ഹിമാചൽ പ്രദേശിലെ മണാലി ഹൈവേയിൽ കനത്ത മഴയെ തുടർന്ന് കുന്നിടിഞ്ഞ് ഫ്ലൈഓവറിന് കേടുപാടുകൾ സംഭവിച്ചു. തകർന്ന തൂണുകൾക്ക് താങ്ങായി അധികൃതർ മണൽച്ചാക്കുകൾ ഉപയോഗിച്ചതിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെ, ആശങ്കകളും വിമർശനങ്ങളും ഉയർന്നു.
ഹിമാചൽ പ്രദേശിലെ മണാലി ഹൈവേയിൽ അതിശക്തമായി പെയ്ക മഴയില്‍ കുന്നിടിഞ്ഞതിനെ തുടർന്ന് ഫ്ലൈഓവറിന്‍റെ ഗർഡറുകൾക്കും തൂണുകൾക്കും കേട് പാട് സംഭവിച്ചു. ഇതോടെ പാണ്ടോ-തക്കോലി ഹൈവേയിലൂടെയുള്ള യാത്ര ഭയം നിറഞ്ഞതായി. പിന്നാലെ മണൽ ചാക്കുകളിൽ താങ്ങി നിർത്തിയ ഫ്ലൈ ഓവറിന്‍റെ ചിത്രങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ചാര്‍ച്ചയ്ക്ക് തന്നെ തുടക്കമിട്ടു. കുളു, മണാലി തുടങ്ങിയ ഹിമാചൽപ്രദേശിന്‍റെ വടക്കൻ പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന നിർണായക പാതയിലാണ് ഈ അപകടക്കെണി നിലനില്‍ക്കുന്നത്.
അപകടം
മൺസൂൺ കാലത്തെ അതിശക്തമായി മഴയാണ് പാണ്ടോ-തക്കോളി ഭാഗത്തെ സാരമായി ബാധിച്ചത്. അപ്രതീക്ഷിതമായുണ്ടായ അതിശക്തമായ മഴയും, മേഘസ്ഫോടനങ്ങളും ശക്തമായ മണ്ണിടിച്ചിലിന് കാരണമായി. പിന്നാലെ പാണ്ടോ-തക്കോലി ഹൈവേയുടെ ഒരു ഭാഗത്തുള്ള കുന്ന് ഇടിഞ്ഞ് ഫ്ലൈഓവറിന്‍റെ ഗർഡറുകളിലേക്കും തൂണുകളിലേക്കും വീഴുകയായിരുന്നു. ഇതോടെ ഗർഡറുകൾ പലതിനും ആഘാതമുണ്ടാവുകയും അപകട സാധ്യത കൂട്ടുകയും ചെയ്തു. ഇതിന് പിന്നാലെയാണ് താത്കാലിക പരിഹാരമെന്ന നിലയില്‍ ഹൈവേ അധികൃതർ മണല്‍ ചാക്കുകൾ നിറച്ച് ഫ്ലൈഓവറിന്‍റെ തൂണുകൾക്ക് താത്ക്കാലിക താങ്ങ് നല്‍കിയത്. എന്നാല്‍, ഈ കാഴ്ച അതുവഴി പോകുന്ന യാത്രക്കാരെ ഭയപ്പെടുത്തുന്നെന്ന് സമൂഹ മാധ്യമ ഉപയോക്കാക്കൾ കുറിച്ചു.
വീഡിയോയും പ്രതികരണവും
ഫ്ലൈഓവറിനടിയിലൂടെ കാറുകൾ നീങ്ങുന്നിടത്താണ് വീഡിയോ ദൃശ്യങ്ങൾ ആരംഭിക്കുന്നത്. ക്യാമറ നീങ്ങുമ്പോൾ, താൽക്കാലിക താങ്ങ് നൽകുന്നതിനായി മണൽച്ചാക്കുകൾ അടുക്കി വച്ചിരിക്കുന്ന തകർന്ന ഭാഗം വീഡിയോയില്‍ കാണാം. മണാലി ഹൈവേയിലെ ഫ്ലൈഓവറിന്‍റെ തകർന്ന പില്ലറിന് മണൽ ചാക്കുകൾ ഉപയോഗിച്ച് ബലപ്പെടുത്തിയത് ഇങ്ങനെയാണ്. ഏതെങ്കിലും എഞ്ചിനീയർ വിദഗ്ദ്ധന് ഇവിടെ എന്തെങ്കിലും അഭിപ്രായം പറയാൻ ആഗ്രഹമുണ്ടോ? എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ എക്സിൽ പങ്കുവയ്ക്കപ്പെട്ടത്.
വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ മണൽച്ചാക്കുകളെ ആശ്രയിക്കുന്നതിന്‍റെ അപകടസാധ്യതകൾ നിരവധി പേരാണ് ചൂണ്ടിക്കാണിച്ചത്. ഇന്ത്യൻ ഭരണകൂടം യാതൊരു ഉത്തരവാദിത്തവുമില്ലാതെ ഇന്ത്യയിലെ പൗരന്മാരുടെ ജീവിതം കൊണ്ട് കളിക്കുന്നത് തുടരുകയാണെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ അസ്വസ്ഥതയോടെ കുറിച്ചത്. മണാലി പോലുള്ള ഒരു പ്രധാന ഹൈവേയിൽ തകർന്ന ഫ്ലൈഓവർ പിയറിനെ താങ്ങിനിർത്താൻ മണൽച്ചാക്കുകൾ ഉപയോഗിക്കുന്നത് എഞ്ചിനീയറിംഗ് സുരക്ഷായെ അടിസ്ഥാനമാക്കി ആശങ്കാജനകമാണ്. മണൽച്ചാക്കുകൾ താൽക്കാലികവും കുറഞ്ഞ പിന്തുണ മാത്രമേ നൽകുന്നുള്ളൂ, ശരിയായ ഘടനാപരമായ അറ്റകുറ്റപ്പണികൾക്കോ ഡൈനാമിക് ലോഡുകൾ കൈകാര്യം ചെയ്യാൻ രൂപകൽപ്പന ചെയ്ത പ്രൊഫഷണൽ ഷോറിംഗ് സിസ്റ്റങ്ങൾക്കോ അത് പകരമാവില്ല, പ്രത്യേകിച്ച് തിരക്കേറിയ ഗതാഗത റൂട്ടുകളിലെന്നായിരുന്നു ഒരു കാഴ്ചക്കാരന്‍ എഴുതിയത്. ഇത് സിവിൽ എഞ്ചിനീയറിംഗ് അല്ല, മറിച്ച് സിവിൽ ചൂതാട്ടമാണെന്നായിരുന്നു ഒരു കുറിപ്പ്. വളരെ നൂതനമായ ആശയം. നമ്മൾ ഇതിന് പേറ്റന്റിന് അപേക്ഷിച്ചോയെന്ന് മറ്റൊരു കാഴ്ചക്കാരന്‍ കളിയാക്കി.
അതേസമയം ഈ ഫ്ലൈഓവർ ഇതുവരെ പൊതുജനങ്ങൾക്ക് തുറന്ന് കൊടുത്തിട്ടില്ല. 2022 മെയ് മാസത്തോടെ 75 ശതമാനം പണി പൂര്‍ത്തിയായെന്ന് കേന്ദ്രസര്‍ക്കാര്‍ അവകാശപ്പെട്ടിരുന്നു. 2025 ന് രാജസഭയില്‍ നല്‍കിയ ഒരു ചോദ്യത്തിന് മറുപടിയായി മാണ്ഡി മുതൽ പാണ്ടോ വരെയുള്ള ഹൈവേ 2025 ഓഗസ്റ്റ് 15 ന് തുറന്ന് കൊടുക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്.


