2016 -ൽ ഹോങ്കോങ്ങിൽ നടന്ന അവളുടെ എക്സിബിഷനിൽ, യുകെ ആർട്ടിസ്റ്റ് ട്രേസി എമിൻ താൻ ഒരു കല്ലിനെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചു.
കേട്ടാൽ വിചിത്രമെന്ന് തോന്നാവുന്ന പല പ്രണയങ്ങളും വിവാഹങ്ങളുമെല്ലാം ലോകത്തുണ്ടാവുന്നുണ്ട്. അവയെല്ലാം ഓരോരുത്തരുടെയും ഇഷ്ടങ്ങളും തെരഞ്ഞെടുപ്പുകളുമാണ്. അതിൽ, മരത്തെ വിവാഹം കഴിച്ചവരും മതിലിനെ വിവാഹം കഴിച്ചവരുമെല്ലാം പെടുന്നു. ഒരു സ്ത്രീ മരത്തെ വിവാഹം കഴിച്ചിരിക്കുന്നത് ചില ലക്ഷ്യങ്ങൾക്കു വേണ്ടിയാണ് എങ്കിൽ മറ്റൊരാൾ കല്ലിനെ വിവാഹം കഴിച്ചിരിക്കുന്നത് അതിനോടുള്ള ഭീകരപ്രണയം കൊണ്ടാണ്. അത്തരം ചില വ്യത്യസ്ത വിവാഹങ്ങൾ.
മരത്തെ വിവാഹം കഴിച്ച സ്ത്രീ
ഇംഗ്ലണ്ടില്‍ ഒരു സ്ത്രീ തന്റെ ജീവിതപങ്കാളിയായി കണ്ട് ഒരു മരത്തെ വിവാഹം ചെയ്യുകയുണ്ടായി. 2019 -ലാണ് സംഭവം നടന്നത്. വർഷം രണ്ട് കഴിഞ്ഞെങ്കിലും ഇപ്പോഴും തന്റെ പ്രണയത്തിൽ ഒട്ടും കുറവ് വന്നിട്ടില്ലെന്ന് അവൾ പറയുന്നു.
ഇംഗ്ലണ്ടിലെ റിംറോസ് വാലി കൺട്രി പാർക്കി(Rimrose Valley Country Park)ലുള്ള ഒരു മരത്തെയാണ് കേറ്റ് കണ്ണിംഗ്ഹാം (Kate Cunningham) എന്ന യുവതി വിവാഹം കഴിച്ചത്. വിവാഹശേഷം അവൾ തന്റെ പേരിനൊപ്പം എൽഡർ എന്ന് പോലും ചേർക്കുകയുണ്ടായി. കേറ്റിന് തന്റെ പങ്കാളിയോട് വളരെയധികം സ്നേഹമാണ്. ആഴ്ചയിൽ അഞ്ച് തവണ വരെ അവൾ തന്റെ പങ്കാളിയെ കാണാൻ എത്തും. കഴിഞ്ഞ വർഷങ്ങളിൽ ക്രിസ്മസിന് മരം അലങ്കരിക്കുകയും ചെയ്തു അവൾ.

കാര്യം മരത്തെ അവൾക്ക് സ്നേഹമാണെങ്കിലും, അവൾക്കും ഒരു കാമുകനുണ്ട്. അയാൾ അവരുടെ ബന്ധത്തെ എല്ലാവിധത്തിലും പിന്തുണക്കുന്നു. പലപ്പോഴും അവൾ ഭർത്താവിനെ കാണാൻ വരുമ്പോൾ ഈ കാമുകനും കൂടെ കാണും. അവൾ മരത്തെ ചുംബിക്കുന്നതും, ആശ്ലേഷിക്കുന്നതും കാമുകൻ കൗതുകത്തോട് നോക്കി നിൽക്കും. ലോക്ക്ഡൗണായതോടെ സമയം കിട്ടുമ്പോഴൊക്കെ തന്റെ ഭർത്താവിനെ സന്ദർശിക്കാൻ താൻ എത്താറുണ്ടെന്ന് കേറ്റ് പറയുന്നു. എന്ത് ആഘോഷം വന്നാലും അവൾ മരത്തെ കാണാൻ പോകുന്നത് പതിവാണ്. മരമില്ലാതെ തന്റെ ജീവിതത്തിൽ എന്ത് ആഘോഷമെന്നാണ് അവൾ ചോദിക്കുന്നത്. ഇപ്രാവശ്യം ഡിസംബർ 26 -ന് ഭർത്താവിനെ സന്ദർശിക്കാൻ അവൾ പദ്ധതിയിടുന്നു.
"ഇത് ഞങ്ങൾ ഒരുമിച്ചുള്ള മൂന്നാമത്തെ ക്രിസ്മസാണ്. മരത്തെ അലങ്കരിക്കുന്നത് എന്റെ ഒരു പതിവാണ്. ഡിസംബറിലെ ശോഭയുള്ള സൂര്യന്റെ കീഴിൽ ആ മരം എന്നത്തേയും പോലെ ആകർഷകമായി എനിക്ക് തോന്നും" അവൾ പറഞ്ഞു. അതേസമയം, അവളുടെ ഈ പ്രവൃത്തിയെ വെറും ഭ്രാന്തായി മാത്രം കാണാൻ സാധിക്കുകയില്ല. അതിന് പിന്നിൽ വളരെ വലിയ ഒരു ഉദ്ദേശവുമുണ്ട്. മെക്‌സിക്കോയിലെ വനിതാ ആക്ടിവിസ്റ്റുകളാണ് ഈ മരത്തെ വിവാഹം കഴിക്കാൻ കേറ്റിനെ പ്രേരിപ്പിച്ചത്. അനധികൃത മരംമുറിക്കലിനും നിലംനികത്തലിനും എതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടിയായിരുന്നു അത്. റിംറോസ് വാലി കൺട്രി പാർക്കിനെ ഒരു ബൈപാസാക്കി മാറ്റാൻ ഹൈവേസ് ഇംഗ്ലണ്ട് പദ്ധതിയിടുന്നു. അതിൽ നിന്ന് മരങ്ങളെ രക്ഷിക്കാനുള്ള ഒരു പ്രചാരണത്തിന്റെ ഭാഗമാണ് ഈ വിവാഹം. അവളെ കൂടാതെ, വേറെയും വനിതാ പ്രവർത്തകർ ഇതുപോലെ മരങ്ങളെ വിവാഹം ചെയ്യുകയുണ്ടായി.
പ്രണയം ബെർലിൻ മതിലിനോട്!
ഈ സ്ത്രീ പ്രണയിക്കുകയും വിവാഹം കഴിക്കുകയും ചെയ്തത് ഒരു മതിലിനെയാണ്. സ്വീഡനിൽ നിന്നുമുള്ള ആ സ്ത്രീയുടെ കഥ ഇങ്ങനെ.
എയ്ജ റിത്ത എക്ലോഫ് ബെര്‍ലിന്‍ വാള്‍. അതാണ് അവളുടെ പേര്. ആ പേര് വെറുതെയല്ല. പേരിന്‍റെ അവസാനഭാഗത്തുള്ള 'ബെര്‍ലിന്‍ വാള്‍' സാക്ഷാല്‍ ബെര്‍ലിന്‍ മതില്‍ തന്നെയാണ്. വിശ്വസിക്കാന്‍ പ്രയാസം തോന്നുമെങ്കിലും എയ്ജ വിവാഹം കഴിച്ചത് ബെര്‍ലിന്‍ മതിലിനെയാണ്. അവളുടെ ആ അവസ്ഥയ്ക്ക് പറയുന്ന പേരാണ് 'ഒബ്ജെക്ടം സെക്ഷ്വാലിറ്റി'. ആളുകള്‍ക്ക് ഏതെങ്കിലും വസ്തുക്കളോടുള്ള സ്നേഹത്തെയാണ് ഒബ്ജെക്ടം സെക്ഷ്വാലിറ്റി കൊണ്ട് ഉദ്ദേശിക്കുന്നത്.

ആധുനിക കാലത്ത് ആദ്യമായി ഈ വാക്കുപയോഗിക്കുന്നത് ഒരുപക്ഷേ എയ്ജയെ വിശേഷിപ്പിക്കാനായിരിക്കും. 2008 -ലെ അഞ്ചാം ബെർലിൻ ബിനാലെയിലെ 'ബെർലിൻമുറെൻ' എന്ന സിനിമ എക്ലോഫിന്റെ ജീവിതത്തെ അന്താരാഷ്ട്ര ശ്രദ്ധയിൽ കൊണ്ടുവന്നു. ആ സിനിമ അവളുടെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ് നിര്‍മ്മിച്ചിരുന്നത്.
വടക്കൻ സ്വീഡനിലെ സണ്ട്സ്വാളിനടുത്തുള്ള ലിഡനിൽ നിന്നുള്ളതാണ് എയ്ജ. 1979 ജൂൺ 17 -നാണ് അവള്‍ ബെർലിൻ മതിലിനെ 'വിവാഹം' കഴിച്ചത്. പടിഞ്ഞാറും കിഴക്കൻ ബെർലിനും തമ്മിലുള്ള വിഭജന മതിലിൽ എല്ലായ്പ്പോഴും ആകൃഷ്ടയായിരുന്നു അവള്‍. മതിലിനോട് സംസാരിക്കുകയും ചെയ്യുമായിരുന്നു എയ്ജ. ഈ 'വിവാഹം' കഴിഞ്ഞതു മുതൽ അവളുടെ പേരിനൊപ്പം മതിലിന്‍റെ പേര് കൂടി ചേര്‍ത്താണ് അവള്‍ തന്നെ വിശേഷിപ്പിച്ചത്. പേര് മാറ്റിയതായും അവള്‍ പറയുകയുണ്ടായി.
ദാമ്പത്യം ആഘോഷിക്കാനുള്ള അവളുടെ തീരുമാനത്തെക്കുറിച്ച് അവൾ പറഞ്ഞത് ഇങ്ങനെയാണ്, 'ബെര്‍ലിന്‍ മതില്‍ എക്കാലത്തെയും ഏറ്റവും സെക്സിയായ മതിലാണ്' എന്ന്. ബെർലിനിലെ 'വിവാഹ' -ത്തിന് ശേഷം അവള്‍ വീണ്ടും ലിഡനിലേക്ക് താമസം മാറി. 1989 നവംബർ ഒമ്പതിന് ബെര്‍ലിന്‍ മതില്‍ തകര്‍ക്കപ്പെട്ട വാര്‍ത്തയറിഞ്ഞ് അവള്‍ തകര്‍ന്നുപോയി, ആ വാര്‍ത്ത കേട്ട് അവൾ പൊട്ടിക്കരഞ്ഞു. അന്നു മുതല്‍ അവള്‍ സ്വയം വിശേഷിപ്പിച്ചത് വിധവ എന്നാണ്. 2015 ഒക്ടോബര്‍ 31 -നാണ് എയ്ജ മരിക്കുന്നത്.
നോർവീജിയൻ ആർട്ടിസ്റ്റ് ലാർസ് ലോമാനാണ് അവള്‍ക്കായി 'ബെർലിൻമുറേൻ' എന്ന ചിത്രം സമർപ്പിച്ചത്. ഇത് അഞ്ചാമത് ബെര്‍ലിന്‍ ബിനാലെ ഫോര്‍ കണ്ടംപററി ആര്‍ട്ട് വിഭാഗത്തില്‍, പ്രത്യേകം നിർമ്മിച്ച പവലിയനിൽ പ്രദർശിപ്പിച്ചു.
ഫോണിനെ പ്രേമിച്ച മനുഷ്യൻ
ലോസ് ഏഞ്ചൽസ് ചലച്ചിത്ര നിർമ്മാതാവ് ആരോൺ ചെർവെനാക്ക് പറയുന്നത് ആളുകൾക്ക് അവരുടെ സ്മാർട്ട് ഫോണുമായി വൈകാരികമായ അടുപ്പവും പ്രണയവും സൂക്ഷിക്കാമെന്നാണ്. അതിനാൽ മാതാപിതാക്കൾ ഒരു കാമുകിയെ കണ്ടെത്താൻ പറഞ്ഞപ്പോൾ അദ്ദേഹം കണ്ടെത്തിയത് തന്റെ ഫോണിനെയാണ്.
അദ്ദേഹം വിശദീകരിക്കുന്നത് ഇങ്ങനെ, "നമ്മൾ നമ്മോട് തന്നെ സത്യസന്ധത പുലർത്തുകയാണെങ്കിൽ, നാം നമ്മുടെ ഫോണുകളുമായി നിരവധി വൈകാരിക തലങ്ങളിൽ കണക്റ്റു ചെയ്യപ്പെടുന്നു. ആശ്വാസത്തിനും, ശാന്തതയ്ക്കും, ഉറങ്ങാനും, മനസ്സിന് ആശ്വാസം പകരാനും എല്ലാം അതുപയോഗിക്കുന്നു. ഒരർത്ഥത്തിൽ, എന്റെ സ്മാർട്ട്‌ഫോണാണ് എന്റെ ഏറ്റവും നീണ്ട ബന്ധം."
സ്റ്റീം എഞ്ചിനോടാണ് പ്രണയം
ജോക്കിം എ ഒരു റിപ്പയർ മാൻ ആയി ജോലി ചെയ്യുകയാണ്. അദ്ദേഹത്തിന്റെ പങ്കാളി ആരാണ് എന്നോ, ഒരു സ്റ്റീം ലോക്കോമോട്ടീവ്. "ഒരു തകർന്ന റേഡിയേറ്ററിൽ നിന്ന് ഒരു പ്രണയബന്ധം വളരെ നന്നായി തുടങ്ങും" എന്നാണ് ജോക്കിം പറയുന്നത്. അറ്റകുറ്റപ്പണികൾ അവരെ കൂടുതൽ അടുപ്പിക്കും എന്നും. തനിക്ക് 12 വയസ്സുള്ളപ്പോൾ തന്നെ വസ്തുക്കളോട് തനിക്ക് പ്രത്യേകം ഇഷ്ടമുള്ളതായി അദ്ദേഹം മനസിലാക്കിയിരുന്നു. അദ്ദേഹത്തിന് ഇപ്പോൾ 45 വയസ്സുണ്ട്. ഒരു വ്യക്തിയെപ്പോലെ തന്നെയാണ് അദ്ദേഹം തന്റെ ട്രെയിനിനെ സ്നേഹിക്കുന്നത്.
കല്ലിനെ പ്രണയിച്ച കലാകാരി
2016 -ൽ ഹോങ്കോങ്ങിൽ നടന്ന അവളുടെ എക്സിബിഷനിൽ, യുകെ ആർട്ടിസ്റ്റ് ട്രേസി എമിൻ താൻ ഒരു കല്ലിനെ വിവാഹം കഴിച്ചതായി പ്രഖ്യാപിച്ചു. തോട്ടത്തിലെ കല്ലിനെയാണ് അവർ വിവാഹം കഴിക്കുന്നതായി പ്രഖ്യാപിച്ചത്.

അത് മനോഹരമാണ് എന്നും താനതിനോട് പ്രണയത്തിലാണ് എന്നുമാണ് എമിൻ പറഞ്ഞത്. ഒപ്പം എത്ര തന്നെ വലിയ സുനാമി വന്നാലും അത് അവിടെ തന്നെയുണ്ടാകുമല്ലോ എന്നും തനിക്കത് വലിയ ആശ്വാസമാണ് എന്നും കലാകാരി പറയുകയുണ്ടായി.
