കുറഞ്ഞ വരുമാനവും ഭീമമായ വിദ്യാഭ്യാസ വായ്പയും കാരണം സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിലാണ് ന്യൂയോർക്കിലെ അധ്യാപികയായ ആഷ്ലി അലീഷ്യ. ഈ പ്രതിസന്ധിയെ മറികടക്കാന്‍ അവര്‍ കണ്ടെത്തിയ വഴികളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. 

അമേരിക്കയിലെ 17 ശതമാനത്തോളം അധ്യാപകർ ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ രണ്ടാമതൊരു ജോലി കൂടി ചെയ്യാൻ നിർബന്ധിതരാകുന്നു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതിനിടയിലാണ് ആഷ്ലിയുടെ കഥയും ശ്രദ്ധേയമാകുന്നത്. 33-കാരിയായ ആഷ്ലി അലീഷ്യ തന്റെ കരിയർ പ്ലാൻ മാറ്റിവരച്ചതും അങ്ങനെയാണ്. ജീവിതച്ചെലവും വിദ്യാഭ്യാസ വായ്പയും എല്ലാം കൂടി ജീവിതം പ്രയാസകരമാക്കിയപ്പോൾ, കൃത്യമായ പ്ലാനിം​ഗിലൂടെയും അധിക ജോലികളിലൂടെയും തന്റെ വരുമാനം ഇരട്ടിയാക്കുകയായിരുന്നു ആഷ്‍ലി.

2020 -ൽ ന്യൂയോർക്കിൽ മടങ്ങിയെത്തുമ്പോൾ വെറും 50,000 ഡോളറായിരുന്നു ആഷ്ലിയുടെ വാർഷിക വരുമാനം. വാടകയും ചെലവുകളും കഴിഞ്ഞാൽ കൈയിൽ ഒന്നുമില്ലാത്ത അവസ്ഥ. ഈ പ്രതിസന്ധി മറികടക്കാൻ അവർ തന്റെ സ്പെഷ്യലൈസേഷൻ മാറ്റി. നിലവിൽ ഒരു ചാർട്ടർ സ്കൂളിൽ ലാംഗ്വേജ് സ്പെഷ്യലിസ്റ്റായി ജോലി നേടുകയും ചെയ്തു. ഇതോടെ ശമ്പളം 90,000 ഡോളറായി ഉയർന്നു. തന്റെ ഭാഷാപ്രാവീണ്യം ഉപയോഗിച്ച് ഹിസ്പാനിക് കമ്മ്യൂണിറ്റിയിലെ കുട്ടികളെ സഹായിക്കുന്നതിനൊപ്പം, ഇതിൽ നിന്ന് വലിയൊരു തുക സമ്പാദിക്കാനും ആഷ്‍ലിക്ക് സാധിക്കുന്നുണ്ട്.

ഉപരിപഠനത്തിനായി എടുത്ത 92,000 ഡോളറിന്റെ കടബാധ്യതയായിരുന്നു ആഷ്ലിയുടെ മറ്റൊരു പ്രതിസന്ധി. ഇത് വേഗത്തിൽ തീർക്കാനായി അവർ മറ്റൊരു ജോലി കൂടി കണ്ടെത്തി. മെന്റൽ ഹെൽത്ത് കൗൺസിലിംഗിൽ ബിരുദാനന്തര ബിരുദം നേടിയ ആഷ്ലി, വൈകുന്നേരങ്ങളിലും അവധി ദിവസങ്ങളിലും തെറാപ്പി അസോസിയേറ്റായി ജോലി ചെയ്യുന്നു. മണിക്കൂറിന് 55 ഡോളറാണ് (ഏകദേശം 4,500 രൂപ) ഇതിലൂടെ അവർ സമ്പാദിക്കുന്നത്. വരുമാനം കൂട്ടുന്നതിനൊപ്പം ചെലവ് കുറയ്ക്കാനും ആഷ്ലി ശ്രദ്ധിച്ചു. ന്യൂയോർക്കിലെ അമിതമായ വാടകയിൽ നിന്ന് രക്ഷപ്പെടാൻ അവർക്ക് തുണയായത് 'ഹൗസിംഗ് ലോട്ടറി'യാണ്. ചെറിയ നിരക്കിൽ ഇതിലൂടെ താമസസൗകര്യം ലഭ്യമായി. നിലവിൽ തന്റെ വരുമാനത്തിന്റെ നല്ലൊരു ഭാഗം വായ്പാ തിരിച്ചടവിനായി മാറ്റിവെക്കുന്ന ആഷ്ലി, അടുത്ത നാല് വർഷത്തിനുള്ളിൽ കടമെല്ലാം തീർത്ത് സ്വന്തമായി സമ്പാദ്യം തുടങ്ങാമെന്ന ആത്മവിശ്വാസത്തിലാണ്.