Asianet News MalayalamAsianet News Malayalam

Pets welfare Spain : വിവാഹമോചനത്തില്‍ മക്കളുടെ കാര്യംമാത്രമല്ല, വളർത്തുമൃ​ഗങ്ങളുടെ കാര്യത്തിലും തീരുമാനം വേണം

"മൃഗങ്ങൾ കുടുംബത്തിന്റെ ഭാഗമാണ്, ഒരു കുടുംബം വേർപിരിയാൻ തീരുമാനിക്കുമ്പോൾ, മൃഗത്തിന്റെ ഭാവി മറ്റ് കുടുംബാംഗങ്ങളുടെ ഭാവിയെ പോലെ പ്രാധാന്യം അർഹിക്കുന്നു" അഭിഭാഷകനായ ലോല ഗാർസിയ റോയിട്ടേഴ്‌സിനോട് പറഞ്ഞു. 

pets welfare must considered in divorce battle in Spain
Author
Spain, First Published Jan 8, 2022, 3:17 PM IST

ബുധനാഴ്ച പ്രാബല്യത്തിൽ വന്ന ഒരു പുതിയ നിയമപ്രകാരം, സ്പെയിനി(Spain)ൽ ഇനി മുതൽ വളർത്തുമൃഗങ്ങളെ(Pets) കേവലം വസ്തുക്കളെ പോലെ കണക്കാക്കാൻ സാധിക്കില്ല. മറിച്ച് ജീവനുള്ളതും വിവേകവും, വികാരങ്ങളുമുള്ള ജീവികളായി അവയെ കാണണമെന്ന് നിയമം അനുശാസിക്കുന്നു. വളർത്തുമൃഗങ്ങളെ സ്വന്തം കുടുംബാംഗമായി കണക്കാക്കണം. ഇനി മുതൽ ദമ്പതികൾ വേർപിരിയുമ്പോൾ, അവർക്ക് സ്വന്തം മക്കളുടെ ക്ഷേമം മാത്രം നോക്കിയാൽ പോരാ, വളർത്തുമൃഗങ്ങളുടെ ക്ഷേമവും കൂടി പരിഗണിക്കണം. അവയെ ആര് നോക്കുമെന്നത് കുടുംബകോടതിയിൽ ചർച്ച ചെയ്യേണ്ട ഒരു പ്രധാന ഘടകമായിരിക്കുമെന്നും നിയമം പറയുന്നു. സ്പെയിനിന് പുറമേ, ഫ്രാൻസ്, ജർമ്മനി, സ്വിറ്റ്‌സർലൻഡ്, ഓസ്ട്രിയ, പോർച്ചുഗൽ തുടങ്ങിയ രാജ്യങ്ങളും മൃഗങ്ങളെ വിവേകമുള്ള ജീവികളായി അംഗീകരിക്കുന്നു.  

രാജ്യത്തെ സഖ്യസർക്കാരിലെ ജൂനിയർ അംഗമായ യൂനിദാസ് പോഡെമോസാണ് ഇത് തയ്യാറാക്കിയത്. ഒക്ടോബറിൽ തന്നെ മൃഗസംരക്ഷണ നിയമത്തിന്റെ കരട് അദ്ദേഹം തയ്യാറാക്കിയിരുന്നു. വളർത്തുമൃഗങ്ങളെ ആര് നോക്കുമെന്നതിനെ ചൊല്ലിയുള്ള വേർപിരിഞ്ഞ ദമ്പതികളുടെ തർക്കം ഒഴിവാക്കാനാണ് നിയമം ലക്ഷ്യമിടുന്നത്. നിയമം അനുസരിച്ച്, ഉടമകൾ വളർത്തുമൃഗത്തിന്റെ ക്ഷേമം ഉറപ്പ് നൽകണം. ഏതെങ്കിലും വ്യക്തിയ്ക്ക് മുൻപ് മൃഗങ്ങളോട് ക്രൂരത കാണിച്ച ചരിത്രമുണ്ടെങ്കിൽ, അയാൾക്ക് അല്ലെങ്കിൽ അവൾക്ക് വളർത്തുമൃഗത്തെ കൂടെ താമസിപ്പിക്കാൻ നിയമം അനുസരിച്ച് സാധിക്കില്ല.  

"മൃഗങ്ങൾ കുടുംബത്തിന്റെ ഭാഗമാണ്, ഒരു കുടുംബം വേർപിരിയാൻ തീരുമാനിക്കുമ്പോൾ, മൃഗത്തിന്റെ ഭാവി മറ്റ് കുടുംബാംഗങ്ങളുടെ ഭാവിയെ പോലെ പ്രാധാന്യം അർഹിക്കുന്നു" അഭിഭാഷകനായ ലോല ഗാർസിയ റോയിട്ടേഴ്‌സിനോട് പറഞ്ഞു. പുതിയ നിയമമനുസരിച്ച്, മൃഗത്തിന്റെ ക്ഷേമത്തെ അടിസ്ഥാനമാക്കിയായിരിക്കും ആരുടെ കൂടെ മൃഗത്തെ അയക്കണമെന്നത് തീരുമാനിക്കുന്നത്. കുട്ടികളും മൃഗങ്ങളും തമ്മിൽ ഒരു പ്രത്യേക ബന്ധമുള്ളതിനാൽ, സാമ്പത്തിക ഭദ്രതയുള്ള, കുട്ടികളുടെ കസ്റ്റഡി അനുവദിച്ച പങ്കാളിക്കായിരിക്കും മിക്കപ്പോഴും മുൻഗണന. പുതിയ നിയമം മൃഗങ്ങളെ ഉപേക്ഷിക്കുന്നതും, അവയോട് ക്രൂരമായി പെരുമാറുന്നതുമായ സംഭവങ്ങൾ കുറയ്ക്കുമെന്ന് സൈക്കോളജിസ്റ്റായ റോഡ്രിഗോ കോസ്റ്റാവിലാസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios