അപകടം സംഭവിച്ചപ്പോൾ താൻ ആകെ തളർന്നു പോയിരുന്നു എന്നും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നത് എൽഎൽബി പഠനകാലത്താണെന്നും ഇദ്ദേഹം പറയുന്നു.
നിനക്കാതെ വന്ന ഒരു ദാരുണമായ അപകടത്തിൽ ശരീരം തളർന്നു പോയെങ്കിലും നിശ്ചയദാർഢ്യത്തോടെ ദുരിതങ്ങളെ തോൽപ്പിച്ച് തൻറെ ലക്ഷ്യത്തിലേക്കുള്ള ആദ്യ ചവിട്ടുപടി സ്വന്തമാക്കിയിരിക്കുകയാണ് ആന്ധ്രപ്രദേശിൽ നിന്നുള്ള ഈ ചെറുപ്പക്കാരൻ. ചന്ദ്രമൗലി എന്ന യുവാവാണ് പക്ഷാഘാതത്തെ തോൽപ്പിച്ച് ഐഐഎം അഹമ്മദാബാദിൽ സീറ്റ് നേടി നിരവധി ആളുകൾക്ക് പ്രചോദനമായിരിക്കുന്നത്.
ആന്ധ്രാപ്രദേശിലെ അനകപള്ളി ജില്ലയിലെ നർസിപട്ടണം മണ്ഡലത്തിലെ പെദ്ദ ബൊദ്ദേപള്ളി ഗ്രാമത്തിൽ നിന്നുള്ളയാളാണ് ചന്ദ്രമൗലി. അച്ഛൻ വെങ്കട രമണ ചെറുകിട വ്യവസായിയും, അമ്മ സ്കൂൾ അധ്യാപികയുമാണ്. നിശ്ചയദാർഢ്യവും അച്ഛന്റെയും അമ്മയുടെയും അകമഴിഞ്ഞ പിന്തുണയും ആണ് ചന്ദ്രമൗലിയുടെ ശക്തി. ബിടെക് പഠനത്തിന് ശേഷം ഗേറ്റ് പരീക്ഷയ്ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ചന്ദ്രമൗലിക്ക് അപകടം സംഭവിക്കുന്നത്. ഇരുമ്പ് ഷീറ്റുകൾകൊണ്ട് നിർമ്മിച്ച ഒരു ഷെഡ്ഡിലേക്ക് വീണുപോയ മോതിരം എടുക്കുന്നതിനിടയിൽ കരണ്ട് കമ്പിയിൽ തട്ടിയാണ് അപകടം ഉണ്ടായത്. ആ ദുരന്തത്തിൽ അവൻറെ രണ്ടു കാലുകളും രണ്ടു കൈകളും തളർന്നു പോവുകയും അവ മുറിച്ചു നീക്കുകയും ചെയ്തു.
വിഷാദരോഗത്തിന്റെ കഠിനമായ ഘട്ടത്തിലൂടെയാണ് പിന്നീട് ചന്ദ്രമൗലി കടന്നുപോയത്. പക്ഷേ, അദ്ദേഹത്തിന്റെ മാതാപിതാക്കളും സുഹൃത്തുക്കളും പൂർണ്ണപിന്തുണയുമായി ഒപ്പം നിന്നു. മെക്കാനിക്കൽ എൻജിനീയർ എന്ന തൻറെ സ്വപ്നം അദ്ദേഹം വേണ്ടെന്നുവെച്ചെങ്കിലും തോറ്റു കൊടുക്കാൻ തയ്യാറായിരുന്നില്ല. അങ്ങനെ മജിസ്ട്രേറ്റ് ആക്കുക എന്ന ലക്ഷ്യത്തോടെ എൽഎൽബി പഠനം പൂർത്തിയാക്കി.
പിന്നീടാണ് ചന്ദ്രമൗലിയുടെ ശ്രദ്ധ CAT (കോമൺ അഡ്മിഷൻ ടെസ്റ്റ്) ന് തയ്യാറെടുക്കുന്നതിലേക്ക് തിരഞ്ഞത്. ഉയർന്ന നിലവാരമുള്ള ബിസിനസ്സ് വിദ്യാഭ്യാസത്തിന് പേരുകേട്ട അഹമ്മദാബാദിലെ പ്രശസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (IIM) പ്രവേശനം നേടിയപ്പോൾ അദ്ദേഹത്തിന്റെ ആ കഠിനാധ്വാനവും ഫലം കണ്ടു.
അപകടം സംഭവിച്ചപ്പോൾ താൻ ആകെ തളർന്നു പോയിരുന്നു എന്നും പിന്നീട് ജീവിതത്തിലേക്ക് തിരിച്ചുവന്നത് എൽഎൽബി പഠനകാലത്താണെന്നും ഇദ്ദേഹം പറയുന്നു. പക്ഷേ ഒരു മജിസ്ട്രേറ്റ് ആകണമെങ്കിൽ കൈ വേണമെന്ന് ഉള്ളതുകൊണ്ടാണ് പിന്നീട് തൻറെ ശ്രദ്ധ CAT ലേക്ക് തിരിച്ചതെന്നും അതിനായി കഠിനാധ്വാനം ചെയ്തതെന്നുമാണ് ഇദ്ദേഹം പറയുന്നത്. മാത്രമല്ല ഇതിനോടൊപ്പം തന്നെ തന്റെ കഴിവുകൾ മെച്ചപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിച്ച അദ്ദേഹം സ്വന്തമായി മൊബൈൽ ഫോണും ലാപ്‌ടോപ്പും പ്രവർത്തിപ്പിക്കുന്നതിൽ പ്രാവീണ്യം നേടി. ഇപ്പോൾ ജൂണിൽ ഐഐഎം ൽ ചേരാനുള്ള തയാറെടുപ്പിലാണ് ചന്ദ്രമൗലി.
