സ്ത്രീ വിരുദ്ധതയ്ക്ക് കൈയും കാലും വെച്ച വിവാദ സെലിബ്രിറ്റി പൊലീസിനെ മുങ്ങി നടക്കുകയായിരുന്നു. അതിനിടയിലാണ്, ചുമ്മാ ട്വിറ്ററില്‍ പോയി ഒന്നു ചൊറിഞ്ഞത്. വൈകിയില്ല, പൊലീസ് ആളെ കണ്ടെത്തി!

പണി കിട്ടുക എന്നു വെച്ചാല്‍ ഇങ്ങനെയാണ്. കിക് ബോക്‌സിങ് വേള്‍ഡ് ചാമ്പ്യനായ ആന്‍ഡ്രൂ ടേറ്റ് ചുമ്മാ ഒരു ജാഡ കാണിച്ചതാണ്. കാണിച്ചത്, കാലാവസ്ഥാ മാറ്റവുമായി ബന്ധപ്പെട്ട് ഭരണകൂടങ്ങളെ വിറപ്പിക്കുന്ന ഒരു പെണ്‍കുട്ടിയെ ആയിപ്പോയി. അവള്‍ചുട്ട മറുപടി കൊടുത്തു. എന്നാല്‍, അവിടം കൊണ്ടു തീര്‍ന്നില്ല, നിരവധി ലൈംഗിക പീഡന കേസുകളില്‍ പ്രതി കൂടിയായ വിവാദ കിക് ബോക്‌സിങ് ചാമ്പ്യന്‍ ജയിലഴികള്‍ക്ക് അകത്തായി. 

സ്വയം പ്രഖ്യാപിത കോടീശ്വരനാണ് ആന്‍ഡ്രൂ ടേറ്റ്. 6 ലക്ഷം പൗണ്ട് വില വരുന്ന സ്വന്തം ബംഗ്ലാവില്‍ നിന്ന് കഴിഞ്ഞ ദിവസം ഇയാളെ റുമാനിയ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനുഷ്യക്കടത്ത്, ബലാത്സംഗം, സംഘടിത കുറ്റകൃത്യങ്ങള്‍ക്കുള്ള സംഘം രൂപീകരിക്കല്‍ തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചുമത്തപ്പെട്ട ഇയാള്‍ പൊലീസിനു പിടികൊടുക്കാതെ മുങ്ങി നടക്കുകയായിരുന്നു. അതിനിടയ്ക്കാണ്, സാക്ഷാല്‍ ഡൊണാള്‍ഡ് ട്രംപിനെ വരെ വിറപ്പിച്ച ഗ്രെറ്റ തുന്‍ബര്‍ഗിനോട് ട്വിറ്ററില്‍ ഇടയാന്‍ പോയത്. 

തികഞ്ഞ സ്ത്രീവിരോധിയായ ഇയാള്‍ സമൂഹമാധ്യമങ്ങളില്‍ സ്ത്രീവിരുദ്ധ പോസ്റ്റുകള്‍ ഇട്ടാണ് കുപ്രസിദ്ധി നേടിയത്. ഇയാളെ ഇക്കാരണത്താല്‍, വിവിധ സാമൂഹ്യ മാധ്യമങ്ങള്‍ വിലക്കിയിരുന്നു. അതിനിടെ, ട്വിറ്ററിന്റെ പുതിയ മേധാവി ഇലോണ്‍ മസ്‌ക് ഇടപെട്ട് ഇയാളുടെ ട്വിറ്റര്‍ അക്കൗണ്ട് തിരിച്ചു നല്‍കി. അതോടെയാണ് കഥ തുടങ്ങുന്നത്. ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റുന്നതിനായി ഇയാള്‍ ചുമ്മാ ഗ്രെറ്റ തുന്‍ബര്‍ഗിനോട് ട്വിറ്ററില്‍ പോയി കോര്‍ത്തു. തനിക്ക് നിരവധി ആഡംബര വാഹനങ്ങളുണ്ട്. ഇ -മെയില്‍ അയച്ചു തന്നാല്‍, ഞാനവയുടെ വിശദാംശങ്ങള്‍ അയക്കാം. ഒപ്പം അവയുടെ കാര്‍ബണ്‍ എമിഷന്റെ പട്ടികയും അയക്കാം. ഇതായിരുന്നു ഗെറ്റയോടുള്ള ഇയാളുടെ ട്വീറ്റ്. 

ഉരുളയ്ക്കുപ്പേരി പോലെ ഗ്രെറ്റയുടെ മറുപടി വന്നു. ഇതൊക്കെ ലിംഗവലിപ്പമില്ലാത്തതിന്റെ ആണ്‍ കെറുവ് മാത്രമാണ് എന്ന് പരിഹസിക്കുന്ന രീതിയിലുള്ള മറുപടി ട്വീറ്റ്. ആന്‍ഡ്രൂ ടേറ്റിന്റെ ചൊറിച്ചിലും അതിന് ഗ്രെറ്റയുടെ മറുപടിയും ഉടനടി വൈറലായി. ആയിരക്കണക്കിനാളുകള്‍ ആന്‍ഡ്രൂ ടേറ്റിനെ കൊന്ന് കൊലവിളിച്ച് രംഗത്തുവന്ന്. കക്ഷി ഉടനടി എയറിലായി. 

തീര്‍ന്നില്ല, പുള്ളി വൈകാതെ ഇതിനു മറുപടിയുമായി വന്നു. ഒരു വീഡിയോയിലൂടെയാണ് ആന്‍ഡ്രൂ ഗ്രെറ്റയെ ചൊറിഞ്ഞു കൊണ്ട് രംഗത്തുവന്നത്. ഗ്രെറ്റയുടെ വിമര്‍ശനത്തിനു മറുപടി പറയാതെ താന്‍ വലിയ ആളാണ് എന്ന് പ്രഖ്യാപിച്ചുള്ളതായിരുന്നു മറുപടി. 

അതിനിടെയാണ് സംഭവത്തില്‍ ക്ലൈമാക്‌സ് വന്നത്. 

റുമാനിയയില്‍ ഇയാള്‍ക്കെതിരെ ഉണ്ടായിരുന്ന കേസുകളെ കുറിച്ച് ആദ്യം സൂചിപ്പിച്ചിരുന്നല്ലോ. അതില്‍ ഇയാള്‍ കുടുങ്ങി. 

സഹോദരനും മറ്റു രണ്ട് റുമാനിയന്‍ സ്വദേശികള്‍ക്കും ഒപ്പം ഇയാള്‍ അവിടെ വലിയൊരു ക്രിമിനല്‍ റാക്കറ്റ് നടത്തിവരികയായിരുന്നു. എങ്ങനെ വേഗത്തില്‍ സമ്പന്നരാകാം എന്ന് പഠിപ്പിക്കുന്നതിനായി ഉള്ള ഒരു ഓണ്‍ലൈന്‍ കോഴ്‌സ് ഇയാള്‍ നടത്തുന്നുണ്ടായിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഏകദേശം ഒരു ലക്ഷത്തിലധികം ആളുകള്‍ ആയിരുന്നു ഇതില്‍ അംഗങ്ങളായി ഉണ്ടായിരുന്നത്. ഇവരില്‍ നിന്നായി പ്രതിമാസം 39 പൗണ്ട് വീതമായിരുന്നു ഇയാള്‍ ഫീസ് ആയി ഈടാക്കിയിരുന്നത്. 

കൂടാതെ പെണ്‍കുട്ടികളെ പ്രണയം നടിച്ച് വലയിലാക്കി വീട്ടിലെത്തിച്ച് അവിടെ തടവില്‍ പാര്‍പ്പിച്ച് ബലാത്സംഗം ചെയ്ത് അശ്ലീല ചിത്രങ്ങള്‍ നിര്‍മ്മിച്ചും ഇയാള്‍ കോടികള്‍ സമ്പാദിക്കുന്നുണ്ടായിരുന്നു. ഇതുവരെ 6 യുവതികള്‍ ഇവരുടെ സംഘത്തിനെതിരായി പരാതി നല്‍കിയിട്ടുണ്ട്. തന്റെ വെബ്‌സൈറ്റിലൂടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള മോഡലുകളുമായി ചാറ്റ് ചെയ്യാന്‍ അവസരം ലഭിക്കും എന്ന് പറഞ്ഞ് നിരവധി ആളുകളെ പറ്റിച്ചും ഇയാള്‍ പണം ഉണ്ടാക്കിയിരുന്നു. 

ഈ കേസില്‍ ഇയാളെ പിടികൂടാന്‍ റുമാനിയന്‍ പൊലീസ് പലവട്ടം ശ്രമിച്ചെങ്കിലും ഇയാള്‍ വീട്ടിലെില്ലെന്ന് കണ്ട് മടങ്ങുകയായിരുന്നു. അതിനിടെയാണ് ഇയാളുടെ പുതിയ വീഡിയോ പുറത്തുവന്നത്. അതില്‍, ഇയാളുടെ മേശമേല്‍ ഉള്ള റുമാനിയന്‍ നിര്‍മിതമായ പിസ്സ വ്യക്തമായി കാണാമായിരുന്നു. പുള്ളി ഇപ്പോള്‍ റുമാനിയയയില്‍ തന്നെയാണ് ഉള്ളതെന്നതിന് തെളിവായിരുന്നു ഇത്. 

വൈകിയില്ല, റുമാനിയന്‍ പൊലീസ് വീട്ടിലെത്തി. ഇയാളെയും സഹോദരനെയും രണ്ട് കൂട്ടാളികളെയും പോലീസ് അറസ്റ്റ് ചെയ്തു. വിവിധ കേസുകളില്‍ അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ റിമാന്‍ഡില്‍ കഴിയുകയാണ്.