ഹൈന്ദവ വിശ്വാസങ്ങളില്‍ കാശിയോളം പ്രധാനുണ്ട് ഐവർമഠത്തിനും. ഐവർമഠത്തിന്‍റെ ഐതീഹ്യങ്ങളിലൂടെ ഒരു യാത്ര, തയ്യാറാക്കിയത് സുധീപ് എസ്.

രണത്തിന്‍റെയും മോക്ഷത്തിന്‍റെയും മണ്ണ്. ഐതിഹ്യങ്ങളുടെയും കെട്ടുകഥകളുടെയും മണ്ണ്. കാശിയോളം പ്രാധാന്യം. അതെ, തിരുവില്വാമല ഐവര്‍മഠത്തിന്‍റെ ചരിത്രത്തിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ട്. ഹൈന്ദവ വിശ്വാസ പ്രകാരം മോക്ഷം തേടി വിശ്വാസികളെത്തുന്ന ഐവർമഠത്തിന്‍റെ ഐതീഹ്യങ്ങളിലൂടെ ഒരു യാത്ര, തയ്യാറാക്കിയത് സുധീപ് എസ്.

ഭാരതത്തിന്‍റെ വടക്കും, തെക്കുമായി കിടക്കുന്ന രണ്ട് സ്ഥലങ്ങളാണ് കാശിയും തിരുവില്വാമലയും. ഭാഷ, വേഷം, സംസ്‌കാരം എന്നിങ്ങനെ ഒന്നുകൊണ്ടും ഒരു ബന്ധവുമില്ലാത്ത രണ്ട് ദേശങ്ങൾ. എന്നാല്‍ ഈ ദേശങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഒരു കണ്ണിയുണ്ട്. അത് ജന്മ ക‍ർമ്മങ്ങൾ കൊണ്ടല്ല. മറിച്ച് മരണം കൊണ്ടാണ്. ഒരു ജീവിതായുസിനൊടുവില്‍ ജീവന്‍ ശരീരമുപേക്ഷിച്ച് പോകുമ്പോൾ, ആ മൃതദേഹം ദഹിപ്പിക്കുന്നിടമാണ് ഈ രണ്ട് ദേശങ്ങളും.

ഭാരതത്തിലെ രണ്ട് മഹാ ശ്മശാനങ്ങളാണ് കാശിയും ഐവര്‍മഠവും. ഹൈന്ദവ വിശ്വാസ പ്രകാരം ഭാരതത്തിലെ അഞ്ച് പുണ്യശ്മശാനങ്ങളില്‍ ഒന്നാണ് ഐവര്‍മഠം. ഗംഗാതീരത്തെ കാശി മണികര്‍ണികാഘട്ട്, അജ്മീറില്‍ പുഷ്‌കരതീര്‍ഥ തീരത്തെ പുഷ്‌കര്‍, നര്‍മദാതീരത്തെ അഹമ്മദാബാദിന് സമീപമുള്ള സിദ്ധാപൂര്‍, പുരിയില്‍ സമുദ്രതീരത്തെ സ്വര്‍ഗ്ഗാദ്വാര്‍ എന്നിവയാണ് മറ്റ് പുണ്യ ശ്മശാനങ്ങൾ.

ഗംഗയുടെ തീരത്തെ ശ്രീകോവിലില്‍ ശ്മശാന കാവല്‍ദൈവമായ കാല ഭൈരവനുണ്ട്. 'കാല' എന്ന വാക്കിന്‍റെ അര്‍ത്ഥം മരണം അഥവാ സമയമെന്നാണ്. കാലഭൈരവന്‍ എന്നാല്‍ മരണത്തിന്‍റെയും സമയത്തിന്‍റെയും ഭയം അകറ്റുന്നവന്‍ എന്നാണ് അർത്ഥം. കാലഭൈരവനെ മരണം പോലും ഭയക്കുന്നു എന്ന് ഹൈന്ദവ വിശ്വാസം. എന്നാല്‍ ഐവര്‍മഠത്തിന്‍റെ കാവല്‍ സംഹാരമൂര്‍ത്തിയായ ശിവനല്ല. പകരം സ്ഥിതി പാലകനായ വിഷ്ണുവിന്‍റെ അവതാരമായ ശ്രീകൃഷ്ണനാണ്.

(ഐവർമഠം പാര്‍ത്ഥസാരഥി ക്ഷേത്രം)

ജന്മ-ജന്മാന്തരങ്ങളിലെ പുണ്യ-പാപങ്ങളുമായി തിരുവില്വാമല കെട്ടുപിണഞ്ഞ് കിടക്കുന്നു. ഒരു മനുഷ്യായുസിലെ പാപങ്ങള്‍ തീര്‍ക്കുന്ന ഇടവും എല്ലാ പുണ്യ-പാപങ്ങളും ഇറക്കി വച്ച് അവസാനത്തെ 'പാഥേയം' സ്വീകരിക്കുന്ന ഇടവും ഇവിടെ ഒന്നാകുന്നു. വില്വാദ്രി മലയിലെ ഗുഹയിലൂടെ പുനര്‍ജനി നൂണ്ടാല്‍ ഒരു മനുഷ്യായുസിലെ പാപങ്ങള്‍ തീര്‍ന്ന് പുതിയ ഒരു മനുഷ്യനാകുമെന്നാണ് ഹൈന്ദവ‍ർ വിശ്വാസിക്കുന്നു. വില്വാദ്രി മലയുടെ താഴ്‌വാരത്തിലെ ഐവര്‍മഠത്തിൽ പുണ്യ/പാപങ്ങള്‍ തീര്‍ത്ത് അന്ത്യവിശ്രമത്തിനായി ചിതയൊരുങ്ങുന്നു.

കാശി കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ശവദാഹം നടക്കുന്ന ഇടമാണ് ഇവിടം. എരിഞ്ഞൊടുങ്ങാത്ത അനേകം ചിതകൾ ഇവിടെ നിത്യവും ഇരിഞ്ഞ് കൊണ്ടിരിക്കുന്നു. കാറ്റില്‍ ശവഗന്ധത്തോടൊപ്പം മന്ത്രോച്ചാരണങ്ങളും വിലാപങ്ങളും ഉയർന്നു കൊണ്ടേയിരിക്കും. കാശിക്ക് ഗംഗയെന്നവണ്ണമാണ് ഏവർമഠത്തിന് നിളയും. നിള ഐവർമഠത്തിന് മുന്നിലൂടെ ഒഴുകുമ്പോൾ ശോകനാശിനിയാകും. ചില കാലങ്ങളിൽ കണ്ണൂരു പോലെ നേര്‍ത്തൊഴുകുന്ന പുഴ, കർക്കിടക മാസങ്ങളില്‍ ചിലപ്പോൾ ശ്മശാന ഭൂമിയോളമെത്തും. ഈ സമയം പട്ടടയിലെ ചാരവും മാറോട് ചേര്‍ത്താകും നിളയൊഴുകുക. ജന്മപുണ്യപാപങ്ങളെല്ലാം സ്വയം നേഞ്ചേറ്റി ശോകനാശിനിയായി ഒഴുകുന്നു. പിന്നെ വീണ്ടുമൊരു തെളിനീരായി മാറും. നിളയെ വിശ്വാസികൾ ഗംഗയ്ക്ക് തുല്യമായി കണക്കാക്കുന്നു.

ഈ വിശ്വാസത്തെ ഊട്ടിയുറപ്പിക്കുന്ന ശ്ലോകമാണ്, 'ഗംഗേ ച യമുനേ ചൈവ / ഗോദാവരി സരസ്വതി / നര്‍മ്മദാ സിന്ധു കാവേരി / നിളേസ്മിന്‍ സന്നിധി കുരു' എന്നത്. മരണാനന്തര കര്‍മ്മങ്ങള്‍ ചെയ്യാനായി ബലിതര്‍പ്പണം നടത്തുമ്പോള്‍ ചൊല്ലുന്ന ശ്ലോകം. ഭാരത ദേശത്തെ പുണ്യനദികളുടെയെല്ലാം സാമിപ്യം നിളാനദിയില്‍ ഉണ്ടാകുമെന്ന് ശ്ലോകം വിശദീകരിക്കുന്നു. ഏറ്റവും വിശിഷ്ടമായ ഏഴ് പുണ്യനദികളുടെയും സാമീപ്യം പ്രാപ്യമല്ലാത്തവര്‍ക്ക്, നിളാതീരത്ത് കര്‍മ്മങ്ങള്‍ ചെയ്യാമെന്നാണ് സാരം.