മദ്യം വാങ്ങാന്‍ സര്‍ക്കാര്‍ ഓഫീസിലെ ഫര്‍ണീച്ചറുകളും ഫയലുകളും തൂക്കിവിറ്റു, പ്യൂണ്‍ അറസ്റ്റില്‍ 

രണ്ട് വര്‍ഷം മുമ്പാണ് ഒഡിഷയിലെ ഒരു ജില്ലാ വിദ്യാഭ്യാസ ഓഫീസ് പുതിയ കെട്ടിടത്തിലേക്ക് മാറിയത്. പഴയ ഓഫീസ് കൈകാര്യം ചെയ്യാന്‍ ഒരു പ്യൂണിനെയാണ് ചുമതലപ്പെടുത്തിയത്. ഓഫീസ് മാറിയതോടെ പഴയ ഓഫീസിലേക്ക് ആരും പോവാതെയുമായി. 

അങ്ങനെയിരിക്കെയാണ് ഒരു ഉദ്യോഗസ്ഥന്‍ ഒരു ഫയല്‍ തപ്പി പഴയ വിദ്യാഭ്യാസ ഓഫീസിലേക്ക് പോയത്. അവിടെ ചെന്നപ്പോള്‍ കണ്ട കാഴ്ച ഞെട്ടിക്കുന്നതായിരുന്നു!

ഓഫീസിന് വാതിലില്ല, ജനാലകളില്ല, അകത്ത് മേശകളോ അലമാരകളോ ഒന്നുമില്ല. കെട്ടിപ്പൂട്ടി വെച്ചിരുന്ന പതിറ്റാണ്ടുകളായുള്ള ഫയല്‍ കൂമ്പാരവും അവിടെ കാണാനില്ല! 

അതോടെ ഇദ്ദേഹം മേലധികാരികളെ വിവരമറിയിച്ചു. അവര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണം നടത്തിയപ്പോള്‍ അറിഞ്ഞത് അതിലും ഞെട്ടിക്കുന്ന വിവരമാണ്. പഴയ ഓഫീസിന്റെ സംരക്ഷണ ചുമതലയുള്ള പ്യൂണിനെ അറസ്റ്റ് ചെയ്തപ്പോഴാണ് ഇക്കാര്യം പുറത്തുവന്നത്. 

സംഭവിച്ചത് എന്താണെന്നോ, പഴയ ഓഫീസിലെ സാധനങ്ങളെല്ലാം നമ്മുടെ പ്യൂണ്‍ തൂക്കി വിറ്റു. ഒപ്പം ഫയലുകളും. മദ്യപിക്കാനുള്ള വക തേടിയാണ്, ഇയാള്‍ കണ്ണില്‍ കണ്ടതെല്ലാം അടുത്തുള്ള ആക്രി കച്ചവടക്കാര്‍ക്ക് വിറ്റത്. രണ്ടു കൊല്ലമായി ഇങ്ങനെ കിട്ടിയ കാശും കൊടുത്ത് കള്ളും കുടിച്ച് കിടക്കാറാണ് താനെന്നും പ്യൂണ്‍ സമ്മതിച്ചപ്പോള്‍ ഞെട്ടിയത് പൊലീസുകാര്‍ കൂടിയാണ്. 

ഒഡിഷയിലെ ഗഞ്ജാം ജില്ലയിലെ ബര്‍ഹാംപൂര്‍ നഗരത്തിലാണ് സംഭവം. 1948-ലാണ് ഈ ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. അന്ന് 'സ്‌കൂളുകളുടെ ചുമതലയുള്ള ജില്ലാ ഇന്‍സ്‌പെക്ടറുടെ കാര്യാലയം' എന്നാണിത് അറിയപ്പെട്ടിരുന്നത്. പിന്നീട് ഇതിന്റെ പേര് 'ജില്ലാ വിദ്യാഭ്യാസ ഓഫീസ്' എന്നായി. രണ്ടു വര്‍ഷം മുമ്പ് സൗകര്യങ്ങള്‍ ഏറെയുള്ള പുതിയ കെട്ടിടത്തിലേക്ക് ഈ ഓഫീസ് മാറി. പഴയ ഓഫീസിന്റെ കാവല്‍ ജോലിക്കായി പ്യൂണ്‍ എം പീതാംബറിനെ ഏര്‍പ്പാട് ചെയ്യുകയും ചെയ്തു. 

അതിനിടെയാണ്, സ്ഥാപനത്തിലെ ഓരോ സാധനങ്ങളായി പ്യൂണ്‍ തൂക്കി വിറ്റതെന്ന് പൊലീസ് പറഞ്ഞു. ഫയലുകള്‍ കൂടാതെ 35 അലമാരകള്‍, 10 കസേരകള്‍, നാല് മേശകള്‍ എന്നിവയാണ് ഇയാള്‍ അടുത്തുള്ള ആക്രിക്കച്ചവടക്കാര്‍ക്ക് വിറ്റത്. രണ്ടു വര്‍ഷമായി ഓരോ സാധനങ്ങളായി ഇയാള്‍ തൂക്കി വില്‍ക്കുകയായിരുന്നു. കിട്ടിയ കാശിനെല്ലാം മദ്യപിച്ച് ഫിറ്റായി ഓഫീസില്‍ തന്നെ കിടക്കുകയും ചെയ്തതായി പൊലീസിനോട് ഇയാള്‍ സമ്മതിച്ചു.

സംഭവത്തില്‍ പ്യൂണിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളെ സസ്‌പെന്റ് ചെയ്തതായും വകുപ്പു തല അന്വേഷണം ആരംഭിച്ചതായും ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. സ്ംഭവത്തില്‍ മൂന്ന് ആക്രി കച്ചവടക്കാരെയും അറസ്റ്റ് ചെയ്തു.