ഒമ്പതു മണിക്കൂര്‍ നീണ്ട മസ്തിഷ്‌ക ശസ്ത്രക്രിയക്കിടയില്‍ ഒരു രോഗി കൂള്‍ ആയിരുന്ന് സാക്‌സോഫോണ്‍ വായിക്കുന്ന വീഡിയോ ആണ് ഡോക്ടര്‍മാര്‍ പങ്കുവെച്ചത്.

ലോകത്തിന്റെ പല കോണുകളിലും ഉള്ള രസകരമായ സംഭവങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ നമുക്ക് മുന്‍പിലേക്ക് എത്താറുണ്ട്. ഇപ്പോഴിതാ ഏറെ കൗതുകവും അതേസമയം ആശ്ചര്യവും ജനിപ്പിക്കുന്ന ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയാണ്. ഇറ്റലിയിലെ ഒരു കൂട്ടം ഡോക്ടര്‍മാരാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. 

കഴിഞ്ഞദിവസം നടത്തിയ ഒരു പ്രധാന ശസ്ത്രക്രിയക്കിടയില്‍ നടന്ന അപൂര്‍വങ്ങളില്‍ അപൂര്‍വമായി മാത്രം സംഭവിക്കുന്ന ഒരു കാര്യമാണ് അവര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. ഒമ്പതു മണിക്കൂര്‍ നീണ്ട മസ്തിഷ്‌ക ശസ്ത്രക്രിയക്കിടയില്‍ ഒരു രോഗി കൂള്‍ ആയിരുന്ന് സാക്‌സോഫോണ്‍ വായിക്കുന്ന വീഡിയോ ആണ് ഡോക്ടര്‍മാര്‍ പങ്കുവെച്ചത്.

YouTube video player

അടുത്തിടെ നടത്തിയ സൂക്ഷ്മമായ മസ്തിഷ്‌ക ശസ്ത്രക്രിയയുടെ വിശദാംശങ്ങള്‍ പങ്കുവെച്ച കൂട്ടത്തിലാണ് ശസ്ത്രക്രിയയ്ക്കിടയില്‍ രോഗി ഉണര്‍ന്നിരുന്നു സാക്‌സോഫോണ്‍ വായിക്കുന്ന ദൃശ്യങ്ങള്‍ അവര്‍ ഷെയര്‍ ചെയ്തത്. റോമിലെ പെയ്ഡിയ ഇന്റര്‍നാഷണല്‍ ഹോസ്പിറ്റലില്‍ ആണ് സംഭവം. തലച്ചോറിലെ ട്യൂമര്‍ നീക്കം ചെയ്യുന്ന സൂക്ഷ്മ ശസ്ത്രക്രിയ ആയിരുന്നു അത്. ഒമ്പത് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയ്ക്കിടെ 35- കാരനായ രോഗി മുഴുവന്‍ സമയവും ഉണര്‍ന്നിരിക്കുകയും സാക്‌സഫോണ്‍ വായിക്കുകയും ചെയ്തു.

സര്‍ജറി ചെയ്യുമ്പോള്‍ മസ്തിഷ്‌കത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങള്‍ രേഖപ്പെടുത്താന്‍ ഈ സംഗീത പ്രകടനം അവസരം നല്‍കിയതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കളിക്കുക, സംസാരിക്കുക, ചലിക്കുക, ഓര്‍മ്മിക്കുക, എണ്ണുക തുടങ്ങിയ തലച്ചോറിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ നിയന്ത്രിക്കുന്ന ന്യൂറോണല്‍ നെറ്റ്വര്‍ക്കുകള്‍ ശസ്ത്രക്രിയയ്ക്കിടെ വളരെ കൃത്യതയോടെ മാപ്പ് ചെയ്യാന്‍ ശസ്ത്രക്രിയക്കിടെ സാധ്യമായതായി സംഘത്തെ നയിച്ച ഡോ. ക്രിസ്റ്റ്യന്‍ ബ്രോഗ്‌ന പറഞ്ഞു.

രോഗിയുടെ ആരോഗ്യം കാത്തുസൂക്ഷിക്കുന്നതോടൊപ്പം തലച്ചോറിന്റെ പ്രത്യേക ഭാഗങ്ങളില്‍ സ്ഥിതി ചെയ്യുന്ന മസ്തിഷ്‌ക ട്യൂമര്‍ നീക്കം ചെയ്യുക, കാവെര്‍നോമ പോലുള്ള രക്തക്കുഴലുകളുടെ തകരാറുകള്‍ മാറ്റുക എന്നിവയായിരുന്നു ശസ്ത്രക്രിയയുടെ ലക്ഷ്യം എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. ശസ്ത്രക്രിയ പൂര്‍ണ്ണ വിജയമായിരുന്നെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.