എന്നാൽ, യി യി വിട്ടു കൊടുത്തില്ല. അവർ സ്വയം കോഴിയുടെ നഖങ്ങൾ മനോഹരമാക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു മണിക്കൂറിലധികം സമയമെടുത്ത് അവൾ കോഴിയുടെ നഖങ്ങൾ സുന്ദരമാക്കി. ആദ്യം കാലുകൾ കഴുകി വൃത്തിയാക്കി. തുടർന്ന് ഒന്ന് വിടാതെ ഓരോ കാലിലും നെയിൽ പോളിഷ് ഇട്ടു.
ചൈനയിലെ ഷാങ്ഹായിൽ ഒരു സ്ത്രീ തന്റെ വീട്ടിലെ കോഴിക്ക് പെഡിക്യൂർ(Pedicures) ചെയ്ത ഫോട്ടോകൾ ഓൺലൈനിൽ പോസ്റ്റ് ചെയ്തു. ശേഷം ഒറ്റരാത്രികൊണ്ട് വലിയ തരംഗമായി അത് മാറി. ഷാങ്ഹായിൽ നിന്നുള്ള യി യിയ്ക്ക്(Yi Yi from Shanghai) തന്റെ പ്രിയപ്പെട്ട വളർത്തുകോഴിയെ ഒന്ന് സുന്ദരിയാക്കണമെന്ന് പൂതി തോന്നി. പിന്നെ രണ്ടാമതൊന്നു ചിന്തിക്കാതെ അവൾ കോഴിയുമായി ഒരു നെയിൽ സലൂണിലേക്ക് പോയി. മനുഷ്യർക്ക് മാത്രം സേവനം ചെയ്യുന്ന സലൂൺ ജീവനക്കാർ പ്രതീക്ഷിക്കാതെ കോഴിയെ കണ്ട് അന്തിച്ച് പോയി. അവർ അതിന്റെ നഖങ്ങൾ പെഡിക്യൂർ ചെയ്യാൻ വിസമ്മതിച്ചു. ഒരു കോഴിയെ പെഡിക്യൂർ ചെയ്തുവെന്ന് അറിഞ്ഞാൽ അവിടെ സ്ഥിരം വരുന്ന ആളുകൾ അതൃപ്തരാകുമെന്നും, അത് സ്ഥാപനത്തിന്റെ ബിസിനസിനെ സാരമായി ബാധിക്കുമെന്നും ഉടമ അവളോട് പറഞ്ഞു.

എന്നാൽ, യി യി വിട്ടു കൊടുത്തില്ല. അവർ സ്വയം കോഴിയുടെ നഖങ്ങൾ മനോഹരമാക്കാൻ തീരുമാനിച്ചു. അങ്ങനെ ഒരു മണിക്കൂറിലധികം സമയമെടുത്ത് അവൾ കോഴിയുടെ നഖങ്ങൾ സുന്ദരമാക്കി. ആദ്യം കാലുകൾ കഴുകി വൃത്തിയാക്കി. തുടർന്ന് ഒന്ന് വിടാതെ ഓരോ കാലിലും നെയിൽ പോളിഷ് ഇട്ടു. ഓരോ കാലിലും ഓരോ നിറത്തിലുള്ള നെയിൽ പോളിഷാണ് അവൾ ഇട്ടു കൊടുത്തത്. എന്നിട്ടും തൃപ്തി വരാതെ അവൾ കോഴിയുടെ നഖങ്ങളിൽ മുത്തുകളും പതിച്ചു കൊടുത്തു. പക്ഷിയുടെ പാദങ്ങൾ അതിമനോഹരമായി കാണപ്പെട്ടു. തന്റെ വിഷമഘട്ടത്തിൽ തന്നോടൊപ്പം നിന്നതിനുള്ള ഒരു സമ്മാനമായിട്ടാണ് അവൾ ഇത് ചെയ്തത്. കാരണം കഴിഞ്ഞ രണ്ട് വർഷമായി കോഴി അവളോടൊപ്പമുണ്ട്. അവൾ സങ്കടപ്പെടുന്ന സമയത്തെല്ലാം ഒരു കൂട്ടായി കോഴി യി യിയുടെ അരികിൽ തന്നെ ഇരിക്കും. എന്നാൽ, ഇതിനെല്ലാം എങ്ങനെ നന്ദി പറയുമെന്ന് സംശയിച്ചിരുന്ന യിയ്ക്ക് തോന്നിയ ബുദ്ധിയാണ് ഈ ബ്യൂട്ടി സലൂൺ സെഷൻ.

പോഷ് ലുക്കിലുള്ള കോഴിയുടെ നഖത്തിന്റെ ഫോട്ടോകളും വീഡിയോകളും ചൈനീസ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയും വൈറലാകുകയും ചെയ്തതോടെ ഇതിനെതിരെ വിമർശനങ്ങളും ഉയർന്നു. ഒരു തരത്തിൽ പക്ഷിയെ പീഡിപ്പിക്കുന്നതിന് തുല്യമാണ് ഇതെന്ന് വീഡിയോ കണ്ട ആളുകൾ വിമർശിച്ചു. എന്നാൽ, പക്ഷിയുടെ നടത്തത്തെ ഇത് ബാധിച്ചിട്ടില്ലെന്നും, പക്ഷിയ്ക്ക് ഇതുകൊണ്ട് യാതൊരു പ്രയാസവും ഇല്ലെന്നും യി യി മറുപടി പറഞ്ഞു.
