Asianet News MalayalamAsianet News Malayalam

'കുര്‍ക്കുറെ' എന്ന് കരുതി പ്ലേറ്റ് കണക്കിന് തട്ടി; ചൈനയില്‍ നിന്നും കഴിച്ചതെന്തെന്നറിഞ്ഞപ്പോള്‍ ഞെട്ടി...!

'താൻ ​ഗൂ​ഗിളിന്റെ ബെയ്ജിം​ഗ് ഓഫീസിലെ കഫെറ്റീരിയയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വലിയ പ്ലേറ്റിൽ കുർക്കുറെ പോലെ ഇരിക്കുന്ന ഒരു വസ്തു കണ്ടത്. ഞാനതിൽ നിന്നും ഒരു ഭാ​ഗമെടുത്ത് കഴിച്ചു.'

Parminder Singh mistaken duck tongues as kurkures viral post rlp
Author
First Published Jan 23, 2024, 5:36 PM IST

ഗൂഗിളിന്റെയും ട്വിറ്ററിന്റെയും മുൻ മാനേജിംഗ് ഡയറക്ടറായ പർമീന്ദർ സിംഗ്, ബെയ്ജിംഗിലെ ഗൂഗിളിന്റെ ഓഫീസിൽ വച്ചുണ്ടായ ഒരനുഭവം എക്സിൽ ഷെയർ ചെയ്തു. ചൈനയിലെ ഒരു വിഭവം താനെങ്ങനെയാണ് കുർകുറെയായി തെറ്റിദ്ധരിച്ചത് എന്നാണ് പർമീന്ദർ സിം​ഗ് പറയുന്നത്. അവസാനം ആ വിഭവം എന്തായിരുന്നു എന്നറിഞ്ഞ പർമീന്ദർ സത്യത്തിൽ ഞെട്ടിപ്പോയി. 

പർമീന്ദർ സിം​ഗ് പങ്കുവച്ച രസകരമായ അനുഭവം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഓഫീസിലെ കഫെറ്റീരിയയിൽ വച്ചുണ്ടായ അനുഭവമാണ് അദ്ദേഹം പങ്കുവയ്ക്കുന്നത്. അതിൽ പറയുന്നത് ഇങ്ങനെയാണ്, ''താൻ ​ഗൂ​ഗിളിന്റെ ബെയ്ജിം​ഗ് ഓഫീസിലെ കഫെറ്റീരിയയിൽ ഇരിക്കുകയായിരുന്നു. അപ്പോഴാണ് ഒരു വലിയ പ്ലേറ്റിൽ കുർക്കുറെ പോലെ ഇരിക്കുന്ന ഒരു വസ്തു കണ്ടത്. ഞാനതിൽ നിന്നും ഒരു ഭാ​ഗമെടുത്ത് കഴിച്ചു. 'വൗ നിങ്ങൾ ഇതിന്റെ ആരാധകനായിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു' എന്നാണ് ആ സമയത്ത് ഒരു സഹപ്രവർത്തക പറഞ്ഞത്. 'ഉറപ്പായും ഞാൻ ഇതിന്റെ ആരാധകനാണ്. ഇതുപോലെയുള്ള ഭക്ഷണം ഞാൻ ഇന്ത്യയിൽ നിന്നും കഴിച്ചിട്ടുണ്ട്' എന്ന് താൻ മറുപടി നൽകി. അവർ സർപ്രൈസ് ആയി. 'താറാവിന്റെ നാവ് ഇന്ത്യയിൽ സാധാരണയായി ലഭിക്കുന്ന ഭക്ഷണമാണോ' എന്നാണ് അവർ തിരിച്ചു ചോദിച്ചത്. താൻ ആസ്വദിച്ചു കൊണ്ടിരുന്നത് താറാവിന്റെ നാവ് ആയിരുന്നു എന്ന് അപ്പോഴാണ് മനസിലായത്. ഇപ്പോൾ എവിടെ കുർക്കുറെ കണ്ടാലും താൻ വീണ്ടും വീണ്ടും ചെക്ക് ചെയ്യാറുണ്ട്'' എന്നും പർമീന്ദർ സിം​ഗ് പറയുന്നു. 

ഒപ്പം, മറ്റൊരു ട്വീറ്റിൽ, 'താൻ എല്ലാതരം ഭക്ഷണങ്ങളും പരീക്ഷിക്കുന്ന ആളാണ്. പാമ്പിനെയും പ്രാണിയേയും കഴിച്ചിട്ടുണ്ട്. പക്ഷേ, കുർക്കുറെ കഴിക്കാൻ തോന്നിയാൽ കുർക്കുറെ തന്നെ കഴിക്കണം' എന്നും പർമീന്ദർ കുറിക്കുന്നുണ്ട്. എന്തായാലും കുർക്കുറെ ആണെന്ന് തെറ്റിദ്ധരിച്ച് താറാവിന്റെ നാവ് കഴിച്ച പർമീന്ദറിന്റെ പോസ്റ്റ് വളരെ പെട്ടെന്നാണ് വൈറലായത്. 

നിലവിൽ മീഡിയാകോർപ്പിൽ ചീഫ് കൊമേഴ്‌സ്യൽ ഓഫീസറും ചീഫ് ഡിജിറ്റൽ ഓഫീസറുമാണ് പർമീന്ദർ സിം​ഗ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios