വിമാനം പറക്കുന്നതിനിടയിൽ എമർജൻസി വാതില്‍ തുറക്കാൻ ശ്രമിച്ചു, യാത്രക്കാരൻ പിടിയിൽ
അസമിലെ ഗുവാഹത്തിയിൽ നിന്നും അഗർത്തലയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്.

വിമാനം നിലത്തിറങ്ങുന്നതിനു മുൻപായി എമർജൻസി എക്സിറ്റ് തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ എയർപോർട്ട് പൊലീസ് അറസ്റ്റ് ചെയ്തു. ത്രിപുരയിലെ അഗർത്തല വിമാനത്താവളത്തിൽ ലാൻഡിങ്ങിനായി ഒരുങ്ങി കൊണ്ടിരുന്ന ഇൻഡിഗോ വിമാനത്തിന്റെ എമർജൻസി വാതിൽ ആണ് ഒരു യാത്രക്കാരൻ തുറക്കാൻ ശ്രമം നടത്തിയത്.
ഇയാൾ വാതിൽ തുറക്കാൻ ശ്രമിക്കുമ്പോൾ വിമാനം ലാൻഡിങ് പൂർത്തിയാക്കിയിരുന്നില്ല. തുടർന്ന് വിമാനത്തിലെ ജീവനക്കാർ ഇയാളുടെ ശ്രമം തടയുകയും ലാൻഡിങ് പൂർത്തിയാക്കി ഇയാളെ എയർപോർട്ട് പൊലീസിനെ ഏൽപ്പിക്കുകയും ചെയ്തു. എയർപോർട്ട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അസമിലെ ഗുവാഹത്തിയിൽ നിന്നും അഗർത്തലയിലേക്ക് വന്ന ഇൻഡിഗോ വിമാനത്തിലാണ് ഈ സംഭവം ഉണ്ടായത്. ബിശ്വജിത്ത് ദേബ്നാഥ് എന്ന 41 -കാരനാണ് തീർത്തും അപ്രതീക്ഷിതമായി വിമാനത്തിന്റെ വാതിൽ തുറക്കാൻ ശ്രമം നടത്തിയത്. ഇത് ശ്രദ്ധയിൽപ്പെട്ട മറ്റ് യാത്രക്കാരും വിമാനത്തിലെ ജീവനക്കാരും ചേർന്ന് ഇയാളെ തടയുകയായിരുന്നു. ഇതോടെ രോഷാകുലനായ ഇയാൾ ജീവനക്കാരോട് മോശമായി പെരുമാറി.
എന്തുകൊണ്ടാണ് ഇയാൾ ഇത്തരത്തിൽ പെരുമാറിയത് എന്ന കാര്യം വ്യക്തമല്ല. നിലവിൽ ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. വിമാനത്തിനുള്ളിൽ ഉണ്ടായിരുന്ന മറ്റു യാത്രക്കാരുടെയും ജീവനക്കാരുടെയും ജീവന് ഭീഷണി വരുത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
ഏതാനും ദിവസങ്ങൾ മുൻപാണ് മുംബൈയിൽ നിന്നും ഗുവാഹത്തിലേക്ക് പോവുകയായിരുന്നു മറ്റൊരു ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരിയെ കയറിപ്പിടിച്ചതിന് സഹയാത്രക്കാരനെ അറസ്റ്റ് ചെയ്തത്. മുംബൈയിൽ നിന്ന് പുറപ്പെട്ട ഇൻഡിഗോ 6E-5319 വിമാനത്തിലായിരുന്നു സംഭവം നടന്നത്.
ലക്ഷ്യസ്ഥാനമായ ഗുവാഹത്തിയില്‍ ഇറങ്ങുന്നതിന് വെറും 15 മിനിറ്റ് മുമ്പായിരുന്നു യാത്രക്കാരൻ സഹയാത്രികയോട് മോശമായി പെരുമാറിയത്. ഉടൻതന്നെ യുവതി ജീവനക്കാരെ വിവരം അറിയിക്കുകയും വിമാനം ഗുവാഹത്തി എയർപോർട്ടിൽ ഇറങ്ങിയതിന് തൊട്ടുപിന്നാലെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.