ബെംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്കുള്ള ഇൻഡിഗോ വിമാനം പറന്നുയരുന്നതിന് തൊട്ടുമുമ്പ് യാത്രക്കാരന് ദേഹാസ്വാസ്ഥ്യം. വിമാനത്തിലുണ്ടായിരുന്ന ഡോക്ടറുടെയും ക്യാബിൻ ക്രൂവിൻ്റെയും സമയോചിതമായ ഇടപെടലിന് സോഷ്യല്‍ മീഡിയയില്‍ കയ്യടി.
വിമാനത്തിനുള്ളിൽ യാത്രക്കാരന് ദേഹാസ്വാസ്ഥ്യം. തക്ക സമയത്ത് വേണ്ട ഇടപെടലുകൾ നടത്തിയ വിമാനത്തിലെ ജീവനക്കാരെയും ഡോക്ടറെയും അഭിനന്ദിക്കുകയാണ് ഇപ്പോൾ സാമൂഹിക മാധ്യമത്തിലൂടെ ആളുകൾ. ബെംഗളൂരു കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിനുള്ളിൽ വച്ച് വിമാനം പറന്നുയരാൻ പോകുന്നതിന് തൊട്ടുമുമ്പാണ് യാത്രക്കാരന് അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. ഏപ്രിൽ 16 -ന് ബെംഗളൂരുവില്‍ നിന്നും ഡൽഹിയിലേക്ക് പുറപ്പെടാനിരുന്ന 6E 840 വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനം പറന്നുയരുന്നതിന് തൊട്ടുമുൻപ് ഒരു യുവാവിന് പെട്ടെന്ന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെടുകയായിരുന്നു. ക്യാബിൻ ക്രൂ ഉടനെ തന്നെ ഇടപെടുകയും വിമാനത്തിലുണ്ടായിരുന്ന ഒരു ഡോക്ടറുടെ സഹായം തേടുകയും ചെയ്തു. ഡോക്ടറും വിമാന ജീവനക്കാരും ചേർന്ന് യുവാവിന് പ്രാഥമിക ചികിത്സ നൽകി. പിന്നാലെ വിദഗ്ധ ചികിത്സയ്ക്കായി ഉടൻ തന്നെ ആംബുലൻസിലേക്ക് മാറ്റുകയും ചെയ്തു.
വിമാനത്തിലുണ്ടായിരുന്ന ഷൈലി എന്ന യാത്രക്കാരിയാണ് ഈ സംഭവങ്ങൾ ഇൻസ്റ്റഗ്രാമിൽ ഷെയർ ചെയ്തത്. പൈലറ്റും വിമാനത്തിലെ മറ്റ് ജീവനക്കാരും തക്ക സമയത്ത് വേണ്ടതുപോലെ ഇടപെട്ടതിനെ പ്രശംസിച്ചുകൊണ്ട് നിരവധിപ്പേരാണ് മുന്നോട്ട് വന്നത്. അപ്രതീക്ഷിതമായുണ്ടായ ഈ മെഡിക്കൽ എമർജൻസി കാരണം യാത്ര വൈകിയെങ്കിലും സഹയാത്രികർ കാട്ടിയ ക്ഷമയും വിവേകവും ഏറെ ഹൃദ്യമായിരുന്നു എന്നും ഷൈലി കുറിച്ചിട്ടുണ്ട്.
അതേസമയം, ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്. അന്നേ ദിവസം തന്നെ യുവാവിനെ ഡിസ്ചാർജ് ചെയ്തതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ദൈവത്തെ പോലെ എന്നാണ് യുവാവിന്റെ ജീവൻ രക്ഷിക്കാനായി തക്കസമയത്ത് പ്രവർത്തിച്ച ഡോക്ടറെയും വിമാനത്തിലെ ജീവനക്കാരെയും ആളുകൾ വിശേഷിപ്പിക്കുന്നത്.
