ചില ചിത്രങ്ങൾ സംഭവിക്കുന്നവയാണ്. നേരത്തെ പ്രതീക്ഷിക്കാതെ തയ്യാറെടുപ്പുകളൊന്നും നടത്താതെ ചില ക്യാമറകളിൽ അവ വന്നുപെടും. അത് ചിലപ്പോൾ ഒരു പെർഫെക്ട് ഷോട്ട് ആയിരിക്കും. അങ്ങനെ സംഭവിക്കുന്ന ഒരുപാട് ചിത്രങ്ങളുണ്ട്. അതിലൊന്നാണ് കഴിഞ്ഞ ദിവസം അമാൻ വിൽസൺ എന്ന ദില്ലിയിലെ 33 -കാരനായ ഫോട്ടോ​ഗ്രാഫറുടെ ക്യാമറയിൽ പതിഞ്ഞതും. 

മധ്യപ്രദേശിലെ പെഞ്ച് നാഷണൽ പാർക്കിൽവച്ച് പകർത്തിയ ആ ചിത്രത്തിൽ പാതിയിൽവച്ച് മുറിഞ്ഞിരിക്കുന്ന ഒരു മരത്തിലിരിക്കുന്ന ലം​ഗൂറിനെ കാണാം. ലം​ഗൂറിനിരിക്കാൻ പാകത്തിൽ കൃത്യമായിട്ടായിരുന്നു മരത്തിലെ വിടവും. അതിനാൽത്തന്നെ ഒറ്റനോട്ടത്തിൽ പെർഫെക്ട് ക്ലിക്ക് എന്ന് വളിക്കാവുന്നതാണ് ചിത്രം. ആ അപൂർവമായ ചിത്രം പകർത്തിയതിനെ കുറിച്ച് ഫോട്ടോ​ഗ്രാഫറായ അമാൻ പറയുന്നത് ഇങ്ങനെ: 

''മധ്യപ്രദേശിലെ പെഞ്ച് നാഷണൽ പാർക്കിൽ വച്ചാണ് ഈ ചിത്രം പകർത്തിയത്. ലാം​ഗ്ഡി എന്ന കടുവയെ പകർത്താനുള്ള ശ്രമത്തിലായിരുന്നു ഞാൻ. അതെന്റെ അവസാന സഫാരി ആയിരുന്നു. അവിടെ ഒരുപാട് ജീപ്പുകൾ നിർത്തിയിട്ടുണ്ടായിരുന്നു. അതിന്റെ കാരണവും എനിക്ക് മനസിലായി. ഞങ്ങളെത്തുന്നതിന് തൊട്ടുമുമ്പ് അവിടെ ലാം​ഗ്ഡി എത്തിയിട്ടുണ്ടായിരുന്നു. ഞങ്ങൾ അവളെ ജസ്റ്റ് മിസ് ചെയ്തു. എനിക്ക് വളരെയേറെ ദുഖം തോന്നി. എല്ലാ ജീപ്പും പോയിക്കഴിഞ്ഞിട്ടും ആ പ്രദേശത്ത് തന്നെ കാത്തിരിക്കാൻ ഞാൻ തീരുമാനിച്ചു. ആ കാത്തിരിപ്പിലാണ് ഒരുകൂട്ടം ലം​ഗൂറുകൾ അവിടെ ചാടിക്കളിക്കുന്നത് കണ്ടത്. ആ സമയത്ത് ലൈറ്റ് കൃത്യമായിരുന്നു. അങ്ങനെ ഞാനവയുടെ ചിത്രമെടുക്കാൻ തുടങ്ങി. അപ്പോഴാണ് അതിലൊരെണ്ണം പാതിയിൽവച്ച് മുറിഞ്ഞിരിക്കുന്ന ഒരു മരത്തിൽ കയറിയിരുന്നത്. അതിന്റെ സ്വന്തം സ്ഥലമെന്ന രീതിയിലായിരുന്നു അതിന്റെ ഇരിപ്പ്. വളരെ കംഫർട്ടബിളായിട്ടുമായിരുന്നു അതിന്റെ ഇരിപ്പ്. ഞാൻ ഷൂട്ട് ചെയ്യുന്നത് തുടർന്നു. അതൊരൽപം നീരസത്തോടെ എന്നെ നോക്കി. അങ്ങനെയാണ് ആ വ്യത്യസ്തമായ ചിത്രം എനിക്ക് പകർത്താനായത്.''