപ്പെട്ടുകൊണ്ട് റാഷിദ് റഹ്‌മാൻ നൽകിയ ഹർജിയെ നിശിതമായ ഭാഷയിൽ ആ സമ്മേളനത്തിലെ പ്രാസംഗികർ വിമർശിച്ചിരുന്നു. 
 


'റാഷിദ് റഹ്‌മാൻ' 

അഭിഭാഷകൻ എന്നതിലുപരി ഒരു ആക്ടിവിസ്റ്റ് കൂടിയായ റാഷിദ് റഹ്‌മാൻ ഏറെ നിഷ്ഠയോടെയാണ് ജുനൈദ് എന്ന നിരപരാധിയുടെ വക്കാലത്ത് ഏറ്റെടുത്ത് നടത്തിയിരുന്നത്. ജുനൈദിന്റെ ജീവന് ഭീഷണിയുണ്ടായിരുന്നതിനാൽ അതിനോടകം തന്നെ റഹ്‌മാന്റെ അഭ്യർത്ഥനപ്രകാരം വിചാരണ നടപടികൾ മുൽത്താൻ ജയിലിനുള്ളിലേക്ക് മാറ്റിയിരുന്നു. ആ വിചാരണകളിൽ ഒന്നിൽ ജഡ്ജിയുടെ സാന്നിധ്യത്തിൽ തന്നെ പ്രോസിക്യൂഷൻ അഭിഭാഷകരായ സുൾഫിക്കർ സിന്ധു അടക്കമുള്ള മൂന്നുപേർ റാഷിദ് റഹ്‌മാന്‌ നേരെ പരസ്യമായ വധഭീഷണികൾ ഉയർത്തിയിട്ടുണ്ടായിരുന്നു.     

അദ്ദേഹത്തിന്റെ ഇമെയിൽ സന്ദേശം ഇപ്രകാരമായിരുന്നു, 

" നമസ്കാരം, 

ഭയം ഒരു ശീലമാണ്, എനിക്കതില്ല..!
 
ജുനൈദിന്റെ കേസിൽ ഒരു വശം മാത്രം പൊലിപ്പിച്ചുകൊണ്ട് കള്ളക്കഥകൾ അടിച്ചുവിട്ട് മാധ്യമങ്ങൾ എരിതീയിൽ എണ്ണയൊഴിക്കുകയാണ്. സർവകലാശാലാ അധികൃതർ തങ്ങൾ പറയുന്നത് അപ്പടി അനുസരിക്കണമെന്നാണ് രക്തദാഹികളുടെ ഏറ്റവും പുതിയ ആവശ്യം. ബഹാഉദ്ദിൻ സിക്കറിയ സർവകലാശാലയുടെ സിൻഡിക്കേറ്റിൽ മൂന്നിൽ രണ്ടു പേരും മതഭ്രാന്തന്മാരാണ്. കെടുകാര്യസ്ഥതയുടെ പ്രതീകമായ ഒരു വിസി, അവർ പറയുന്നത് കേട്ട് നിരവധി പേരെ പല സ്ഥാനങ്ങളിലും കയറ്റി പ്രതിഷ്ഠിച്ചിട്ടുണ്ട്. യാതൊരു തൊഴിലുമില്ലാത്ത അവരെല്ലാവരും ചേർന്നുകൊണ്ട് ഇപ്പോൾ എന്നെ കൊലപ്പെടുത്താൻ തീരുമാനിച്ചുറപ്പിച്ച മട്ടുണ്ട്. ഒരു ആക്സിഡന്റിൽ പെട്ടുപോലും ഞാൻ മരിച്ചു എന്നിരിക്കിൽ, അതിന്റെ പൂർണ ഉത്തരവാദിത്തം ഈ മാന്യന്മാർക്കായിരിക്കും എന്ന് ഞാനിതാ സാക്ഷ്യപ്പെടുത്തുകയാണ്. 

എന്ന്,

റാഷിദ് റഹ്‌മാൻ, 
അഡ്വക്കേറ്റ്, സുപ്രീം കോടതി,
പാകിസ്ഥാൻ.

ഈ കത്ത് ചെന്ന ശേഷം പാകിസ്ഥാൻ മനുഷ്യാവകാശ കമ്മീഷൻ, റാഷിദിന് വേണ്ട പൊലീസ് സുരക്ഷ നൽകണം എന്ന് നിർദേശിച്ചു കൊണ്ട് കത്തയച്ചിരുന്നെങ്കിലും, അത് ബധിരകർണ്ണങ്ങളിലാണ് ചെന്നുപതിച്ചത്. ഒടുവിൽ ജുനൈദിന്റെ കേസിൽ വിചാരണ പുരോഗമിച്ചുകൊണ്ടിരിക്കെ 2014 -ൽ വക്കാലത്ത് നൽകാൻ എന്ന വ്യാജേന ഓഫീസിലേക്ക് കടന്നു വന്ന രണ്ടു ചെറുപ്പക്കാർ റാഷിദ് റഹ്‌മാനെ വെടിവെച്ചു കൊന്നുകളഞ്ഞു. 

'റഷീദ് റഹ്‌മാന്റെ മരണത്തിൽ വിലപിക്കുന്ന ബന്ധുക്കൾ' 

അതിനു ശേഷം വളരെ രഹസ്യമായ വിചാരണയാണ് പ്രസ്തുത കേസിൽ നടന്നത്. സഹതടവുകാരാൽ പലതവണ അക്രമിക്കപ്പെട്ട് ജയിലിനുള്ളിൽപ്പോലും ജീവൻ അപകടത്തിലായിരുന്ന ജുനൈദിനെ കഴിഞ്ഞ കുറച്ചുകാലമായി മുൽത്താനിലെ അതീവസുരക്ഷാ ജയിലിൽ ഏകാന്ത തടവിലാണ് പാർപ്പിച്ചിരിക്കുന്നത്.

വിചാരണയ്ക്കിടെ ആരോപണങ്ങൾ തെളിയിക്കാൻ വേണ്ട യാതൊരു തെളിവും ഹാജരാക്കാൻ പ്രോസിക്യൂഷനായിരുന്നില്ല. അതുകൊണ്ടുതന്നെ വിധി ജുനൈദിന് അനുകൂലമായിരിക്കും എന്ന ആത്മവിശ്വാസത്തിലായിരുന്നു അദ്ദേഹവും കുടുംബവും. മതനിന്ദാ കേസിന് പാകിസ്ഥാനിലുള്ള പ്രാധാന്യം ചൂണ്ടിക്കാട്ടി ജഡ്ജിയെ വരെ ഭീഷണിപ്പെടുത്തുന്ന തരത്തിലുള്ള വാദമാണ് പ്രോസിക്യൂഷൻ നടത്തിയതെന്ന് ജുനൈദിന്റെ അഭിഭാഷകൻ ആരോപിക്കുന്നു. കോടതിയിൽ തെളിവുകൾ ഹാജരാക്കി കുറ്റം തെളിയിക്കുന്നതിന് പകരം രാജ്യമെമ്പാടും പ്രക്ഷോഭങ്ങൾ ഇളക്കിവിട്ട് ജഡ്ജിയെ സമ്മർദ്ദത്തിൽ ആക്കുകയാണ് മതസംഘടനകൾ ഈ കേസിൽ ചെയ്തത് എന്നും ബന്ധുക്കൾ ആരോപിക്കുന്നു. അതിന്റെ ഏറ്റവും വലിയ തെളിവാണ്, ഒരടിസ്ഥാനവും കൂടാതെ തങ്ങളുടെ മകനെ വധശിക്ഷയ്ക്ക് വിധിച്ച കോടതിയുടെ നടപടിയെന്ന് ജുനൈദിന്റെ മാതാപിതാക്കൾ പറഞ്ഞു.

പാകിസ്ഥാനിലെ മനുഷ്യാവകാശ കമ്മീഷന്റെ മുൻ ചെയർമാനായ ഐ എ റഹ്മാൻ പറഞ്ഞത് ഈ വിധി അതിക്രൂരമായ ഒന്നാണ് എന്നാണ്. "ആറുവർഷം ആ യുവാവ് ജയിലിൽ കഴിഞ്ഞതുതന്നെ നീതിക്ക് നിരക്കാത്ത ഒന്നാണ്. പാകിസ്ഥാനിലെ ട്രയൽ കോർട്ടുകൾ എല്ലായ്പ്പോഴും ഇങ്ങനെ തെളിവുകളുടെ യാതൊരു  പിൻബലമില്ലാത്ത മതനിന്ദാകേസുകളിലും ആരോപിതരെ വെറുതെ വിടാറില്ല എന്നത് ഇന്ന് പരസ്യമായ ഒരു രഹസ്യമാണ്. ആൾക്കൂട്ട ഹിംസയെപ്പറ്റിയുള്ള ഭയം തന്നെ കാരണം" റഹ്‌മാൻ ദ ഗാർഡിയനോട് പറഞ്ഞു.
 
വിധിവരുന്ന ദിവസം അസാധാരണമായ മുൻകരുതലുകൾ മുൽത്താൻ ജയിലധികൃതർ സ്വീകരിച്ചിരുന്നു. ജുനൈദിന്റെ അഭിഭാഷകനോട് ജയിലിലേക്ക് വരരുത് എന്ന് നിർദ്ദേശിച്ചിരുന്നു. എങ്ങാനും ജുനൈദിനെ വെറുതെ വിട്ടാൽ, അന്നേദിവസം അതേ ജയിലിനു മുന്നിൽ വെച്ച് അഭിഭാഷകൻ ആൾക്കൂട്ടഹിംസയ്ക്ക് ഇരയാകാൻ സാധ്യതയുള്ളതായി ഇന്റലിജൻസ് റിപ്പോർട്ടുകളുണ്ടായിരുന്നു. ജുനൈദിനെ വെറുതെ വിട്ടാൽ എങ്ങനെ ആൾക്കൂട്ടത്തിന്റെ കയ്യിൽ പെടാതെ അദ്ദേഹത്തെ പുറത്തെത്തിക്കാം എന്നതിനെപ്പറ്റിയും ജയിലധികൃതർ ആലോചിച്ചിരുന്നു. എന്നാൽ വിധി ജുനൈദിന് പ്രതികൂലമായിരുന്നതിനാൽ അതൊന്നും വേണ്ടി വന്നില്ല. വിധി വന്നപാടെ പ്രോസിക്യൂഷൻ അഭിഭാഷകർ കോടതിയിൽ മധുരം വിതരണം ചെയ്ത് ആഹ്ലാദപ്രകടനവും നടത്തിയിരുന്നു.

 

'ജുനൈദിന്റെ വധശിക്ഷാ വിധി വന്നപ്പോൾ മധുരം വിതരണം ചെയ്യുന്ന പ്രോസിക്യൂഷൻ അനുഭാവികൾ' 

കഴിഞ്ഞ വർഷം പാകിസ്ഥാനിലെ സുപ്രീം കോടതി ആസിയ ബീബി എന്ന ക്രിസ്ത്യൻ വനിതയെ മതനിന്ദക്കുറ്റത്തിന് എട്ടുകൊല്ലം ജയിലിൽ വധശിക്ഷ കാത്തുകിടന്ന ശേഷം വെറുതെ വിടുകയുണ്ടായി. അത് പാകിസ്ഥാനിലെ മനുഷ്യാവകാശപ്പോരാട്ടങ്ങളുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായിരുന്നു. 1987 നും 2016 നുമിടക്ക് 1472 പേർക്കെതിരെ പാകിസ്ഥാനിൽ മതനിന്ദാ കുറ്റം ചാർത്തപ്പെട്ടിട്ടുണ്ടെന്ന് സെന്റർ ഫോർ സോഷ്യൽ ജസ്റ്റിസ് എന്ന പാക് മനുഷ്യാവകാശ സംഘടന പറയുന്നു. ഇന്നുവരെ ആരും മതനിന്ദയ്ക്ക് തൂക്കിലേറ്റപ്പെട്ടിട്ടില്ല പാകിസ്ഥാനിൽ. എന്നാൽ ഇപ്പോഴും 17 പേർ വധശിക്ഷയും കാത്ത് അവിടത്തെ ജയിലുകളിൽ കഴിയുന്നുണ്ട്. മറ്റു പലർക്കും ജീവപര്യന്തം തടവുശിക്ഷയും നല്കപ്പെട്ടിട്ടുണ്ട്.