''ഞാന്‍ കൊച്ചു പെണ്‍കുട്ടികളെ കുറിച്ച് ഭയപ്പെടുന്നു. എന്നെക്കുറിച്ചല്ല. ഞാനൊരു സ്ത്രീ മാത്രം. സുന്ദരിമാരായ, പ്രതിഭാശാലികളായ ആയിരക്കണക്കിന് ചെറുപ്പക്കാരികളാണ് ഇന്നാട്ടിലുള്ളത്.''-അവര്‍ പറഞ്ഞു. 

''ഇരുണ്ട നാളുകള്‍ വരവായി''-അഫ്ഗാനിസ്ഥാനിലെ പ്രമുഖ ചലച്ചിത്ര സംവിധായിക സഹ്‌റാ കരീമി താലിബാന്റെ മുന്നേറ്റത്തെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്. ലോകം അഫ്ഗാനിസ്താനു നേരെ പുറംതിരിഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കു മുന്നിലുള്ളത് ഇരുളടഞ്ഞ ഭാവിയാണെന്നും ബിബിസി റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറയുന്നു. 

Scroll to load tweet…

'ഞാന്‍ അപകടത്തിലാണ്. എങ്കിലും എന്നേക്കാള്‍ എനിക്കിപ്പോള്‍ ഭയം എന്റെ രാജ്യത്തെ ഓര്‍ത്താണ്. ഞാനെന്റെ തലമുറയെ കുറിച്ചാണ് ആലോചിക്കുന്നത്. ഇവിടെ മാറ്റങ്ങള്‍ വരുത്താന്‍ ഏറെ കാര്യങ്ങള്‍ ചെയ്ത തലമുറയാണ് അത്.'-വികാരഭരിതമായ ഭാഷയില്‍ അവര്‍ പറയുന്നു. 

''ഞാന്‍ കൊച്ചു പെണ്‍കുട്ടികളെ കുറിച്ച് ഭയപ്പെടുന്നു. എന്നെക്കുറിച്ചല്ല. ഞാനൊരു സ്ത്രീ മാത്രം. സുന്ദരിമാരായ, പ്രതിഭാശാലികളായ ആയിരക്കണക്കിന് ചെറുപ്പക്കാരികളാണ് ഇന്നാട്ടിലുള്ളത്.''-അവര്‍ പറഞ്ഞു. 

സഹ്‌റ പറയുന്നത് സത്യമാണെന്ന് സാക്ഷ്യപ്പെടുത്തുകയാണ് താലിബാന്റെ മുന്നേറ്റത്തില്‍ ഭയാശങ്കകളോടെ ഉള്ളതെല്ലാം ഉപേക്ഷിച്ച് എങ്ങോട്ടെന്നില്ലാതെ ഓടിക്കൊണ്ടിരിക്കുന്ന ആയിരക്കണക്കിന് സ്ത്രീകള്‍. കൈക്കുഞ്ഞുങ്ങള്‍ മുതല്‍ വൃദ്ധര്‍ വരെയുണ്ട് അഭയം തേടിയുള്ള ആ പ്രവാഹത്തില്‍. രാജ്യത്തിന്റെ മൂന്നിലൊന്ന് പിടിച്ചടക്കി മുന്നേറുന്ന താലിബാന്റെ മുന്നില്‍ വിറങ്ങലിച്ചു നില്‍ക്കുകയാണ് അക്ഷരാര്‍ത്ഥത്തില്‍ അഫ്ഗാനിലെ മനുഷ്യര്‍. 

സഹ്‌റാ കരീമി

കാബൂളിലേക്ക് അഭയാര്‍ത്ഥി പ്രവാഹം

സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്യുന്ന ഈ മനുഷ്യരിലേറെയും വന്നു ചേരുന്നത് തലസ്ഥാനമായ കാബൂളിലാണ്. അഫ്ഗാന്‍ സൈന്യത്തിന്റെ കരുത്തില്‍ കാബൂള്‍ ശേഷിക്കുമെന്ന വിശ്വാസമാവണം അത്രയും മനുഷ്യരെ കാബൂളിലേക്ക് എത്തിക്കുന്നത്. എന്നാല്‍, ഇവിടെ ഭക്ഷ്യ ക്ഷമം അങ്ങേയറ്റം കൂടിക്കൊണ്ടിരിക്കുകയാണെന്ന് ലോക ഭക്ഷ്യ ഏജന്‍സിയായ വേള്‍ഡ് ഫുഡ് പ്രോഗ്രാം പ്രസ്താനവയില്‍ പറയുന്നു. അഫ്ഗാന്‍ നേരിടുന്നത് ചരിത്രത്തിലെ വലിയ മനുഷ്യദുരന്തമാണെന്നും ഏജന്‍സി മുന്നറിയിപ്പ് നല്‍കുന്നു. അഫ്ഗാനിസ്താനില്‍നിന്നും പ്രവഹിക്കുന്ന അഭയാര്‍ത്ഥികള്‍ക്കായി വാതില്‍ തുറന്നിടണമെന്ന് അയല്‍രാജ്യങ്ങളോട് ഐക്യരാഷ്ട്ര സഭ അഭ്യര്‍ത്ഥിക്കുന്നുവെങ്കിലും അതെളുപ്പമല്ല എന്നാണ് നിഗമനം. 

കാബൂളിലെത്തുന്നവരില്‍ ഭൂരിഭാഗവും തെരുവുകളിലാണ് അന്തിയുറങ്ങുന്നതെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. ഈയടുത്ത ദിവസങ്ങളില്‍ മാത്രം 72,000 കുട്ടികളാണ് കാബൂള്‍ തെരുവുകളിലെത്തിയതെന്നാണ് സേവ് ദ് ചില്‍ഡ്രന്‍ എന്ന സന്നദ്ധ സംഘടന പറയുന്നത്. 

''റൊട്ടി വാങ്ങാന്‍ ചില്ലിക്കാശില്ല ഞങ്ങളുടെ കൈയില്‍. കുഞ്ഞിന് മരുന്നു വാങ്ങാന്‍ പോലും ഗതിയില്ല.''-താലിബാന്‍ വീടിന് തീയിട്ടതിനെ തുടര്‍ന്ന് കുന്ദൂസ് മേഖലയില്‍നിന്ന് കുട്ടികള്‍ക്കൊപ്പം ഓടിവന്ന 35 -കാരി ബിബിസിയോട് പറഞ്ഞു. 

കാബൂളിന്റെ പ്രാന്തപ്രദേശങ്ങളില്‍ താല്‍ക്കാലിക ക്യാമ്പുകള്‍ സജ്ജമാക്കിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ആളുകള്‍ക്കും അവിടെ കിടക്കാനുള്ള സ്ഥലമില്ല. അതിനാല്‍, ഉപേക്ഷിക്കപ്പെട്ട കെട്ടിടങ്ങളും തെരുവും തന്നെയാണ് ഇവര്‍ക്ക് ശരണം.

ഒറ്റ ദിവസം കൊണ്ട് മാറിയ ജീവിതങ്ങള്‍

ഒറ്റ ദിവസം കൊണ്ട് ജീവിതം എങ്ങനെയാണ് മാറിപ്പോയതെന്ന് അന്തം വിടുകയാണ് ഈ മനുഷ്യര്‍. മുഖ്യ നഗരങ്ങളടക്കം അഞ്ച് പ്രവിശ്യാ തലസ്ഥാനങ്ങളാണ് ഒറ്റ ദിവസം കൊണ്ട് താലിബാന്‍ പിടിച്ചെടുത്തത്. ഇവിടങ്ങളില്‍നിന്ന് രക്ഷില്ലാതെ സര്‍വ്വതും ഉപേക്ഷിച്ച് പലായനം ചെയ്തവര്‍ കാബൂളിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. 

ഇവര്‍ക്കെല്ലാവര്‍ക്കും സ്വന്തം വീടുണ്ടായിരുന്നു. തൊഴിലും കൃഷിയും കടകളും മറ്റ് ജീവിതമാര്‍ഗങ്ങളുമെല്ലാം ഉണ്ടായിരുന്നു. അതെല്ലാം ഉപേക്ഷിച്ചാണ് ഇവരിപ്പോള്‍ കൈയില്‍ കിട്ടിയതുമെടുത്ത് നാടു വിട്ടോടിയത്. ദിവസങ്ങള്‍ എടുത്താണ് പലരും കാബൂളില്‍ എത്തിയത്. അങ്ങേയറ്റം അപകടകരമായ യാത്രകളായിരുന്നു അത്. താലിബാന്‍ ചെക്ക് പോസ്റ്റുകളും യുദ്ധമുഖങ്ങളും കടന്നുള്ള യാത്രയില്‍ അവര്‍ നേരിട്ട അപകടങ്ങള്‍ അനവധിയായിരുന്നു. 

സര്‍ക്കാറിനോട് കടുത്ത രോഷമുള്ളവരുണ്ട് അതില്‍. തങ്ങളുടെ വീടും ജീവനോപാധികളും രക്ഷിക്കാന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് ഇവര്‍ കുറ്റപ്പെടുത്തുന്നു. പള്ളികളും മറ്റും തുറന്നിട്ട് അഭയാര്‍ത്ഥികളെ താമസിപ്പിക്കാമെന്ന് സര്‍ക്കാര്‍ പറയുന്നുവെങ്കിലും അതൊന്നും ഈ ആള്‍ത്തിരക്ക് പരിഹരിക്കാന്‍ പരിഹാരമാവുന്നേയില്ല. അമേരിക്കയോടുംേ നാറ്റോ രാജ്യങ്ങളോടുമുള്ള അരിശവും ചിലര്‍ മറച്ചുവെക്കുന്നില്ല. തങ്ങളെ താലിബാനു മുന്നില്‍ എറിഞ്ഞുകൊടുക്കുകയാണ് ലോകമെന്നാണ് ഇവരുടെ പരാതി.