പ്ലാസ്റ്റിക് ഒരു ഭീകര വില്ലനാണ്. മനുഷ്യന് മാത്രമല്ല, ഈ ലോകത്തിലെ എല്ലാ ജീവജാലങ്ങള്‍ക്കും. അത് തെളിയിക്കുന്ന എത്രയെത്ര വാര്‍ത്തകളാണ് പുറത്തുവരുന്നത്. വയറ്റില്‍ പ്ലാസ്റ്റിക് അടിഞ്ഞുകൂടിയ തിമിംഗലം, കഴിഞ്ഞ ദിവസം മരണപ്പെട്ട തായ്ല‍ന്‍ഡിലെ പൊന്നോമന കടല്‍പ്പശുക്കുഞ്ഞ്... അങ്ങനെ അങ്ങനെ... 

ഓരോ ദിവസവും നമ്മുടെ വീട്ടിലേക്കെത്തുന്ന പ്ലാസ്റ്റിക് തന്നെ എത്ര വരും? ഉപ്പു തൊട്ട് കര്‍പ്പൂരം വരെ വരുന്നത് പ്ലാസ്റ്റിക് കവറുകളിലാണ്. അവയെല്ലാം കുപ്പിയിലാക്കുന്നതോടെ പ്ലാസ്റ്റിക് കവറുകള്‍ ബാക്കിയാവുന്നു. ഈ പ്ലാസ്റ്റിക് ഉപയോഗം കുറക്കാനായി, ഇതിന്‍റെ ഭീകരതയറിയുന്ന ചിലരെങ്കിലും പലവിധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്. പ്ലാസ്റ്റിക് കവറുകള്‍ക്ക് പകരം വാഴയില, പ്ലാസ്റ്റിക്കിന്‍റെ പുനരുപയോഗം തുടങ്ങി പലതും. എന്നാല്‍, ഈ കുഞ്ഞ് ദ്വീപ് അതില്‍ ഒരുപടി കൂടി മുന്നിലാണ് ഒരു കുഞ്ഞുകഷ്‍ണം പ്ലാസ്റ്റിക് പോലും ഉപയോഗിക്കാതെ ലോകത്തിനാകെ മാതൃകയാവുകയാണ് ഇവര്‍. 

പ്ലാസ്റ്റിക് ഭൂമിയെ കൊല്ലും മുമ്പ്... പ്ലാസ്റ്റിക് ഉപയോഗം കുറക്കണോ? ഇങ്ങനെയൊക്കെ മാര്‍ഗങ്ങളുണ്ട്...

ദക്ഷിണ പസഫിക് മഹാസമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് വാനുവാടു. ലോകത്തിലെ ഏറ്റവും കര്‍ശനമായ പ്ലാസ്റ്റിക് നിരോധനം നിലനില്‍ക്കുന്ന സ്ഥലങ്ങളിലൊന്ന്. തന്‍റെ കടല്‍പ്പാറക്കൂട്ടങ്ങളെയും, വനത്തെയും, പുഴകളെയും സംരക്ഷിക്കാന്‍ വനവാടു പ്ലാസ്റ്റിക് നിരോധിച്ചു കളഞ്ഞു. ഒരു കുഞ്ഞ് പ്ലാസ്റ്റിക് ബാഗ് പോലും ഉപയോഗിക്കരുത്, സ്ട്രോയും പോളി സ്റ്റൈറീൻ ബോക്സുകളുമടക്കം എല്ലാം നിരോധിച്ചത് 2018 -ലാണ്. അതിനുമുമ്പ് എല്ലായിടത്തും സജീവമായി പ്ലാസ്റ്റിക് ഉപയോഗിച്ചുകൊണ്ടിരുന്ന, പ്ലാസ്റ്റിക് ഉപയോഗം വളരെ കൂടുതലായിരുന്ന ഒരിടമായിരുന്നു വനവാടു. 

വനവാടുവിലെ എന്‍വയോണ്‍മെന്‍റല്‍ സയന്‍സ് സൊസൈറ്റിയില്‍ നിന്നുള്ള മാര്‍ട്ടിക താഹി പറയുന്നത് നോക്കാം: ഒരു ചെറിയ പ്ലാസ്റ്റിക് ബാഗുകള്‍ പോലും ഇവിടെ ഷോപ്പിങ്ങിനായി ഉപയോഗിക്കുന്നത് കാണാന്‍ നിങ്ങള്‍ക്ക് കഴിയില്ല. അത് വളരെ മനോഹരമായ കാര്യമാണ്. ഞാനത് ഇഷ്ടപ്പെടുന്നു. 

ഇപ്പോഴും ഒരു പുഴയോ മറ്റോ വൃത്തിയാക്കുമ്പോള്‍ നിങ്ങള്‍ക്ക് ഇപ്പോഴും പ്ലാസ്റ്റിക്കുകള്‍ കാണാം. അത് നേരത്തെ ഉപേക്ഷിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളാണ്. പ്ലാസ്റ്റിക് ബോട്ടിലുകളടക്കം എല്ലാം നിരോധിക്കാന്‍ സര്‍ക്കാര്‍ സജീവമായി ഇനിയുമുണ്ടാകണം. ഒരുദിവസം പ്ലാസ്റ്റിക്കിന് പകരം നമ്മുടെ നാട്ടിലെ പഴയ സാധനങ്ങളെല്ലാം ഉപയോഗിക്കുന്ന ഒരു ദിവസമാണ് ഞാന്‍ സ്വപ്നം കാണുന്നത്. പരമ്പരാഗതമായ ആ വസ്തുക്കളുടെ ഉപയോഗം കൂടുമ്പോള്‍ നമ്മള്‍ ഹാപ്പിയാകും. ആ സന്തോഷം നമ്മുടെ രാജ്യത്തെ ഓര്‍ത്തുകൂടിയാകണം, നമ്മുടെ പരിസ്ഥിതിയെയും അവിടെയുള്ള ജീവജാലങ്ങളെയും കൂടി ഓര്‍ത്താകണം. 

മാര്‍ക്കറ്റ് ഷെഫ് ആയ മറിയം മെലോ ഒരു മാറ്റത്തിനായുള്ള ഈ കാമ്പയിനിങ്ങിന്‍റെ ഭാഗമായ ഒരാളാണ്. മറിയം പറയുന്നത് ഇങ്ങനെ:  ഞങ്ങള്‍ ആദ്യം ഈ പ്ലാസ്റ്റിക് നിരോധനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ജനങ്ങള്‍ ദേഷ്യപ്പെടുകയാണുണ്ടായത്. മാര്‍ക്കറ്റിലെ ഓരോരുത്തരോടും ഞാന്‍ പറഞ്ഞു, ഇത് വളരെ എളുപ്പമുള്ള ഒരു ജോലിയല്ല. ബുദ്ധിമുട്ട് തന്നെയാണ്. പക്ഷേ, പതിയെ നമ്മളത് ചെയ്‍തു തുടങ്ങിയാല്‍ അത് ശീലമാകും. പ്ലാസ്റ്റിക് ഉപയോഗത്തില്‍ നിന്നും പതിയെ പതിയെ ഷോപ്പിങ്, പ്ലാസ്റ്റിക് ഫ്രീ ആകും. എല്ലാ പ്രസിഡണ്ടുമാരേയും ചേര്‍ത്ത് ഞങ്ങള്‍ യോഗങ്ങള്‍ വിളിച്ചു. അവരോട് സംസാരിച്ചു. പിന്നീട്, പെറ്റീഷനില്‍ ഒപ്പുവെച്ചു. പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കേണ്ടത് വളരെ അത്യാവശ്യമാണെന്ന് സര്‍ക്കാരും സമ്മതിച്ചു. പ്ലാസ്റ്റിക്കിന് പകരം എന്ത് എന്ന ചോദ്യത്തിന് പരമ്പരാഗതമായ ബാഗുകള്‍ പരിചയപ്പെടുത്തി, അത് സജീവമായി. 

ബാഗ് നെയ്തുണ്ടാക്കുന്ന റൊസാലീ വാടു പറയുന്നത് നോക്കാം: ഈ പ്ലാസ്റ്റിക് നിരോധനം ഞങ്ങളെ ഒരുപാട് സഹായിച്ചു. പ്രത്യേകിച്ച് സാമ്പത്തിക ഉന്നമനത്തിന്. ഇപ്പോള്‍, ഇത്തരം ബാഗുകള്‍ക്ക് ഡിമാന്‍ഡ് വളരെയധികം കൂടിയിട്ടുണ്ട്. വീട്ടിലും നഗരത്തിലും സ്ത്രീകള്‍ ഈ ബാഗുകളുണ്ടാക്കുകയും ജീവിക്കാനുള്ളത് കണ്ടെത്തുകയും ചെയ്യുന്നു. 

ഡിപാര്‍ട്മെന്‍റ് ഓഫ് എന്‍വയോണ്‍മെന്‍റ് പ്രതിനിധി അയോണി ബൊലേഗ പറയുന്നത് ഇങ്ങനെയാണ്: വനവാടുവില്‍ പ്ലാസ്റ്റിക് നിരോധനം എളുപ്പമാണ്. കാരണം, ഇവിടെ പ്ലാസ്റ്റിക്കുകള്‍ ഇറക്കുമതി ചെയ്യുകയാണിവിടെ. പ്ലാസ്റ്റിക് കപ്പുകള്‍ പോലെയുള്ളവ നിരോധിക്കുന്നതിന് പ്രായോഗികമായ ബുദ്ധിമുട്ടുകളുണ്ട്. 

എല്ലാം ഇറക്കുമതി ചെയ്ത് ഉപയോഗിക്കുന്ന ഒരു ദ്വീപാണ് വനവാടു. അവരെ സംബന്ധിച്ച് പ്ലാസ്റ്റിക് നിരോധിക്കുക എന്നത് എത്രമാത്രം ബുദ്ധിമുട്ടാണ് എന്ന് നോക്കൂ. എന്നിട്ടും അവരാല്‍ കഴിയുന്നതുപോലെ പ്ലാസ്റ്റിക് നിരോധനം നടപ്പില്‍ വരുത്തുകയും അതിന് ഒറ്റക്കെട്ടായി സഹകരിക്കുകയും ചെയ്യുകയാണ് ഇവിടെ ജനങ്ങള്‍.