ഒരു വിവാഹം കൂടി കഴിക്കുന്നതിലൂടെ തനിക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും ഇയാള്‍ പറയുന്നു.
അറുപതാമത്തെ കുട്ടി പിറന്ന സന്തോഷത്തിലാണ്, പാക്കിസ്ഥാന്‍ സ്വദേശിയായ ഡോക്ടര്‍. മൂന്ന് ഭാര്യമാരുള്ള ഇയാള്‍ക്ക് നിലവില്‍ 59 കുട്ടികള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ഇനിയും തനിക്ക് കൂടുതല്‍ കുട്ടികള്‍ വേണമെന്നാണ് ഇയാളുടെ ആഗ്രഹം.
സര്‍ദാര്‍ ജന്‍ മുഹമ്മദ് ഖാന്‍ ഖില്‍ജയാണ് തനിക്ക് അറുപതാമത്തെ കുഞ്ഞു പിറന്ന വിവരം എല്ലാവരോടുമായി പങ്കുവെച്ചത്. ഹാജി ഖുഷല്‍ ഖാന്‍ എന്നാണ് കുഞ്ഞിന് ഇദ്ദേഹം പേര് നല്‍കിയിരിക്കുന്നത്. ഡോക്ടറായ ഇദ്ദേഹത്തിന് നിലവില്‍ മൂന്ന് ഭാര്യമാരുണ്ട്.
പാക്കിസ്ഥാനിലെ ക്വെറ്റയിലുള്ള കിഴക്കന്‍ ബൈപാസിന് സമീപമാണ് ഇദ്ദേഹം താമസിക്കുന്നത്. ഇദ്ദേഹത്തിന്റെ വലിയ കുടുംബം നാട്ടില്‍ എങ്ങും പ്രശസ്തമാണ്. കുടുംബം ഇനിയും വലുതാകണമെന്നാണ് തന്റെ ആഗ്രഹമെന്നാണ് ഇദ്ദേഹം ബിബിസിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്. അതിനായി നാലാമതൊരു വിവാഹം കഴിക്കാനുള്ള ഒരുക്കത്തിലാണ് ഇദ്ദേഹം. വിവാഹം കഴിക്കാന്‍ പെണ്‍കുട്ടിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് താനെന്നും ഇദ്ദേഹം പറയുന്നു.
ഒരു വിവാഹം കൂടി കഴിക്കുന്നതിലൂടെ തനിക്ക് കൂടുതല്‍ കുട്ടികള്‍ ഉണ്ടാകും എന്നാണ് പ്രതീക്ഷ എന്നും ഇയാള്‍ പറയുന്നു. ആണ്‍കുട്ടികളെക്കാള്‍ കൂടുതല്‍ പെണ്‍കുട്ടികള്‍ ഉണ്ടാകുന്നതാണ് തനിക്ക് ഇഷ്ടമെന്നും തന്റെ ഭാര്യമാരെയും കുട്ടികളെയും എല്ലായ്‌പ്പോഴും ഒരുമിച്ച് ഒരു വീട്ടില്‍ താമസിപ്പിക്കാനാണ് ആഗ്രഹിക്കുന്നതൊന്നും ഇദ്ദേഹം അഭിമുഖത്തില്‍ പറഞ്ഞു. കൂടുതല്‍ കുട്ടികള്‍ക്ക് ജന്മം നല്‍കാന്‍ തങ്ങള്‍ കാത്തിരിക്കുകയാണെന്നാണ് ഭാര്യമാരുടെ ആഗ്രഹമെന്നാണ് അദ്ദേഹം പറയുന്നത്.
വീടിനോട് ചേര്‍ന്ന് സ്വന്തമായി ഒരു സ്വകാര്യ ക്ലിനിക് നടത്തുകയാണ് ഇയാള്‍. പാക്കിസ്ഥാനില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധി തന്റെ കുടുംബത്തെയും ബാധിച്ചിട്ടുണ്ട് എന്ന് ഇദ്ദേഹം സമ്മതിക്കുന്നു. കുടുംബത്തിന്റെ സന്തോഷത്തിനുവേണ്ടി തന്നാല്‍ കഴിയുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ് ഇദ്ദേഹം അവകാശപ്പെടുന്നത്. ഭാര്യമാരും കുട്ടികളുമായി രാജ്യത്ത് എല്ലായിടത്തും യാത്ര പോകാന്‍ തനിക്ക് ആഗ്രഹമുണ്ടെന്നും എന്നാല്‍ ഇത്രയും പേരെ ഒരുമിച്ചു കൊണ്ടുപോകാന്‍ മാത്രമുള്ള വാഹനങ്ങള്‍ തനിക്ക് ഇല്ലാത്തതിനാല്‍ സര്‍ക്കാര്‍ ഒരു ബസ് അനുവദിച്ചു തന്നാല്‍ അത് വളരെ ഉപകാരമായിരിക്കും എന്നും ബിബിസി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ ഇദ്ദേഹം പറഞ്ഞു.
