കോളജ് വിദ്യാര്‍ത്ഥിനിയുടെ കിടപ്പറയ്ക്കു പുറത്ത് രഹസ്യ ക്യാമറ സ്ഥാപിച്ച കേസില്‍ പൈലറ്റ് അറസ്റ്റില്‍.

കോളജ് വിദ്യാര്‍ത്ഥിനിയുടെ കിടപ്പറയ്ക്കു പുറത്ത് രഹസ്യ ക്യാമറ സ്ഥാപിച്ച കേസില്‍ പൈലറ്റ് അറസ്റ്റില്‍. അമേരിക്കയിലെ ഫ്‌ളോറിഡയിലാണ് സംഭവം. ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പൈലറ്റായ വെര്‍നന്‍ ഡൈ്വന്‍ ക്രൈഡര്‍ എന്ന 55 -കാരനാണ് അറസ്റ്റിലായത്. 

യൂനിവേഴ്‌സിറ്റി ഓഫ് സെന്‍ട്രല്‍ ഫ്‌ളോറിഡയില്‍ വിദ്യാര്‍ത്ഥിനിയായ 19 വയസ്സുകാരിയുടെ പരാതിയിലാണ് നടപടി. യൂനിവേഴ്‌സിറ്റിയില്‍നിന്നും ഒരു കിലോ മീറ്റര്‍ അകലെ സര്‍വകലാശാലാ വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടിയുള്ള ഭവനസമുച്ചയത്തിലെ വീട്ടിലാണ് പെണ്‍കുട്ടി താമസിച്ചിരുന്നത്. പെണ്‍കുട്ടിയുടെ കിടപ്പറയ്ക്കു നേരെയുള്ള ജാലകത്തില്‍ ചെറിയ ദ്വാരമുണ്ടാക്കിയാണ് സിഗരറ്റ് ലൈറ്ററിന്റെ വലിപ്പമുള്ള ക്യാമറ ഒളിച്ചിപ്പു വെച്ചിരുന്നതെന്ന് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം ജാലകത്തില്‍ അസാധാരണമായ നീല വെളിച്ചം കണ്ടപ്പോഴാണ് പെണ്‍കുട്ടി ഇക്കാര്യം മനസ്സിലാക്കിയത്. പരിശോധനയില്‍ ഒരു രഹസ്യ ക്യാമറയാണെന്ന് മനസ്സിലായി. പെണ്‍കുട്ടിയുടെ കിടപ്പറയിലേക്ക് തിരിച്ചുവെച്ച നിലയിലായിരുന്നു ക്യാമറ. തുടര്‍ന്ന് പൊലീസിനെ വിവരമറിയിക്കുകയും ക്യാമറ കൈമാറുകയും ചെയ്തു. 

രണ്ടു മണിക്കൂറോളം നേരത്തെ പെണ്‍കുട്ടിയുടെ കിടപ്പറയിലെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പതിഞ്ഞതായി പൊലീസ് പരിശോധനയില്‍ തെളിഞ്ഞു. നേരത്തെ പകര്‍ത്തിയ കോക്പിറ്റിന്റെ ദൃശ്യങ്ങളും പൈലറ്റിന്റെ ഫോട്ടോയും മറ്റ് വിവരങ്ങളും ക്യാമറയുടെ മെമ്മറിയില്‍ കണ്ടെത്തി. ക്യാമറയിലെ സിം കാര്‍ഡ് പൈലറ്റിന്റെ പേരിലായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍, ഫ്രോണ്ടിയര്‍ എയര്‍ലൈന്‍സ് പൈലറ്റിന്‍േറതാണ് ക്യാമറയെന്നു കണ്ടെത്തി. ഇതിനു ശേഷമാണ്, പൈലറ്റിനെ അറസ്റ്റ് ചെയ്തത്. 

സംഭവത്തില്‍ എയര്‍ലൈന്‍സ് അധികൃതര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. എങ്ങനെയാണ് പെണ്‍കുട്ടിയെ ഈ പൈലറ്റ് കണ്ടെത്തിയത് എന്നും ജനാലയ്ക്കുള്ളില്‍ എങ്ങനെ ക്യാമറ സ്ഥാപിച്ചുവെന്നും ഇതുവരെ പുറത്തുറിഞ്ഞിട്ടില്ല. 

ഒളിഞ്ഞുനോട്ടം അടക്കമുള്ള പരാതികള്‍ പൈലറ്റിനെതിരെ നേരത്തെ തന്നെ ഉണ്ടായിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.