പാര്‍ടൈം ഡെലിവറി ജോലിക്കിടെയാണ് യുവാവ് രക്തത്തില്‍ 110 എന്നെഴുതിയ തലയിണ കണ്ടത്. തുടര്‍ന്ന് യുവാവ് നടത്തിയ അന്വേഷണത്തിലാണ് 30 മണിക്കൂറോളം ഹോട്ടല്‍ മുറിയില്‍ കുടുങ്ങിക്കിടന്ന യുവതിയെ രക്ഷപ്പെടുത്തിയത്.
ചൈനയിലെ ഒരു ഡെലിവറി ഏജന്‍റ്, തന്‍റെ ജോലിക്കിടെ റോഡില്‍ 110 എന്ന് എമർജന്‍സി നമ്പര്‍ രക്തം കൊണ്ട് എഴുതിയ തലയിണ കണ്ട് രക്ഷപ്പെടുത്തിയത്. 30 മണിക്കൂറോളം ഹോം സ്റ്റേയിലെ ബെഡ്റൂമില്‍ കുടുങ്ങിപ്പോയ യുവതിയെ. തെക്ക് പടിഞ്ഞാറന്‍ ചൈനീസ് നഗരമായ സിചുവാന്‍ പ്രവിശ്യയിലാണ് സംഭവം നടന്നതെന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നാലെ യൂണിവേഴ്സിറ്റി വിദ്യാർത്ഥിയും പാര്‍ടൈം ഡെലിവറി ഏജന്‍റുമായ ഷാങ് ചൈനീസ് സമൂഹ മാധ്യമങ്ങളില്‍ താരമായി. തന്‍റെ പാര്‍ടൈം ജോലിക്കിടെ 110 625 എന്ന് രക്തം കൊണ്ട് എഴുതിയ തലയിണ റോഡില്‍ കിടക്കുന്നത് കണ്ട് സംശയം തോന്നിയ ഷാങ് നടത്തിയ അന്വേഷണമാണ് യുവതിയുടെ ജീവന്‍ രക്ഷപ്പെടുത്തിയതെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
അസാധാരണമായ തലയിണ കണ്ട ഷാങ് അപ്പോൾ തന്നെ പോലീസിനെ വിവരം അറിയിക്കുകയും തൊട്ടടുത്ത കടകളില്‍ തലയിണയെ കുറിച്ച് അറിയുമോയെന്ന് അന്വേഷിക്കുകയുമായിരുന്നു. തുടർന്ന് സമീപത്തുള്ള ഹോട്ടലിലെതാണ് തലയിണയെന്ന് വ്യക്തമാക്കി. ഹോട്ടല്‍ ജീവനക്കാരന്‍റെ സഹായത്തോടെ കെട്ടിടത്തിന്‍റെ 6 നിലയിലെ 625 -ാം നമ്പർ മുറിയിലേക്ക് ഇവരെത്തി. ഈ മുറിയുടെ വാതില്‍ അകത്ത് നിന്നും പൂട്ടിയ നിലയില്‍ ആയിരുന്നു. തുടർന്ന് പോലീസിന്‍റെ സഹായത്തോടെ ഇവര്‍ കതക് പൊളിച്ച് അകത്ത് കടന്നെങ്കിലും ആരെയും കണ്ടെത്താന്‍ കഴിഞ്ഞില്ല. അന്വേഷണത്തില്‍ ഒരു മൊബൈല്‍ കണ്ടെത്തി. തുടർന്ന് അടച്ചിട്ടിരുന്ന ബെഡ്റൂമിന്‍റെ വാതിലും ഇവര്‍ പൊളിച്ചപ്പോഴാണ് ഉള്ളില്‍ വെള്ളമോ ഭക്ഷണമോ ഇല്ലാതെ 30 മണിക്കൂര്‍ അകപ്പെട്ട് അവശയായ യുവതിയെ കണ്ടെത്തുന്നത്.
ഇവരെ ആശുപത്രിയിലെത്തിച്ച് അടിയന്തര ചികിത്സ നല്‍കി. യുവതി അതേ ഹോട്ടലിലെ ജീവനക്കാരിയാണ്. മുറി വൃത്തിയാക്കാനായി ബെഡ് റൂമിൽ കയറിയപ്പോൾ നിലവില്‍ പൂട്ട് തകർന്നിരുന്ന ബെഡ്റൂമിന്‍റെ വാതില്‍ ശക്തമായ കാറ്റില്‍ വന്ന് അടയുകയും യുവതി ഉള്ളില്‍ കുടുങ്ങിക്കിടക്കുയുമായിരുന്നു. ഹോട്ടലില്‍ തിരക്ക് കുറവായതിനാല്‍ സംഭവം ആരും അറിഞ്ഞില്ല. യുവതിയുടെ മൊബൈല്‍ വെളിയിലായതിനാല്‍ ആരെയും വിളിക്കാനും കഴിഞ്ഞില്ല. തുടര്‍ന്നാണ് യുവതി തന്‍റെ കൈയില്‍ മുറിവുണ്ടാക്കി ആ രക്തം കൊണ്ട് തലയിലണയില്‍ 110 എന്ന അടിയന്തര നമ്പറും 625 എന്ന റൂമിന്‍റെ നമ്പറും എഴുതി ജനാലയിലൂടെ വെളിയില്‍ എറിഞ്ഞതെന്ന് സൗത്ത് ചൈന മോര്‍ണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഷാങിന്‍റെ അടിയന്തര ഇടപെടല്‍ യുവതിയുടെ ജീവന്‍ രക്ഷിച്ചതിനെ തുടർന്ന് അദ്ദേഹത്തിന് 1000 യുവാന്‍ (ഏതാണ്ട് 12,000 രൂപ) യുവതി വാഗ്ദാനം ചെയ്തെങ്കിലും ഷാങ് അത് സ്നേഹപൂര്‍വ്വം നിഷേധിച്ചെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.


