മിനിയാപൊളിസിൽ നിന്ന് ന്യൂവാർക്കിലേക്കുള്ള സൺ കൺട്രി എയർലൈൻസ് വിമാനത്തിൽ ഒരു യാത്രക്കാരൻ വിചിത്രമായി പെരുമാറി. 15-ഓളം മുഖംമൂടികൾ ധരിച്ച ഇയാൾ, സ്വവർഗ്ഗാനുരാഗികൾ തനിക്ക് കാൻസർ നൽകിയെന്ന് ആരോപിച്ച് ബഹളം വെച്ചg. പിന്നാലെ  അടിയന്തര ലാൻഡിംഗ് നടത്തി.

മിനിയാപൊളിസിൽ നിന്ന് ന്യൂവാർക്കിലേക്കുള്ള വിമാനത്തിൽ അസാധാരണമായ ചില സംഭവവികാസങ്ങളായിരുന്നു സംഭവിച്ചത്. വിമാനം പറന്നുയ‍ർന്നതിന് പിന്നാലെ മുഖംമൂടി ധരിച്ച ഒരു യാത്രക്കാരൻ വിചിത്രമായി പെരുമാറാനും സ്വവർഗ്ഗാനുരാഗികൾ തനിക്ക് 'കാൻസർ' നൽകിയെന്ന് ആരോപിച്ച് ബഹളം വയ്ക്കാനും തുടങ്ങി. വിമാന യാത്രയ്ക്കിടെ യാത്രക്കാരന്‍റെ അസാധാരണമായ പെരുമാറ്റത്തെ തുടർന്ന് വിമാനം അടിയന്തരമായി ചിക്കാഗോയില്‍ അടിയന്തര ലാന്‍റിംഗ് നടത്തി. ഒക്ടോബർ 3 ന് സൺ കൺട്രി എയർലൈൻസ് വിമാനത്തിലാണ് സംഭവം നടന്നതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

15 ഓളം മുഖംമൂടികൾ

യാത്രക്കാരന്‍റെ നടപടി ആശയക്കുഴപ്പമുണ്ടാക്കുന്നതും അസ്വസ്ഥത ഉളവാക്കുന്നതുമാണെന്നായിരുന്നു മറ്റ് യാത്രക്കാർ വിശേഷിപ്പിച്ചത്. മറ്റ് യാത്രക്കാര്‍ക്കൊപ്പം ഇരുന്നിരുന്ന ഇയാൾ പെട്ടെന്ന് എഴുന്നേറ്റ് തന്നെ സ്വവർഗ്ഗാനുരാഗികൾ സമീപിച്ചെന്നും അവര്‍ തനിക്ക് റേഡിയേഷന്‍ നല്‍കിയെന്നും ആരോപിച്ചു. പിന്നാലെ ട്രംപ് ഇവിടെയുണ്ടെന്ന് അയാൾ അലറി വിളിച്ചു. ഇയാൾ ഉച്ചത്തില്‍ ബഹളം വയ്ക്കുകയും അസഭ്യം പറഞ്ഞതായും റിപ്പോര്‍ട്ടുകൾ പറയുന്നു. വിമാനം താഴേക്ക് വീഴാൻ പോകുന്നുവെന്നും ഇയാൾ ഇടയ്ക്ക് അലറി വിളിച്ചു. ഇതിനിടെ ഇയാൾ സ്വവർഗ്ഗാനുരാഗികൾ തനിക്ക് ക്യാന്‍സ‍ർ രോഗം സമ്മാനിച്ചെന്നും ആക്രോശിച്ചു. 

Scroll to load tweet…

ഇയാൾ ഏതാണ്ട് 15 ഓളം മുഖംമൂടികൾ ധരിച്ചിരുന്നതായും റിപ്പോര്‍ട്ടുകൾ പറയുന്നു. പേര് വെളിപ്പെടുത്താത്ത ഈ യാത്രക്കാരന്‍റെ സീപത്ത് ഇരുന്നിരുന്ന മറ്റൊരു യാത്രക്കാരനായ സെത്ത് ഇവാന്‍സ് പറഞ്ഞത്, അതുവരെ കാന്‍റിക്രാഷ് കളിച്ച് കൊണ്ട് ഇരിക്കുകയായിരുന്ന യാത്രക്കാരന്‍ പെട്ടെന്നാണ് ബഹളം വച്ച് തുടങ്ങിയതെന്നതാണ്. നിശബ്ദതയില്‍ നിന്നും ഇയാൾ പെട്ടെന്ന് അലറി വിളിക്കാന്‍ തുടങ്ങിയെന്നും സെത്ത് ഇവാന്‍ പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.

അറസ്റ്റ്

ഷിക്കാഗോ വിമാനത്താവളത്തില്‍ വിമാനം അടിയന്തര ലാൻഡിംഗ് നടത്തിയതിന് പിന്നാലെ ഷിക്കാഗോ പോലീസ് ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിലെടുത്തു. വിമാനം ഒരു അനിഷ്ട സംഭവവും കൂടാതെ ലാൻഡ് ചെയ്തു. സംശയാസ്പദമായ യാത്രക്കാരനെ പോലീസിന് കൈമാറുകയും വിമാനത്തില്‍ നിന്ന് പുറത്താക്കുകയും ചെയ്തതായി എയർലൈൻ മിനസോട്ട സ്റ്റാർ ട്രിബ്യൂണിനോട് പറഞ്ഞു. യാത്ര തടസ്സപ്പെട്ട സമയത്ത് തങ്ങളുടെ യാത്രക്കാർ കാണിച്ച ക്ഷമയെ അഭിനന്ദിക്കുന്നുവെന്നും എയർലൈൻ കൂട്ടിച്ചേർത്തു.