Asianet News MalayalamAsianet News Malayalam

ഓർക്കാപ്പുറത്ത് മരണത്തിലേക്ക് ഇറങ്ങിപ്പോയവരെ വിളിക്കാൻ കടലോരത്ത് ഒരു ടെലിഫോൺ ബൂത്ത്

പറക്കമുറ്റാത്ത അഞ്ചു മക്കളെയും തന്നെയേല്പിച്ച് സുനാമിത്തിരയിൽ സമുദ്രസമാധിയടഞ്ഞ തന്റെ കാമുകിയെ വിളിച്ച് സംസാരിക്കാൻ സ്ഥിരമായി അവിടെ വരുന്നൊരാളുണ്ട്. തന്റെ വാക്കുകൾ ആ ടെലിഫോൺ വിട്ട് ഇങ്ങോട്ടും പോവുന്നില്ലെന്ന് അയാൾക്ക് നന്നായറിയാം.

phone booth in japan people can call the dead
Author
Japan, First Published Jun 9, 2019, 12:01 PM IST

ടക്കൻ ജപ്പാന്റെ തീരപ്രദേശത്ത്, ഓട്ടുച്ചിക്കുന്നിന്റെ മുകളിൽ, കടൽക്കാറ്റുവീശുന്ന, പൈൻ മരങ്ങൾ നിറഞ്ഞു നിൽക്കുന്നൊരു ഗ്രാമത്തിൽ, ആർത്തലച്ചു തീരത്തണയുന്ന തിരമാലകൾക്ക് അഭിമുഖമായി, വെളുത്ത ചായം പൂശിയ, ചില്ലുജനാലകളുള്ള ഒരു ടെലിഫോൺ ബൂത്തുണ്ട്. അതിനുള്ളിൽ കറുത്ത നിറത്തിലുള്ള ഒരു പഴയ മോഡൽ ഫോണും. ആ ഫോൺ ഒരു ലൈനുമായും കണക്ട് ചെയ്തിട്ടില്ല. എന്നാലും, അത് അദൃശ്യമായ ഒരു കേബിളിനാൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഓർക്കാപ്പുറത്ത് നമ്മുടെ ജീവിതങ്ങളിൽ നിന്നും ഇറങ്ങിപ്പോയ്ക്കളഞ്ഞ നമ്മുടെ പ്രിയപ്പെട്ടവരുമായി. ഈ ഫോൺ കയ്യിലെടുത്ത് നിങ്ങളെ വിട്ടുപോയ നിങ്ങളുടെ പ്രിയപെട്ടവരുടെ നമ്പർ കറക്കി നോക്കൂ. റിസീവർ കാതോട് ചേർത്ത് തൊട്ടുമുന്നിൽ നോക്കെത്താ ദൂരത്തോളം പരന്നു കിടക്കുന്ന കടലിലേക്കൊന്നു നോക്കി, പതുക്കെ കണ്ണടച്ച്, മനസ്സറിഞ്ഞൊന്നു വിളിച്ചുനോക്കൂ, നിങ്ങളെ വിട്ടുപോയ നിങ്ങളുടെ വേണ്ടപ്പെട്ടവരെ.. നിങ്ങൾക്ക് മറുപടി കിട്ടും.. ഉറപ്പ്..! 

2011 -ൽ സുനാമി ജപ്പാൻ തീരത്ത് നാശം വിതച്ചുകൊണ്ട് കടന്നുപോയപ്പോൾ, ഒട്ടുച്ചി ഗ്രാമവാസികൾക്ക് നഷ്ടമായത് 2000 -ലധികം ജീവനാണ്.  സുനാമിക്ക് മുമ്പുതന്നെ സഹോദരനെ നഷ്ടമായ ഏതോ ഒരാളാണ് ഈ ഫോൺ ബൂത്ത് ഇവിടെ സ്ഥാപിച്ചത്. അവിടെ വന്ന് തന്റെ സഹോദരന്റെ നമ്പർ ഡയൽ ചെയ്ത സംസാരിച്ചു തുടങ്ങുമ്പോൾ, തന്റെ വാക്കുകൾ കടൽക്കാറ്റിന്റെ ചിറകിലേറി മരിച്ചുപോയ തന്റെ സഹോദരനിലേക്കെത്തുന്നുണ്ട് എന്നയാൾക്കു തോന്നുമായിരുന്നു. സുനാമി വന്നുപോയതോടെ മലമുകളിലെ ഈ മരിച്ചവർക്കുള്ള ഫോൺ ബൂത്തിന്റെ പ്രസിദ്ധി നാടെങ്ങും പറന്നു. സുനാമിയിൽ ഉറ്റവരെ നഷ്ടമായ പലരും ഈ ബൂത്തിൽ വന്ന് തങ്ങളുടെ ഉറ്റവരെ വിളിക്കാൻ തുടങ്ങി. 

phone booth in japan people can call the dead

പറക്കമുറ്റാത്ത അഞ്ചു മക്കളെയും തന്നെയേല്പിച്ച് സുനാമിത്തിരയിൽ സമുദ്രസമാധിയടഞ്ഞ തന്റെ കാമുകിയെ വിളിച്ച് സംസാരിക്കാൻ സ്ഥിരമായി അവിടെ വരുന്നൊരാളുണ്ട്. തന്റെ വാക്കുകൾ ആ ടെലിഫോൺ വിട്ട് എങ്ങോട്ടും പോവുന്നില്ലെന്ന് അയാൾക്ക് നന്നായറിയാം. എന്നാലും തന്റെ കൂട്ടുകാരിയുടെ ആത്മാവ് ആ ടെലിഫോൺ ബൂത്തിനെ ചുറ്റിപ്പറ്റി നിൽക്കുന്നുണ്ട് എന്ന തോന്നലാണ് അയാളെ അങ്ങോട്ട് വീണ്ടും വീണ്ടും വരാനും ഫോണിലൂടെ തന്റെ കാമുകിയോട് പരിഭവം പറയാനും അയാളെ പ്രേരിപ്പിക്കുന്നത്. ഇപ്രാവശ്യം വന്നപ്പോഴും അയാൾ ആ ദിവസത്തെപ്പറ്റി ഓർത്തു. അമ്മയെക്കാണാനില്ല എന്നും പറഞ്ഞ് മകൾ വന്നത്. അഞ്ചുമക്കളും അച്ഛനും കൂടി അമ്മയെ അന്വേഷിച്ച് ദിവസങ്ങളോളം അലഞ്ഞുതിരിഞ്ഞത്. ഒടുവിൽ ശ്രമങ്ങൾ ഉപേക്ഷിക്കാൻ തീരുമാനിച്ച ദിവസം യാദൃച്ഛികമായി മൃതദേഹം കണ്ടുകിട്ടിയത്. ഒക്കെ അയാൾ വീണ്ടുമോർത്തെടുത്തു. മരണത്തിന്റെ പറുദീസയിൽ നിന്നും ജീവിതത്തിലേക്കൊരു പിന്മടക്കമില്ല എന്ന് അയാൾക്കറിയാം. അതുകൊണ്ട് ഫോൺ വിളിച്ചു സംസാരിക്കുമ്പോഴും അയാൾ തന്റെ കാമുകിയോട് തിരിച്ചു വരാൻ ആവശ്യപ്പെടാറില്ല. ആ ബൂത്തിനുള്ളിൽ ചെന്നു നിന്ന്, റിസീവർ കാതോടുചേർത്ത്, കണ്ണടച്ചു നിൽക്കുമ്പോൾ തന്റെ വാക്കുകൾ ആരോ കേൾക്കുന്നുണ്ട് എന്ന് അയാൾക്ക് തോന്നും.. അതയാൾക്ക് സന്തോഷം പകരും. ഒത്തിരി സന്തോഷം. ഏറെ നാൾ കൂടി തന്റെ പ്രിയപ്പെട്ടവളോട് ഏറെ നേരം മിണ്ടി, ഒടുവിൽ കണ്ണിൽ പൊടിഞ്ഞ ഒരിറ്റു കണ്ണുനീരും തുടച്ച് , ആ ബൂത്തിൽ നിന്നും ഇറങ്ങി വരുമ്പോൾ ആരോടെന്നില്ലാതെ ഒന്ന് ചിരിക്കാൻ ശ്രമിക്കാറുണ്ട് അയാൾ. 

മറ്റൊരാൾക്ക് സുനാമിയിൽ നഷ്ടമായത് തന്റെ  ഭാര്യയെയും ഒരേയൊരു മകളെയുമാണ്. വല്ലപ്പോഴുമൊക്കെ അവരെ വല്ലാതെ മിസ്സ് ചെയ്യുമ്പോൾ അയാൾ ഇവിടെ വരും. അവർ ജീവിച്ചു തുടങ്ങിയിട്ടേയുണ്ടായിരുന്നുള്ളൂ.  തിരകളുമായി മല്ലിട്ട് ഒറ്റക്കൊരു ബോട്ടിൽ കടലിൽ ചെന്ന് മീൻപിടിച്ച് തിരികെ വന്ന് തന്റെ ഭാര്യയെയും മകളെയും ഊട്ടുമായിരുന്നു അയാൾ. ഒടുവിൽ മരണത്തിര തീരത്തടുത്തപ്പോൾ കൂടെക്കൂട്ടിയത്, സദാ തിരത്തുമ്പത്ത് പ്രാണൻ കയ്യിലെടുത്ത് നടക്കുന്ന അയാളെയായിരുന്നില്ല എന്നുമാത്രം. ഭാര്യയെയും പൊന്നുമകളെയും സുനാമിത്തിര കൊണ്ട് പോയത് അയാൾ അറിഞ്ഞുപോലുമില്ല. വീട്ടിൽ വന്ന് നോക്കിയപ്പോൾ ആളെ കാണാതിരുന്നപ്പോഴാണ്  അയാൾ വിവരമറിയുന്നത്. ഇന്നയാൾ രാവും പകലും പണിയെടുക്കുകയാണ്. ഒന്നും ഓർക്കാതിരിക്കാൻ. വെറുതെയിരുന്നാൽ ഒക്കെ ഓർമ്മവരും. അപ്പോൾ കരച്ചിൽ വരും. അതിനു മനസ്സില്ലാത്തതുകൊണ്ട് വീട്ടിൽ വന്നു കേറിയാലുടൻ ഉറങ്ങിപ്പോവുന്നത്ര കഠിനമായി ജോലിചെയ്യും. രാവിലെ വെള്ളകീറിയാലുടൻ വീണ്ടും പോവും പണിക്ക്. ഒന്നും ഓർക്കാതിരിക്കാൻ... ഇനിയും സങ്കടപ്പെടാതിരിക്കാൻ. 

എന്നാലും, അയാൾ വരും വല്ലപ്പോഴും ഈ ടെലിഫോൺ ബൂത്തിലേക്ക്... ഒക്കെ ഓർത്തെടുക്കാൻ...മതിവരുവോളം സങ്കടപ്പെടാൻ... കരയാൻ... മകളെയാണ് അയാൾ വിളിക്കാറ് സ്ഥിരമായി.  ഫോണെടുത്ത് നമ്പർ കറക്കി മകളെ വിളിച്ച് അയാൾ ചോദിക്കും. "അവിടെ സ്വർഗത്തിൽ നിനക്ക് സുഖമല്ലേ? അമ്മയില്ലേ കൂടെ? അച്ഛനിവിടെ സുഖമാണ് മോളേ... അധികം താമസിയാതെ നിങ്ങളുടെ അടുത്തേക്ക് വരാമെന്നു കരുതുന്നു. നിങ്ങളില്ലാതെ ഇവിടെ ഒരു രസവുമില്ല. വീട്ടിൽ ഒറ്റയ്ക്കിരിക്കുമ്പോൾ നിങ്ങളെ ഓർമ്മവരും. എന്നെ വിളിക്കാതെ നിങ്ങൾ രണ്ടും പൊയ്ക്കളഞ്ഞതിൽ അച്ഛൻ പിണക്കത്തിലാണ് എന്ന് നീ അമ്മയോട് പറയണം. അതിനി എത്ര മാറ്റാൻ നോക്കിയാലും മാറില്ലെന്നും. തീരെ വയ്യാതാവുമ്പോഴാണ് നിങ്ങളോട് മിണ്ടാൻ ഇങ്ങോട്ട് പുറപ്പെടുന്നത്.  ഇനി അടുത്ത മഴ തുടങ്ങുമ്പോൾ വരാം. അതുവരെ നിന്റെ അമ്മയെ നല്ലപോലെ നോക്കണം നീ. പുതിയൊരിടത്തു ചെന്നാൽ ഉറക്കം ശരിയാവാത്ത ആളാണ്. ഞാൻ അന്വേഷിച്ചെന്നു പറ അവളെ. എനിക്ക് സുഖമാണോന്നോ..? അവിടത്തെപ്പോലെ ഇവിടെയും. അധികം വൈകാതെ വരാൻ നോക്കാം. കേട്ടോ. ഇപ്പൊ പോട്ടെ..!  ബൈ... വെക്കട്ടെ..? " 

phone booth in japan people can call the dead

നമ്മുടെ നാട്ടിലും വേണം ഇങ്ങനെ ഒരു ഫോൺ. എത്ര പേരാണ് ഇവിടെയും ഒരു വാക്കുപോലും പറയാതെ ജീവിതങ്ങളിൽ നിന്നും ഇറങ്ങി പൊയ്ക്കളയുന്നത്. അവരെ വിളിക്കാൻ, പരിഭവം പറയാൻ നമുക്കും ഉണ്ടായിരുന്നെങ്കിൽ, ഇതുപോലെ  കടലിന് അഭിമുഖമായി, വെളുത്ത ചായം പൂശിയ, ചില്ലുജനാലകളുള്ള ഒരു ടെലിഫോൺ ബൂത്ത്. അതിനുള്ളിൽ ഒരു ലൈനുമായും ബന്ധിപ്പിച്ചിട്ടില്ലാത്ത, കറുത്ത നിറത്തിലുള്ള ഒരു പഴയ മോഡൽ ഫോൺ..!

Follow Us:
Download App:
  • android
  • ios