Asianet News MalayalamAsianet News Malayalam

ക്യാപ്റ്റൻ മൂത്രമൊഴിക്കാൻ പോയനേരം വിമാനം ഇടിച്ചിറക്കി കോ-പൈലറ്റിന്റെ ആത്മഹത്യ;150 പേരുടെ ജീവൻ പൊലിഞ്ഞത് ഇങ്ങനെ

വാതിൽ തുറക്കാൻ വേണ്ടി ക്യാപ്റ്റൻ സോൻഡൻഹീമർ തന്റെ കോ പൈലറ്റിനോട് ഉച്ചത്തിൽ പറയുന്നതും കോക്ക്പിറ്റിന്റെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നതും ഒക്കെ ബ്ലാക്ക് ബോക്സിൽ രേഖപ്പെടുത്തിയ ശബ്ദങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. 

pilots suicide dive when captain leaves cockpit for toilet, german wings airbus a320 crash anniversary
Author
French Alps Treks, First Published Mar 24, 2020, 5:37 PM IST

2015 മാർച്ച് 24 : വ്യോമയാന ചരിത്രത്തിലെ ഒരു കറുത്ത ഏടാണ്. അന്നാണ് ലുഫ്താൻസയുടെ ജർമൻ വിങ്‌സ് എന്ന ബജറ്റ് കാരിയറിന്റെ ആൻഡ്രിയാസ് ലുബിറ്റ്‌സ് എന്ന കോ പൈലറ്റ് , ബാഴ്‌സലോണയിൽ നിന്ന് ജർമ്മനിയിലെ ദസ്സൽഡോർഫിലേക്ക് പോവുകയായിരുന്ന ഫ്ലൈറ്റ് 9525 എന്ന കോഡ് നാമത്തിൽ അറിയപ്പെട്ടിരുന്ന തന്റെ എയർബസ് A320 വിമാനം യാത്ര മദ്ധ്യേ ഫ്രഞ്ച് ആൽപ്സ് മലനിരകളിലേക്ക് ഇടിച്ചിറക്കി ആത്മഹത്യ ചെയ്തു കളഞ്ഞത്. ആ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ടത് ലുബിറ്റ്‌സും, വിമാനത്തിന്റെ ക്യാപ്റ്റൻ പാട്രിക്ക് സോൻഡൻഹീമറും അടക്കം 150 പേർക്കാണ്. 

 

pilots suicide dive when captain leaves cockpit for toilet, german wings airbus a320 crash anniversary

 

രാവിലെ പത്തുമണിയോടെയാണ് വിമാനം സ്‌പെയിനിലെ ബാഴ്‌സലോണയിൽ നിന്ന് ടേക്ക് ഓഫ്  ചെയ്യുന്നത്. ടേക്ക് ഓഫ് എന്ന ദുഷ്കര ദൗത്യം നിർവഹിച്ച ശേഷം 38,000 അടി ഉയരത്തിൽ ആ വിമാനം അതിന്റെ ലക്ഷ്യസ്ഥാനത്തിലേക്ക് ഓട്ടോ പൈലറ്റ് മോഡിൽ കുതിച്ചു കൊണ്ടിരിക്കെയാണ് ക്യാപ്റ്റൻ തന്റെ കോ പൈലറ്റ് ആയ ആൻഡ്രിയാസ് ലുബിറ്റ്സിനോട് താൻ മൂത്രമൊഴിച്ച് തിരികെ വരും വരെ ഒന്ന് ശ്രദ്ധിച്ചുകൊള്ളാൻ പറഞ്ഞ് കോക്ക് പിറ്റിന് വെളിയിൽ തന്നെയുള്ള ടോയ്‌ലെറ്റിലേക്ക് കയറുന്നത്. 10.31 ന് ആ വിമാനം അതിന്റെ താഴേക്കുള്ള കൂപ്പുകുത്തൽ തുടങ്ങി. പത്തുമിനിട്ടിനകം ആ വിമാനം, പ്രാഡ്‌സ് ഹൗട്ട് ബ്ലിയോൺ എന്ന പട്ടണത്തിനരികെയുള്ള ഫ്രഞ്ച് ആൽപ്സിന്റെ ശിഖരങ്ങളിലേക്ക് ഇടിച്ചുകയറി കത്തിച്ചാമ്പലായി. ആ വിമാനത്തിനുള്ളിൽ നിന്ന് ജീവനോടെ പുറത്തുപോകാൻ ഒരാൾക്കുപോലുമായില്ല. അത്രയ്ക്കു കടുത്ത ആഘാതമായിരുന്നു അതിവേഗത്തിൽ നടത്തിയ ആ സൂയിസൈഡ് നോസ് ഡൈവിന്. നിമിഷനേരം കൊണ്ട് നൂറായിരം കഷ്ണങ്ങളായി ആ വിമാനം ആൽപ്സ് മലഞ്ചെരുവിൽ ചിതറിത്തെറിച്ചു. 
 

pilots suicide dive when captain leaves cockpit for toilet, german wings airbus a320 crash anniversary

 

ആ വിമാനത്തിൽ പൈലറ്റിനും കോപൈലറ്റിനും പുറമെ നാലു ഫ്‌ളൈറ്റ് അറ്റെന്റന്റുമാരും 18 രാജ്യങ്ങളിൽ നിന്നായുള്ള 144 യാത്രക്കാരുമുണ്ടായിരുന്നു. വിമാനാപകടം നടന്ന ശേഷം വിശദമായ എയർ ക്രാഷ് ഇൻവെസ്റ്റിഗേഷൻ നടന്നു. ബ്ലാക്ക് ബോക്സ് കണ്ടെത്തി നടത്തിയ പഠനങ്ങളിലാണ് വിമാനം തകർന്നു വീണതിന് പിന്നിലെ കാരണം വ്യക്തമായത്. മൂത്രശങ്ക തീർക്കാൻ ക്യാപ്റ്റൻ സോൻഡൻഹീമർ പുറത്തേക്കിറങ്ങിയതും കോ പൈലറ്റ് ലുബിറ്റ്‌സ് കോക്ക്പിറ്റ് അകത്ത് നിന്നും അടച്ചുപൂട്ടി. വാതിൽ തുറക്കാൻ വേണ്ടി ക്യാപ്റ്റൻ സോൻഡൻഹീമർ തന്റെ കോ പൈലറ്റിനോട് ഉച്ചത്തിൽ പറയുന്നതും കോക്ക്പിറ്റിന്റെ വാതിൽ ചവിട്ടിത്തുറക്കാൻ ശ്രമിക്കുന്നതും ഒക്കെ ബ്ലാക്ക് ബോക്സിൽ രേഖപ്പെടുത്തിയ ശബ്ദങ്ങളിൽ നിന്ന് വ്യക്തമാകുന്നുണ്ട്. എന്നാൽ 9/11 ഭീകരാക്രമണങ്ങൾക്ക് ശേഷം ലുഫ്താൻസ അടച്ചുറപ്പുള്ള കോക്ക്പിറ്റുകളാണ് ഉണ്ടാക്കിയിരുന്നത്. അവ ഒരു കാരണവശാലും പുറത്തുനിന്ന് ഒരാൾക്ക് ചവിട്ടിത്തുറക്കാൻ പറ്റാത്ത ഡിസൈനിൽ ഉള്ളതായിരുന്നു. പിന്നീട് പല വിമാനക്കമ്പനികളും നിർബന്ധിച്ച് കോക്ക്പിറ്റിൽ രണ്ടുപേരെ നിർത്താൻ തുടങ്ങിയതിന്റെ പിന്നിലുള്ള പ്രേരകശക്തി ഈ അപകടം പഠിപ്പിച്ച പാഠം തന്നെയായിരുന്നു.

 

pilots suicide dive when captain leaves cockpit for toilet, german wings airbus a320 crash anniversary

 

38,000 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനത്തെ മിനിറ്റുകൾക്കുള്ളിൽ താഴെ ഭൂമിയിലെ മലഞ്ചെരിവിലേക്ക് കൂപ്പുകുതിച്ചുകൊണ്ടുള്ള തന്റെ കാല്പനികമായ ആത്മഹത്യ ലുബിറ്റ്‌സ് തന്റെ മുൻ പ്രയാണങ്ങളിൽ ക്യാപ്റ്റന്മാർ ഇതുപോലെ ടോയ്‌ലെറ്റിൽ പോയ സമയങ്ങളിൽ റിഹേഴ്‌സ് ചെയ്തിരുന്നു എന്ന് ലുബിറ്റ്സിന്റെ മുൻ പറക്കലുകളിന്മേൽ നടത്തിയ പഠനങ്ങൾ പിന്നീട് തെളിയിച്ചു. ഒറ്റയടിക്ക് പാനലിൽ ഉയരം 100 അടി എന്ന് സെറ്റ് ചെയ്ത ശേഷം ക്യാപ്റ്റൻ വരും മുമ്പ് തന്നെ ലുബിറ്റ്‌സ് അത് തിരിച്ച് പറക്കുന്ന ഉയരം ആക്കി മാറ്റുകയായിരുന്നു അന്നൊക്കെ. നിമിഷങ്ങൾക്കകം തന്നെ തിരികെ പഴയ ഉയരം ആക്കിയതുകൊണ്ട് അതൊന്നും ആരുടേയും കണ്ണിൽ പെടാതെ പോയി.

ലുബിറ്റ്സിന് കടുത്ത വിഷാദരോഗത്തിന്റെ ചരിത്രമുണ്ടായിരുന്നു എന്നും അന്വേഷകർ കണ്ടെത്തി. ആത്മഹത്യ ചെയ്ത ട്രിപ്പിന് മുമ്പ് അയാൾ ഇന്റർനെറ്റിൽ ആത്മഹത്യ ചെയ്യാനുള്ള വിവിധ മാർഗങ്ങളെക്കുറിച്ചും കോക്ക്പിറ്റ് ഡോർ സെക്യൂരിറ്റിയെക്കുറിച്ചും ഒക്കെ ഗൂഗിൾ ചെയ്തു നോക്കുകയുണ്ടായി.  എന്നാൽ ലുബിറ്റ്സിന്റെ വിഷാദരോഗത്തെക്കുറിച്ചോ, സ്വന്തം വ്യക്തിജീവിതത്തിൽ അയാൾ നിന്നിരുന്ന ആത്മഹത്യാ മുനമ്പിനെക്കുറിച്ചോ ഒന്നും  ജെർമൻവിങ്‌സിൽ ആർക്കും തന്നെ അറിയാനായില്ല എന്നതാണ് സത്യം.

 

pilots suicide dive when captain leaves cockpit for toilet, german wings airbus a320 crash anniversary

 

ഗ്ലൈഡിങ്ങിൽ കലശലായ ഭ്രമമുണ്ടായിരുന്ന ആൻഡ്രിയാസ് ലുബിറ്റ്സ് എന്ന ജർമൻ യുവാവ് 2008 -ലാണ് ലുഫ്താൻസയുടെ പൈലറ്റ് ട്രെയ്നിങ് പ്രോഗ്രാമിന്റെ ഭാഗമാകുന്നത്. എന്നാൽ, അത് പൂർത്തിയാക്കും മുമ്പുതന്നെ 2009 -ൽ അയാൾ കടുത്ത മാനസിക പ്രയാസങ്ങളുണ്ടായി അതിനുള്ള ചികിത്സ തേടിയിരുന്നു. എന്നാൽ, ചികിത്സിച്ച് രോഗം ഭേദമായപ്പോൾ അയാൾ തിരികെ വന്നു കോഴ്സ് പൂർത്തിയാക്കുകയും, 2012 -ൽ കമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടുകയുമുണ്ടായി. 2013 -ലാണ് അയാൾ ജർമൻ വിങ്സിൽ പൈലറ്റായി എൻറോൾ ചെയ്യുന്നത്. അയാളുടെ മെഡിക്കൽ ഹിസ്റ്ററി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണങ്ങളിൽ തെളിഞ്ഞത് അയാൾ അവസാനത്തെ കുറേ മാസങ്ങളിൽ ചികിത്സ തേടി നിരവധി മനഃശാസ്ത്രജ്ഞരുടെ അടുത്ത് പോയിട്ടുണ്ടായിരുന്നു എന്നാണ്. അവരിൽ പലരും അയാളുടെ മെഡിക്കൽ ഫയലിൽ 'അൺഫിറ്റ് ഫോർ ഫ്‌ളൈയിങ്' എന്ന് കുറിച്ചിട്ടുമുണ്ടായിരുന്നു. എന്നാൽ അതൊക്കെ ജർമൻ വിങ്‌സ് അധികാരികളിൽ നിന്ന് മറച്ചു പിടിക്കാൻ ലുബിറ്റ്സിനു കഴിഞ്ഞു. 

 

pilots suicide dive when captain leaves cockpit for toilet, german wings airbus a320 crash anniversary

 

ലുബിറ്റ്‌സ് അകത്തേക്ക് കയറ്റിവിടാതിരുന്ന സാഹചര്യത്തിൽ, പുറത്തുനിന്ന് കോക്ക് പിറ്റ്  ഡോർ തുറക്കാൻ വേണ്ട കോഡ് ക്യാപ്റ്റന്റെ കയ്യിൽ ഉണ്ടായിരുന്നു. എന്നാൽ, ലുബിറ്റ്സ് ആ പാനലിനെ അകത്തുനിന്ന് ഡിസേബിൾ ചെയ്തു കളഞ്ഞു. കോ പൈലറ്റ് ലുബിറ്റ്‌സ് അകത്തുനിന്ന് കോക്ക്പിറ്റ് അടച്ചുകളഞ്ഞതാണ് എന്ന് മനസ്സിലായ ശേഷം ക്യാപ്റ്റൻ അയാളോട് അഭ്യർത്ഥിക്കുന്നതിന്റെ, നിർബന്ധിക്കുന്നതിന്റെ, ഉച്ചത്തിൽ ആക്രോശിക്കുന്നതിന്റെ ഒക്കെ ശബ്ദങ്ങൾ ബ്ലാക്ക് ബോക്സ് റെക്കോർഡ് ചെയ്തിട്ടുണ്ട്. വാക്കാലുള്ള ശ്രമങ്ങൾക്ക് ശേഷമാണ് അദ്ദേഹം വാതിൽ തച്ചുതകർത്ത് അകത്തു കയറാൻ ശ്രമിച്ച് പരാജയപ്പെടുന്നത്. ഓട്ടോപൈലറ്റിൽ 100 അടി ഉയരത്തിലേക്ക് ഇറങ്ങിച്ചെല്ലാൻ സെറ്റ് ചെയ്ത ശേഷവും ലുബിറ്റ്‌സ് നിരവധി തവണ വിമാനത്തിന്റെ വേഗം കൂട്ടി. ഒടുവിൽ ഫ്രഞ്ച് ആൽപ്സ് മലനിരകളിലേക്ക് ഇടിച്ചിറങ്ങുന്ന നേരത്ത് ആ വിമാനം 700 km/hr വേഗത പ്രാപിച്ചു കഴിഞ്ഞിരുന്നു. 

 

pilots suicide dive when captain leaves cockpit for toilet, german wings airbus a320 crash anniversary

 

എന്നാൽ ഈ അപകടത്തിന്റെ രണ്ടാം വാർഷികത്തിൽ ലുബിറ്റ്സിന്റെ മാതാപിതാക്കൾ അപകടം സംഭവിച്ചതിന് മറ്റൊരു വിശദീകരണവുമായി രംഗത്ത് വന്നിരുന്നു. തങ്ങളുടെ മകൻ ആത്മഹത്യ ചെയ്യാൻ വേണ്ടി മനഃപൂർവം ഇടിച്ചിറക്കിയതാണ് എന്ന സിദ്ധാന്തത്തെ നിരാകരിക്കുന്ന ഒന്നായിരുന്നു അത്. അവർ അന്വേഷണം ഏൽപ്പിച്ചിരുന്നു ടിം വാൻ ബെവേറാൻ എന്ന ഏവിയേഷൻ ജേർണലിസ്റ്റ്, പ്രസ്തുത സംഭവം നടക്കുന്ന സമയത്ത് ലുബിറ്റ്‌സ് കോക്ക്പിറ്റിൽ വെച്ച് ബോധരഹിതനായതാണ് എന്നും, കോക്ക് പിറ്റ് ഡോർ അതിനുമുമ്പ് രണ്ടു തവണ സംഭവിച്ച പോലെ പ്രവർത്തനരഹിതമായതാണ് എന്നുമൊക്കെയുള്ള തിയറി അവതരിപ്പിച്ചു. എന്നാൽ, അതൊക്കെയും ഫ്രഞ്ച് വ്യോമയാന  അധികാരികൾ തള്ളിക്കളയുകയാണ് ചെയ്തത്. ആകാശത്ത് പറന്നുകൊണ്ടിരുന്ന ആ വിമാനം പത്തു മിനിറ്റിനുള്ളിൽ താഴേക്ക് പരമാവധി വേഗത്തിൽ കൂപ്പുകുത്തിയിട്ടുണ്ടെങ്കിൽ അത് ഒരിക്കലും തന്നെത്താൻ നടന്നതാവില്ല എന്നാണ് വ്യോമയാന വിദഗ്ധർ പറയുന്നത്.

ഗ്ലൈഡിങ് ക്ലബ്ബിലും മറ്റുമുള്ള അദ്ദേഹത്തിന്റെ സുഹൃത്തുക്കൾക്ക് ലുബിറ്റ്‌സ് ഇങ്ങനെയൊക്കെ ചെയ്തു എന്നത് ഇനിയും വിശ്വസിക്കാൻ സാധിച്ചിട്ടില്ല. ശാരീരികമായ ഫിറ്റ്നസ് കാത്തുസൂക്ഷിക്കുന്നതിൽ ബദ്ധശ്രദ്ധനായ ലുബിറ്റ്‌സ്, ഒരു മാരത്തോൺ റണ്ണർ കൂടി ആയിരുന്നു. നിരവധി മാരത്തോണുകളിൽ അയാൾ തന്റെ സാന്നിധ്യം അറിയിച്ചിട്ടുമുണ്ടായിരുന്നു. സരസനായ, സ്വന്തം കരിയർ ആസ്വദിച്ചിരുന്ന ഒരു ചെറുപ്പക്കാരൻ എന്നാണ് ആൻഡ്രിയാസ് ലുബിറ്റ്സിനെ അറിയുന്നവർ ഒക്കെ അദ്ദേഹത്തെ ഓർത്തിരുന്നത്. എന്നാൽ ആ ചിരിക്കുന്ന മുഖത്തിന് പിന്നിൽ വിഷാദരോഗത്തിന്റെ തീവ്രപീഡകൾ അനുഭവിക്കുന്ന ഒരു മനുഷ്യനുണ്ടായിരുന്നു എന്ന് ലുബിറ്റ്സിനെ അടുത്തറിയുന്ന പലർക്കും അറിയില്ലായിരുന്നു. 

ആത്മഹത്യക്കു വേണ്ടി വിമാനങ്ങൾ ഉപയോഗപ്പെടുത്തുക എന്നത് അത്ര സാധാരണമല്ല വ്യോമയാന ചരിത്രത്തിൽ 2003-നും 2012 -നും ഇടക്കുള്ള കാലഘട്ടത്തിൽ നടന്ന 2758 വിമാനാപകടങ്ങളെ ചുറ്റിപ്പറ്റി നടത്തിയ അന്വേഷണങ്ങളിൽ ആകെ എട്ടു കേസുകളിൽ മാത്രമാണ് ആത്മഹത്യ ഒരു കാരണമായി വർത്തിച്ചിരുന്നത്.  1981 -ൽ നടന്ന 180 പേരുടെ മരണത്തിനിടയാക്കിയ ഇനക്സ്-അഡ്രിയാ ഏവിയോപ്രൊമെറ്റ് എയർ ക്രാഷിനു ശേഷം ഫ്രാൻസിൽ നടക്കുന്ന ഏറ്റവും വലിയ അപകടമായിരുന്നു ഇത്. 24 വർഷം പഴക്കമുള്ള ആ എയർബസ് 320 വിമാനം ജർമൻ വിങ്സിന്റെ ഏറ്റവും വിശ്വസ്തമായ എയർക്രാഫ്റ്റുകളിൽ ഒന്നായിരുന്നു. 1990 -ൽ കമ്മീഷൻ ചെയ്ത ആ വിമാനം തകർന്നു വീഴും മുമ്പ് 46,700 സോർട്ടികളിലായി 58,300 ഫ്ലൈറ്റ് അവേഴ്സ് പിന്നിട്ടു കഴിഞ്ഞിട്ടുണ്ടായിരുന്നു.
 

pilots suicide dive when captain leaves cockpit for toilet, german wings airbus a320 crash anniversary
 

പത്തുവർഷത്തോളം പ്രവൃത്തി പരിചയമുണ്ടായിരുന്ന ക്യാപ്റ്റൻ സോൻഡൻഹീമർ വിമാനം പരത്തുന്നതിനിടെ വന്നുപെടുന്ന ഏതൊരു പ്രതിസന്ധിയെയും മറികടക്കാൻ പോന്ന അതിസമർത്ഥനായ ഒരു കൊമേർഷ്യൽ പൈലറ്റ് ആയിരുന്നു. 6000 ഫ്ലൈറ്റ് അവേഴ്സ്, അതിൽ 3811 അവേഴ്സ് എയർബസ് A320 തന്നെ പറത്തിയത്, ഉണ്ടായിരുന്ന അദ്ദേഹത്തിന് പക്ഷേ, തന്റെ കോ പൈലറ്റിന്റെ മാനസികാവസ്ഥ ഊഹിച്ചെടുക്കാനോ അതുവഴി തന്റെ ഉത്തരവാദിത്തത്തിൽ ഉണ്ടായിരുന്ന 149 ജീവൻ രക്ഷിച്ചെടുക്കാനോ സാധിച്ചില്ല. ആ വിമാനം 38,000 അടിയിൽ നിന്ന് താഴെ ഭൂമിയിലേക്ക് പറന്നിറങ്ങി മലഞ്ചെരുവിൽ ഇടിച്ച് ഭസ്മമാകും വരെയുള്ള പത്തു മിനിറ്റുനേരം മറ്റുള്ള യാത്രക്കാരെയും ക്യാബിൻ ക്രൂവിനെയും പോലെ നിസ്സഹായരായി മരണത്തെ പ്രതീക്ഷിച്ചിരിക്കാൻ മാത്രമേ അദ്ദേഹത്തിനും സാധിച്ചുള്ളൂ. 
 

Follow Us:
Download App:
  • android
  • ios