ഗോത്ര നേതാക്കളായ ബിർസ മുണ്ട, ജയ്‍പാൽ സിംഗ് എന്നിവരെ സൃഷ്ടിച്ച ജാർഖണ്ഡിലെ മുണ്ട ഗ്രാമം... ഇന്ന് ആ ഗ്രാമം കടന്നുപോകുന്നത് പ്രക്ഷുബ്ധമായ അവസ്ഥയിലൂടെയാണ്. ആദിവാസികളും സർക്കാരും തമ്മിൽ നിരന്തരം പോരാട്ടം നടക്കുന്ന ഇവിടെ, ഗ്രാമവാസികൾ അവരുടെ അവകാശങ്ങൾക്കായി പതൽഗഡി എന്ന പേരിൽ പ്രക്ഷോഭം ആരംഭിച്ചിട്ട് രണ്ട് വർഷങ്ങൾ പിന്നിട്ടു. മൂന്ന് വര്‍ഷത്തിനിടെ ഇവിടെ  11200 പേര്‍ക്കെതിരെയാണ് രാജ്യദ്രോഹക്കുറ്റം ചുമത്തിയിരിക്കുന്നത്. അതിലേറെയും പതല്‍ഗഡി പ്രവര്‍ത്തകര്‍ തന്നെ.

പതൽഗഡി പ്രക്ഷോഭം

2017 -ലാണ് പതല്‍ഗഡി പ്രസ്ഥാനം ആരംഭിക്കുന്നത്. ഇന്ത്യന്‍ ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂള്‍ പ്രകാരം ആദിവാസി പ്രദേശങ്ങള്‍ക്ക് നല്‍കിയ പ്രത്യേക സ്വയംഭരണാവകാശത്തിലെ വ്യവസ്ഥകള്‍ കൊത്തിയ ശിലാഫലകങ്ങള്‍ ഖുന്തി ജില്ലയിലെ ഗ്രാമങ്ങളില്‍ സ്ഥാപിക്കപ്പെടാന്‍ ആരംഭിച്ചതോടെയാണ് രാജ്യദ്രോഹക്കുറ്റമാരോപിച്ച് ആദിവാസികളെ തടവിലിടാന്‍ തുടങ്ങിയത്. അടുത്തകാലത്തായി ജാർഖണ്ഡിലെ ഇരുന്നൂറോളം ഗ്രാമങ്ങളിൽ പ്രതിഷേധ സൂചകമായി അനേകം ശിലാഫലകങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. ആ  ഫലകങ്ങൾ വഴി ഗോത്രവർഗ്ഗക്കാർ തങ്ങളുടെ ഗ്രാമസഭയെ ഏക പരമാധികാര അതോറിറ്റിയായി പ്രഖ്യാപിക്കുകയും, അവരുടെ പ്രദേശത്ത് ‘പുറത്തുനിന്നുള്ളവരെ’ നിരോധിക്കുകയും ചെയ്‍തിരുന്നു.

ആദിവാസികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ സര്‍ക്കാരിന് വീഴ്‍ച പറ്റിയെന്നാണ് പതല്‍ഗഡി പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. നിലവിലെ മുഖ്യമന്ത്രി രഘുബാർ ദാസ് 2016 അവസാനത്തോടെ ആദിവാസി ഭൂമി ഗോത്രവര്‍ഗ്ഗക്കാർക്ക് കൈമാറുന്നത് തടയുന്നതും, വികസന പദ്ധതികൾക്കായി ഗോത്രവർഗ്ഗ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട് രണ്ട് നിയമങ്ങൾ പാസാക്കിയിരുന്നു. ഇതിനെതിരായി വൻപ്രതിഷേധം തന്നെ പൊട്ടിപ്പുറപ്പെട്ടു. അങ്ങനെ 2017 -ന്‍റെ മധ്യത്തിൽ, പ്രസ്‍തുത ബില്ലുകൾ പിൻവലിക്കാൻ സർക്കാർ നിർബന്ധിതരായി. പക്ഷേ, അപ്പോഴും ഗോത്രവർഗക്കാരുടെ ഭൂമിയെ വ്യാവസായിക പദ്ധതികൾക്കായി വലിയ കമ്പനികൾക്കു വിൽക്കാനുള്ള ശ്രമങ്ങൾ സർക്കാർ തുടർന്നുപോന്നു. അതിനെതിരെയുള്ള പ്രതിഷേധമെന്നോണം പതുക്കെപതുക്കെ പതൽഗഡി ഒരു പ്രസ്ഥാനമായി മാറുകയും കൂടുതൽ ആളുകൾ ഇതിൽ പങ്കെടുക്കാൻ ആരംഭിക്കുകയും ചെയ്തു. ഖുന്തി ജില്ലയിലെ എണ്‍പതോളം ഗ്രാമങ്ങൾ പതൽഗഡി പ്രസ്ഥാനത്തിന്‍റെ ഭാഗമാണ്.

ജാർഖണ്ഡ് പൊലീസ് ഗോത്രവർഗ്ഗക്കാരുടെ ഈ പ്രതിഷേധത്തെ പരമാവധി അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടത്തുന്നുണ്ട്. ഇതിന്‍റെ ഭാഗമായി പതിനായിരത്തിലേറെപ്പേര്‍ക്കെതിരെ പൊലീസ് കേസുകൾ എടുത്തു. 2017 ജൂൺ മുതൽ 2018 ജൂലൈ വരെ ഖുന്തി ജില്ലയിൽ 11,200 -ൽ അധികം ആളുകൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഖുന്തിയിലെ ജനസംഖ്യയുടെ രണ്ട് ശതമാനം വരും ഈ രാജ്യദ്രോഹക്കുറ്റം ആരോപിക്കപ്പെടുന്ന 10,000 ആദിവാസികൾ. പ്രതികളിൽ നാൽപത്തിമൂന്നുപേർ ഗ്രാമത്തലവന്മാരാണ്. ഇങ്ങനെ പോയാല്‍ ഭാവിയിൽ കേസുകളിൽ ആരെയും പൊലീസിന് പ്രതിചേർക്കാമെന്ന് ഗ്രാമവാസികൾ ഭയപ്പെടുന്നു.

മണ്ണിടിച്ചിൽ യന്ത്രങ്ങളുപയോഗിച്ചാണ് പൊലീസ് ഈ കുറ്റം ചുമത്തപ്പെട്ടവര്‍ക്കുവേണ്ടി അവരുടെ വീടുകളില്‍ തെരച്ചിൽ ആരംഭിച്ചത്. ഇതിൽ അനവധി വീടുകൾ പൂർണ്ണമായും തകർന്നു. പ്രതിഷേധക്കാരിൽ ഒരാളായ ടിർകിയുടെ ഇളയ മരുമകൾ പറയുന്നത് ഇങ്ങനെയാണ്, അവരുടെ വീട്ടിൽ നിന്ന് കൊണ്ടുവന്ന സ്വകാര്യ വസ്‍തുവകകൾ ഉൾപ്പെടെ എല്ലാം പൊലീസ് എടുത്തുകൊണ്ടുപോയി. ഇവിടെ നടക്കുന്ന പ്രതിഷേധപ്രകടനങ്ങളെ പൊലീസ് തോക്കും ലാത്തിയും ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിക്കുകയാണ്. പൊലീസിന്‍റെ വെടിയേറ്റ് ഒരാൾ മരണപ്പെടുകയും ചെയ്തു. 

ഏതായാലും സര്‍ക്കാരിന്‍റെ ഈ ജനവിരുദ്ധതക്കെതിരെ തെരഞ്ഞെടുപ്പ് ബഹിഷ്‍കരിച്ചും ആധാർ കാർഡും റേഷൻ കാർഡും സർക്കാരിന് തപാൽ വഴി തിരിച്ചയച്ചും അവരുടെ പ്രതിഷേധം അവർ തുടരുകയാണ്.