Asianet News Malayalam

കൈകഴുകുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വിശദമാക്കുന്ന പേപ്പര്‍ ലേലത്തിന്, പ്രതീക്ഷിക്കുന്നത് 10 ലക്ഷത്തിലേറെ

ക്രിസ്റ്റീസ് ലേലശാല കൈകഴുകുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള സെമ്മൽ‌വെയ്സിന്റെ കണ്ടെത്തലിനെ 'ഐതിഹാസികം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. 

paper on importance of handwashing to auction
Author
London, First Published Apr 9, 2021, 12:07 PM IST
  • Facebook
  • Twitter
  • Whatsapp

കൊവിഡ് മനുഷ്യരുടെ ജീവിതമാകെ മാറ്റിമറിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിരിക്കുന്നു. ഏറ്റവുമധികം ആളുകള്‍ കൈകഴുകിയ വര്‍ഷമായിരിക്കും ഒരുപക്ഷേ കടന്നുപോകുന്നത്. എന്നാല്‍, കൈകഴുകുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ച് വളരെയധികം വർഷങ്ങൾക്ക് മുമ്പ് ഒരു ഹംഗേറിയന്‍ ഡോക്ടര്‍ വിശദീകരിക്കുന്ന കുറിപ്പ് ലേലത്തിന് എത്തിയിരിക്കുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിലെ ഈ കുറിപ്പ് അന്ന് വിവാദമായിട്ടുണ്ടാവും എന്ന് പ്രത്യേകം പറയണ്ടല്ലോ? 

വിയന്ന ജനറല്‍ ഹോസ്പിറ്റല്‍ ടീച്ചിംഗ് യൂണിറ്റിലെ ആദ്യ പ്രസവചികിത്സാ വിഭാഗത്തിലെ ഹൗസ് ഓഫീസറായിരുന്നു ഇഗ്നാസ് ഫിലിപ്പ് സെമ്മൽ‌വെയ്സ്. 1847 -ല്‍ ആശുപത്രിയുടെ പ്രസവ വാർഡുകളിലൊന്നിൽ മാതൃ-നവജാതശിശു മരണനിരക്ക് വളരെ ഉയർന്നതാണെന്ന് അദ്ദേഹം കണ്ടെത്തി. ഇത് ഏകദേശം 13% ആയിരുന്നു. മറ്റുള്ളവയിൽ മരണനിരക്ക് രണ്ട് ശതമാനം മാത്രമായിരുന്നു. ആദ്യത്തെ ക്ലിനിക് മെഡിക്കൽ വിദ്യാർത്ഥികൾ അദ്ധ്യാപന കേന്ദ്രമായി ഉപയോഗിച്ചിരുന്നു. രണ്ടാമത്തേത് മിഡ്‍വൈഫുകളെ പഠിപ്പിക്കാൻ ഉപയോഗിച്ചു. പോസ്റ്റ്‌മോർട്ടം ഡിസെക്ഷൻ റൂമുകളിൽ നിന്ന് ഡെലിവറി റൂമുകളിലേക്ക് മെഡിക്കൽ വിദ്യാർത്ഥികൾ അണുബാധകൾ എത്തിക്കുന്നുണ്ടെന്ന് സെമ്മൽ‌വെയ്സിന് മനസിലായി. ഇതാണ് പിന്നീട് നവജാതശിശുക്കളുടെയും അമ്മമാരുടെയും മരണത്തിന് കാരണമാകുന്നത് എന്നും അദ്ദേഹം തിരിച്ചറിഞ്ഞു. ഇതിനെ പ്രതിരോധിക്കാനായി ക്ലോറിനേറ്റ് ചെയ്‍ത നാരങ്ങാവെള്ളം ഉപയോഗിച്ച് നിർബന്ധമായും കൈകഴുകിയാല്‍ മതി എന്നും സെമ്മൽ‌വെയ്സ് പറഞ്ഞു. അതോടെ മരണനിരക്ക് ഒരു ശതമാനം മാത്രമായി കുറഞ്ഞു. അമ്മമാരുടെ രക്ഷകൻ എന്ന് വരെ അദ്ദേഹം വിശേഷിപ്പിക്കപ്പെട്ടു.

1849 -ൽ തന്‍റെ കണ്ടെത്തലായ പ്യൂർപെറൽ പനിയുടെ ഉത്ഭവത്തെക്കുറിച്ച് സെമ്മൽ‌വെയ്സ് ഒരു പ്രഭാഷണം നടത്തി. സഹപ്രവർത്തകൻ ഫെർഡിനാന്റ് വോൺ ഹെബ്ര, സെമ്മൽ‌വെയ്സിന്റെ കണ്ടെത്തലിന്റെ വിശദാംശങ്ങൾ അടുത്ത വർഷം 'സൊസൈറ്റി ഓഫ് വിയന്നീസ് ഡോക്ടേഴ്സ് ജേണലി'ൽ പ്രസിദ്ധീകരിച്ചു. സ്മോള്‍ പോക്സ് വാക്സിൻ എടുക്കുന്നതിന്‍റെയും മെഡിക്കൽ രംഗത്തുള്ളവര്‍ സ്വന്തം കൈകള്‍ വൃത്തിയാക്കുന്നതിന്‍റെയും പ്രാധാന്യത്തെ കുറിച്ചും ഇതില്‍ വ്യക്തമാക്കുന്നു. ജേണലിന്റെ ആദ്യ പതിപ്പ് ക്രിസ്റ്റീസ് ലേലശാല അടുത്ത ആഴ്ച ലേലം ചെയ്യും. £ 12,000 മുതല്‍ £18,000 (ഏകദേശം 12,29,684.13 മുതല്‍ 18,45,284.40 വരെ) ആണ് വില കിട്ടുമെന്ന് പ്രതീക്ഷിക്കുന്നത്. 

എന്നാല്‍, ഇത്ര പ്രാധാന്യമുള്ള കണ്ടെത്തല്‍ നടത്തിയിട്ടും സെമ്മൽ‌വെയ്സിന്റെ ജീവിതം അത്ര നല്ലതായിരുന്നില്ല. അദ്ദേഹത്തിന് പിന്നീട് ജോലി നഷ്‍ടപ്പെടുകയുണ്ടായി. 1865 -ല്‍ 47 -ാമത്തെ വയസില്‍ ഒരു മാനസികാരോഗ്യകേന്ദ്രത്തിലായിരുന്നു അദ്ദേഹത്തിന്‍റെ മരണം. അദ്ദേഹത്തിന്‍റെ കഥ ലൂയിസ് ഫെര്‍ഡിനാന്‍ഡ് സെലിന്‍ എഴുതിയ 'സെമ്മൽ‌വെയ്സ്: എ ഫിക്ഷണല്‍ ബയോഗ്രഫി' (Semmelweis: A Fictional Biography) എന്ന പുസ്‍തകത്തില്‍ വിവരിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം അഭിനേതാവായ മാര്‍ക്ക് റിലന്‍സ് സെമെല്‍വിസിന്‍റെ ജീവിതം അരങ്ങിലെത്തിക്കുന്നതിനെ കുറിച്ച് പരാമര്‍ശിക്കുകയുണ്ടായി. കൊവിഡ് ഒന്നടങ്ങിക്കഴിഞ്ഞാല്‍ അത് സംഭവിക്കും എന്നാണ് കരുതുന്നത്. 

ക്രിസ്റ്റീസ് ലേലശാല കൈകഴുകുന്നതിന്‍റെ പ്രാധാന്യത്തെ കുറിച്ചുള്ള സെമ്മൽ‌വെയ്സിന്റെ കണ്ടെത്തലിനെ 'ഐതിഹാസികം' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. മെഡിക്കല്‍ രംഗത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും വലിയ നേട്ടമെന്നും ലേലശാല ഇതേ കുറിച്ച് പറയുകയുണ്ടായി. 'രോഗം പടരാതിരിക്കുന്നതിൽ കൈകഴുകുന്നതിന്റെ പങ്കിനെക്കുറിച്ച് ഡോ. ഇഗ്നാസ് സെമ്മൽ‌വെയ്സ് കണ്ടെത്തിയത് ഇപ്പോൾ തര്‍ക്കമില്ലാതെ അംഗീകരിക്കപ്പെടുന്നതാണ്. പക്ഷേ, അദ്ദേഹത്തിന്റെ രീതികൾ അക്കാലത്ത് തള്ളിക്കളയുകയും പരിഹസിക്കപ്പെടുകയും ചെയ്യുകയായിരുന്നു' ലേലശാലയുടെ സ്പെഷ്യലിസ്റ്റ് മാർക്ക് വിൽ‌ട്ട്ഷയർ പറഞ്ഞു. 'മറ്റാരും ചെയ്യാത്തത് കണ്ടെത്തുന്നതിലായിരുന്നു അദ്ദേഹത്തിന്റെ പ്രതിഭ' എന്നും വില്‍ട്ട്‍ഷെയര്‍ പറയുന്നു. 

സ്മോള്‍ പോക്സ് വാക്സിന്‍ കണ്ടെത്തിയ ഇംഗ്ലീഷ് സര്‍ജന്‍ എഡ്വാര്‍ഡ് ജെന്നറിന്‍റെ ഒരു കത്തും ക്രിസ്റ്റീസ് ലേലം ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ട്. £4,000-£6,000 (ഏകദേശം നാല് മുതല്‍ എട്ട് ലക്ഷം വരെ) രൂപ ഇതിന് ലഭിക്കുമെന്നാണ് കരുതുന്നത്. ലണ്ടനിലെ ഡോക്ടറായ വില്ല്യം ലോങ്ങിന് എഴുതിയെന്ന് കരുതപ്പെടുന്ന ഈ കത്തില്‍ തന്‍റെ പുതിയ വാക്സിന്‍ എത്തിക്കാന്‍ വൈകിയതില്‍ ക്ഷമ അറിയിക്കുകയാണ്. 'ഡോ. ജെന്നർ തന്റെ അഭിനന്ദനങ്ങൾ മിസ്റ്റർ ലോങ്ങിന് സമർപ്പിക്കുന്നു. ഒപ്പം, ക്ഷമിക്കണം, അദ്ദേഹത്തിന് ആശ്രയിക്കാവുന്ന ഏതെങ്കിലും വാക്സിൻ വൈറസ് ഇന്ന് അയയ്ക്കാൻ അദ്ദേഹത്തിന് അധികാരമില്ല. പക്ഷേ, എത്രയും വേഗം അത് അയയ്ക്കുമെന്ന് മിസ്റ്റർ ലോങ്ങിന് ഉറപ്പിക്കാം' 1801 -ലെ കത്തില്‍ ജെന്നർ എഴുതുന്നു.  

ഇങ്ങനെ ഒരു മഹാമാരിക്കാലത്ത് സെമ്മൽ‌വെയ്സിന്റെ കണ്ടെത്തലും ജെന്നറിന്‍റെ കത്തും വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്നു എന്ന് ക്രിസ്റ്റീസ് ലേലശാല പറയുന്നു. പ്രത്യേകിച്ചും വാക്സിന്‍ അയക്കാനുള്ള കാലതാമസത്തെ ചൊല്ലി ജെന്നര്‍ അയച്ചിരിക്കുന്ന കത്ത്. ചരിത്രപ്രാധാന്യമുള്ള കുറിപ്പും കത്തും ഏതായാലും ലേലത്തിന് ഒരുങ്ങിക്കഴിഞ്ഞു. 

Follow Us:
Download App:
  • android
  • ios