'ഇതിന് മുകളിൽ വെള്ളപ്പെയിന്റ് അടിക്കാൻ ഞാൻ‌ ഇഷ്ടപ്പെടുന്നില്ല. ഞാനെന്റെ വീടിന്റെ വാതിലിന് കടും ചുവപ്പ് നിറം നൽകും' എന്ന് മിറാൻഡ പറയുന്നു.

വീടിന്റെ വാതിലിന് നാം നമുക്ക് ഇഷ്ടപ്പെട്ട നിറം നൽകാറുണ്ട് അല്ലേ? എന്നാൽ, എഡിൻബർ​ഗിലെ ഒരു സ്ത്രീ തന്റെ വീടിന്റെ മുൻവാതിലിന് പിങ്ക് നിറം നൽകിയതിനെ തുടർന്ന് അവർക്കു മേൽ പിഴ ചുമത്തപ്പെട്ടു. £20000 (19,12,263.80) ആണ് ഇവർക്ക് മേൽ പിഴ ചുമത്തിയിരിക്കുന്നത്. 

കഴിഞ്ഞ വർഷം വീട് പുതുക്കി പണിയുന്നതിന്റെ ഭാ​ഗമായിട്ടാണ് മിറാൻ‌ഡ ഡിക്ക്സൺ എന്ന 48 -കാരി തന്റെ ജോർജ്ജിയൻ വീടിന്റെ വാതിലിന് പിങ്ക് നിറം നൽകിയത്. എഡിൻബർ​ഗിലെ ന്യൂടൗണിലാണ് ഇവരുടെ വീട്. ലോക പൈതൃക സംരക്ഷണ സ്ഥലങ്ങളിൽ പെട്ട ഒന്നാണ് ഇത്. 2019 -ൽ മാതാപിതാക്കളിൽ നിന്നുമാണ് ഈ വീട് മിറാൻഡയ്ക്ക് കിട്ടിയത്. 

എന്നാൽ, സിറ്റി ഓഫ് എഡിൻബർ​ഗ് കൗൺസിലിലെ പ്ലാനർമാർ ഇതിനെ വിമർശിച്ചു. ഇത് മാറ്റി വെള്ളയടിക്കണം എന്നും അഭിപ്രായപ്പെട്ടു. ഇത് ദുരുദ്ദേശപരമാണ് എന്ന് മിറാൻഡ പറയുന്നു. തന്റെ തെരുവിൽ മറ്റ് അനേകം കടും നിറത്തിലുള്ള വാതിലുകളുള്ള വീടുകളുണ്ട്. എന്നാൽ, അവയ്ക്ക് നേരെ ഒന്നും കൗൺസിലിന് പരാതിയില്ല, പിഴയും ചുമത്തിയിട്ടില്ല എന്നും മിറാൻഡ ആരോപിച്ചു. 

'തനിക്ക് തന്റെ പിങ്ക് വാതിൽ ഇഷ്ടമാണ്. എവിടെപ്പോയാലും തിരികെ എത്തി ആ വാതിൽ കാണുന്നതാണ് തന്റെ സന്തോഷം. ഇതെന്റെ വീടാണ്. ഞാനാണ് അതിന്റെ ഉടമ. ജോർജ്ജിയൻസിന് പിങ്ക് നിറം ഇഷ്ടമാണ്. ഒരുപാട് ആളുകൾ ഈ വാതിൽ നല്ലതാണ് എന്ന് പറഞ്ഞ് എന്നെ അഭിനന്ദിക്കാറുണ്ട്. എനിക്കതിൽ സന്തോഷമുണ്ട്' എന്നും മിറാൻഡ പറയുന്നു. 

ഇൻസ്റ്റ​ഗ്രാമിൽ നിരവധി ആളുകൾ ഈ പിങ്ക് വാതിലിന്റെ ചിത്രം പങ്കിട്ടിട്ടുണ്ട്. എന്നാൽ, കൗൺസിൽ ഇതിനെ എതിർത്തതോടെ മിറാൻഡയ്ക്ക് മേൽ പിഴ ചുമത്തപ്പെടുകയായിരുന്നു. ലോക പൈതൃക സംരക്ഷണ സ്ഥലങ്ങളുമായി ബന്ധപ്പെട്ട നിയമം ലംഘിച്ചു എന്ന കുറ്റവും മിറാൻഡയ്ക്ക് മേൽ ചുമത്തപ്പെട്ടു. 

'ഇതിന് മുകളിൽ വെള്ളപ്പെയിന്റ് അടിക്കാൻ ഞാൻ‌ ഇഷ്ടപ്പെടുന്നില്ല. ഞാനെന്റെ വീടിന്റെ വാതിലിന് കടും ചുവപ്പ് നിറം നൽകും' എന്ന് മിറാൻഡ പറയുന്നു. പ്രദേശത്തെ മറ്റ് നിറമുള്ള വാതിലുകൾ വച്ചവർക്കൊന്നും പിഴ ചുമത്തപ്പെട്ടിട്ടില്ല. എന്തുകൊണ്ടാണ് കൗൺസിൽ പിങ്കിനെ മാത്രം എതിർക്കുന്നത് എന്നും മിറാൻഡ ചോദിക്കുന്നു. ഒപ്പം തന്നെ തമാശയായി, താനതിന് മഴവിൽ നിറം നൽകിയാലെന്ത് ചെയ്യും എന്നും മിറാൻഡ ചോദിച്ചു. 

'ഇത് അനുചിതമാണ് എന്നാണ് കൗൺസിൽ പറയുന്നത്. ആർക്ക് അനുചിതം? 30 വർഷങ്ങൾക്ക് മുമ്പ് നമുക്ക് അനുചിതം എന്ന് തോന്നിയ കാര്യങ്ങൾ ഇന്ന് ആലോചിക്കുമ്പോൾ അങ്ങനെ ആണോ? കൗൺസിലിന്റെ ഈ നടപടി ലിംഗവിവേചനപരമോ എൽജിബിടി വിരുദ്ധമോ ആണെന്ന് ഞാൻ പറഞ്ഞാൽ കൗൺസിലിന് പിൻവാങ്ങേണ്ടി വന്നേക്കാം' എന്നും മിറാൻഡ പറഞ്ഞു.