മാതാപിതാക്കൾ ജന്മം നൽകിയതുകൊണ്ടാണ് ജീവിക്കുന്നത് എന്നതിനാൽ കുട്ടികൾ ജീവിതാവസാനം വരെ അനുസരണയുള്ളവരായിരിക്കണം എന്ന് പറയുന്നതിൽ അർത്ഥമില്ല. കുട്ടികൾ വേണമെന്ന് തീരുമാനിച്ചത് മാതാപിതാക്കളാണ്, അല്ലാതെ കുട്ടികളല്ല.

മാതാ, പിതാ, ​ഗുരു ദൈവം എന്നാണ് നാം പറയാറ് അല്ലേ? എന്നാൽ, മാതാപിതാക്കളെ ദൈവമായി കാണേണ്ടതില്ലെന്ന ഗുഡ്ഗാവ് ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് സിഇഒയുടെ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. ഡേറ്റിംഗ് ആപ്പായ 'നോട്ട് ഡേറ്റിന്റെ' (Knot Dating) സഹസ്ഥാപകനും സിഇഒയുമായ ജസ്വീർ സിങ്ങാണ് എക്സ് (ട്വിറ്റർ) ൽ ഈ വിവാദ പരാമർശം നടത്തിയത്.

'മാതാപിതാക്കൾ ദൈവമല്ല. അവരെ അതുപോലെ കാണുന്നത് നിർത്തൂ' എന്നാണ് ജസ്വീർ സിംഗ് കുറിച്ചത്. കുട്ടികൾ വേണമെന്ന് തീരുമാനിക്കുന്നത് മാതാപിതാക്കളാണെന്നും, അതുകൊണ്ട് മാത്രം അവർക്ക് കുട്ടികളുടെമേൽ അളവില്ലാത്ത അധികാരം ലഭിക്കുന്നില്ലെന്നുമാണ് അദ്ദേഹത്തിന്റെ വാദം.

മാതാപിതാക്കളാകുന്നത് വലിയൊരു നേട്ടമോ അതിൽ വലിയ ദിവ്യത്വമോ ഒന്നുമില്ല, മറിച്ച് അതൊരു ബയോളജിക്കൽ പ്രക്രിയ മാത്രമാണ്. കുഞ്ഞുങ്ങൾ ജനിക്കുന്നതുകൊണ്ട് ഒരാൾ പെട്ടെന്ന് ബുദ്ധിമാനോ വിവരമുള്ളവനോ മികച്ചവനോ ആയി മാറില്ല. കുട്ടികൾ ജനിക്കുന്നതുകൊണ്ട് ഒരാളുടെ പഴയ ശീലങ്ങളോ പോരായ്മകളോ ഇല്ലാതാകില്ല. മുമ്പ് പക്വതയില്ലാത്തവരായിരുന്നെങ്കിൽ ഇപ്പോഴും അവർ അങ്ങനെ തന്നെയായിരിക്കും.

മാതാപിതാക്കൾ ജന്മം നൽകിയതുകൊണ്ടാണ് ജീവിക്കുന്നത് എന്നതിനാൽ കുട്ടികൾ ജീവിതാവസാനം വരെ അനുസരണയുള്ളവരായിരിക്കണം എന്ന് പറയുന്നതിൽ അർത്ഥമില്ല. കുട്ടികൾ വേണമെന്ന് തീരുമാനിച്ചത് മാതാപിതാക്കളാണ്, അല്ലാതെ കുട്ടികളല്ല. അതിനാൽ അവരുടെ തീരുമാനത്തിന് കുട്ടികൾ ആജീവനാന്തം വിധേയപ്പെട്ട് ജീവിക്കേണ്ടതില്ല. ഇന്ത്യയിലെ ഏറ്റവും വലിയ പ്രശ്നം പല മാതാപിതാക്കളും മക്കളെ സ്വതന്ത്ര വ്യക്തികളായി വളർത്തുന്നതിന് പകരം അവരെ ഒരു ആസ്തിയായിട്ടാണ് കാണുന്നത് എന്നതാണ് എന്നും സിംഗ് ആരോപിച്ചു.

Scroll to load tweet…

ജസ്വീർ സിംഗിന്റെ ഈ പോസ്റ്റിന് നിരവധിപ്പേരാണ് കമന്റുകൾ നൽകിയത്. മക്കളുടെമേൽ സ്വന്തം സ്വപ്നങ്ങൾ അടിച്ചേൽപ്പിക്കാനും പങ്കാളിയെ തിരഞ്ഞെടുക്കുന്നതിൽ ഇടപെടാനുമുള്ള ചില മാതാപിതാക്കളുടെ പ്രവണത തെറ്റാണെന്ന് ചിലർ അഭിപ്രായപ്പെട്ടു. എന്നാൽ കഷ്ടപ്പെട്ട് മക്കളെ വളർത്തുന്ന മാതാപിതാക്കളുടെ സ്നേഹത്തെയും കഠിനാധ്വാനത്തെയും മറക്കരുത് എന്ന അഭിപ്രായവും ഇവർക്കുണ്ട്. മാതാപിതാക്കളെ ദൈവമായി കാണുന്നത് ഒരു വികാരമാണെന്നും അതിനെ തെറ്റായി ചിത്രീകരിക്കരുതെന്നും ആളുകൾ അഭിപ്രായപ്പെട്ടു. മാതാപിതാക്കൾ ദൈവമല്ലായിരിക്കാം, എന്നാൽ കുട്ടികളെ വളർത്താൻ അവർ നടത്തുന്ന ത്യാഗങ്ങൾ വലുതാണ് എന്നാണ് ചിലർ ചൂണ്ടിക്കാണിച്ചത്.