പാര്‍ക്ക് മാര്‍ക് റേ... യൂ ട്യൂബിലെ സ്റ്റാറായ കൊറിയന്‍ ഗ്രാന്‍ഡ്മാ... പാര്‍ക്കിന്‍റെ ജീവിതം വളരെ രസകരമാണ്. 'അയ്യോ പ്രായമായേ...' എന്ന് പറഞ്ഞ് ഒതുങ്ങിക്കൂടുന്നവരും, 'നിങ്ങള്‍ക്കൊക്കെ പ്രായമായില്ലേ ഒതുങ്ങി വല്ല സൈഡിലുമിരുന്നുകൂടേ' എന്ന് ചോദിക്കുന്നവരും അറിയേണ്ട ആളാണ്. 

പാര്‍ക്കിന്‍റെ ഭാഷയില്‍ പറഞ്ഞാല്‍, 'താന്‍ തന്‍റെ ഇഷ്ടപ്പെട്ട ജീവിതം തുടങ്ങുന്നത് എഴുപതാമാത്തെ വയസ്സിലാണ്...' പാര്‍ക്കും കൊച്ചുമകളായ യുറയും ഒരുമിച്ചായിരുന്നു താമസം. യുറ, എലമന്‍ററി സ്കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ അവരിരുവരും ഒരുമിച്ച് താമസിച്ചു. അടുത്ത കൂട്ടുകാരെ പോലെയായിരുന്നു ഇരുവരും. 

യുറയ്ക്ക് തന്‍റെ മുത്തശ്ശിയുടെ ആരോഗ്യത്തെ കുറിച്ച് വളരെ ശ്രദ്ധയുണ്ടായിരുന്നു. അതിനിടെയാണ് ഡോക്ടര്‍ പറയുന്നത്, പാര്‍ക്കിനെ ശ്രദ്ധിക്കണം പ്രായമാകുന്നതിനനുസരിച്ച് അല്‍ഷിമേഴ്സിന് സാധ്യതയുണ്ട് എന്ന്. അങ്ങനെ, യുറ അല്‍ഷിമേഴ്സിനെ കുറിച്ച് പഠിച്ചു തുടങ്ങി. അതിനെ മറികടക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗം ഒരുമിച്ച് സമയം ചെലവഴിക്കുക എന്നതാണെന്നും അവള്‍ക്ക് തോന്നി. 

കഴിഞ്ഞ മഞ്ഞുകാലത്ത് അവരുടെ യാത്ര ആസ്ട്രേലിയയിലേക്കായിരുന്നു. ആ രസകരമായ യാത്രയില്‍ അവര്‍ പല വീഡിയോയും ഷൂട്ട് ചെയ്തിട്ടുണ്ടായിരുന്നു. അത് കുടുംബാംഗങ്ങളുമായി പങ്കുവെക്കണം എന്ന് തോന്നിയപ്പോഴാണ് അത് യൂട്യൂബില്‍ അപ്ലോഡ് ചെയ്തത്. പക്ഷെ, വീഡിയോ വളരെ വേഗം പലരും കണ്ടു. യുറ ഷൂട്ട് ചെയ്യുകയും എഡിറ്റ് ചെയ്യുകയും ചെയ്തു. പാര്‍ക്കായിരുന്നു അഭിനേത്രി. ഗ്രാന്‍ഡ്മാസ് ഡെയ്ലി ലൈഫ് (Grandma's daily life) എന്നായിരുന്നു പേര് നല്‍കിയത്. 

ടി വി ഡ്രാമ പാര്‍ക്കിനിഷ്ടമായിരുന്നു. അതിനാല്‍ അതിന്‍റെ റിവ്യൂ അവര്‍ ഷൂട്ട് ചെയ്ത് അവതരിപ്പിച്ചു. അതുപോലെ തന്നെ പ്രിയമായിരുന്നു പാര്‍ക്കിന് മേക്കപ്പും. അതുകൊണ്ട് തന്നെ അതും ഷൂട്ട് ചെയ്ത് അപ്ലോഡ് ചെയ്തു. അതുപോലെ തന്നെ പാര്‍ക്കിന് പ്രിയപ്പെട്ട മറ്റൊരു കാര്യം പാചകമായിരുന്നു. അങ്ങനെ അതും യുറ ഷൂട്ട് ചെയ്തു. 

എന്ത് കാര്യവും മുഖത്ത് നോക്കി പറയാന്‍ മടി കാണിക്കാത്ത ആളായിരുന്നു പാര്‍ക്ക്. അതിനാല്‍ തന്നെ യുവാക്കള്‍ പാര്‍ക്കിന്‍റെ ആരാധകരായി മാറി. ആദ്യമൊക്കെ ആളുകള്‍ തിരിച്ചറിയുന്നത് പാര്‍ക്കിന് ഭയമായിരുന്നു. എന്നാല്‍, 'യ്യോ അത് പാര്‍ക്ക് റേ അല്ലേ...' എന്ന് പറഞ്ഞ് ആളുകള്‍ അടുത്ത് ചെല്ലുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നത് പതിവായി. 

പല അവാര്‍ഡുകളും പാര്‍ക്കിനെ തേടിയെത്തി. പല മാഗസിനുകളിലും പാര്‍ക്ക് നിറഞ്ഞുനിന്നു. 

''എന്‍റെ അന്‍പതാമത്തെയും അറുപതാമത്തേയും വയസ്സില്‍ ഞാന്‍ ചിന്തിച്ചിരുന്നു, ഈ ജീവിതം എന്നാലെന്താണ് എന്ന്. പ്രായമായില്ലേ, ജീവിതം തീര്‍ന്നുപോയില്ലേ എന്നെല്ലാം ഞാനന്ന് ചിന്തിച്ചിരുന്നു. പക്ഷെ, എഴുപതാമത്തെ വയസ്സിലാണ് എന്‍റെ ജീവിതം ആരംഭിക്കുന്നത്. അതിനെനിക്ക് എന്‍റെ കൊച്ചുമകളോട് നന്ദിയുണ്ട്. പ്രായമായ ആളുകളോട് നിങ്ങളുടെ ജീവിതം തീര്‍ന്നുപോയി എന്ന് പറയരുത്. അവര്‍ക്ക് അവരുടെ ജീവിതം പിന്നെയും ആഘോഷിക്കാനായേക്കും...'' പാര്‍ക്ക് പറയുന്നു. 

പ്രായമായവരോട് പാര്‍ക്കിന് പറയാനുള്ളതും ഇതാണ്, ചടഞ്ഞിരിക്കാതെ യാത്ര ചെയ്യൂ, ആഘോഷിക്കൂ എന്ന്.