ഷാങ്ഹായിലെ ഒരു ആഡംബര റസ്റ്റോറന്‍റ് സാധാരണ തക്കാളി-മുട്ടത്തോരന് 7,300-ലധികം രൂപ ഈടാക്കി വാർത്തകളിൽ ഇടം നേടി. എമു പക്ഷിയുടെ മുട്ടയും നെതർലാൻഡ്‌സിൽ നിന്നുള്ള പ്രീമിയം തക്കാളിയും ഉപയോഗിക്കുന്നതിനാലാണ് ഈ ഭീമമായ വില. ഈ വിചിത്ര വിലയുള്ള വിഭവം ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
ചൈനയിലെ ഏത് സാധാരണക്കാരന്‍റെയും വീടുകളിലെ നിത്യവിഭവമായ തക്കാളി - മുട്ടത്തോരൻ റെസ്റ്റോറന്‍റിൽ നിന്നും ഓർഡർ ചെയ്ത ഉപഭോക്താക്കൾ വിലകേട്ട് അന്തംവിട്ടു. ഒരു പ്ലേറ്റ് തോരന് ഷാങ്ഹായിലെ ഒരു ആഡംബര റസ്റ്റോറന്‍റ് ഈടാക്കിയത് 520 യുവാൻ (ഏകദേശം 7,300-ലധികം ഇന്ത്യൻ രൂപ) ആണ്! സാധാരണ ഹോട്ടലുകളിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്ന ഈ ലളിതമായ വിഭവം ഇപ്പോൾ ചൈനീസ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴി തെളിച്ചിരിക്കുകയാണ്. ഷാങ്ഹായിലെ ഹോങ്കോവ് ഡിസ്ട്രിക്റ്റിലുള്ള 'ജിൻലോങ് ദാബിയാൻലു' എന്ന റസ്റ്റോറന്‍റാണ് തങ്ങളുടെ മെനുവിലെ ഈ വിചിത്ര വിലയുള്ള വിഭവത്തിലൂടെ ശ്രദ്ധ നേടിയിരിക്കുന്നത്.
മുട്ട പൊട്ടിക്കുന്നത് ചുറ്റിക കൊണ്ട്!
ചില വ്ലോഗർമാർ ഈ റസ്റ്റോറന്‍റ് സന്ദർശിക്കുകയും, വിഭവം തയ്യാറാക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയും ചെയ്തതോടെയാണ് ഈ തക്കാളിത്തോരൻ ഇത്രയധികം വാർത്താ പ്രാധാന്യം നേടിയത്. വിഭവം തയ്യാറാക്കാൻ സാധാരണ കോഴിമുട്ടയോ താറാവുമുട്ടയോ അല്ല ഉപയോഗിക്കുന്നത്, 'എമു' (Emu) പക്ഷിയുടെ മുട്ടയാണ് ഇതിനായി എടുക്കുന്നത്. കട്ടിയുള്ള ഈ മുട്ടത്തോട് പൊട്ടിക്കാൻ ഷെഫ് ഒരു ചെറിയ ചുറ്റികയാണ് ഉപയോഗിക്കുന്നത്.
മുട്ട പൊട്ടിച്ചൊഴിക്കുന്നത് സാധാരണ പാത്രത്തിലേക്കല്ല, പകരം വൈൻ കുടിക്കാൻ ഉപയോഗിക്കുന്ന ഒരു ഗ്ലാസിലേക്കാണ്. ഇത് പാചകത്തിന് ഒരു 'രാജകീയ പ്രൗഢി' നൽകുന്നുവെന്ന് വ്ലോഗർമാർ പറയുന്നു. നെതർലാൻഡ്‌സിൽ നിന്നുള്ള അതീവ സ്വാദും നീരുമുള്ള 'പ്രൊവിൻസ് ടൊമാറ്റോ' എന്ന പ്രീമിയം ഇനം തക്കാളിയാണ് ഇതിൽ ചേർക്കുന്നത്. വിഭവം പാകം ചെയ്യുന്ന രീതിയിൽ വലിയ വ്യത്യാസമൊന്നുമില്ലെങ്കിലും ഇത് അതീവ മൃദുവും സ്വാദിഷ്ടവുമാണെന്നാണ് കഴിച്ചവർ അഭിപ്രായപ്പെടുന്നത്.
മുട്ടയ്ക്കും തക്കാളിക്കും ഉയർന്ന വില
ജർമ്മനിയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന എമു മുട്ടയ്ക്ക് 150 യുവാനും തക്കാളിക്ക് 50 യുവാനുമടക്കം 200 യുവാൻ (ഏകദേശം 2,800 രൂപ) ഇതിന്‍റെ നിർമ്മാണച്ചെലവായി മാത്രം വരുന്നുണ്ടെന്ന് റസ്റ്റോറന്‍റ് അധികൃതർ വ്യക്തമാക്കുന്നു. റസ്റ്റോറനന്‍റിൽ ഒരു ദിവസത്തിൽ ഒരു സെറ്റ് മാത്രമാണ് ഈ വിഭവം തയ്യാറാക്കുന്നത്. "മുൻകൂട്ടി ബുക്ക് ചെയ്യുന്ന വിഐപി ഉപഭോക്താക്കൾക്ക് വേണ്ടിയാണ് ഈ വിഭവം പ്രത്യേകമായി തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഒരു സാധാരണ തക്കാളി-മുട്ടത്തോരന്‍റെ ബിസിനസ്സ് കണക്കുകൾ വെച്ച് ഇതിന്‍റെ വിലയെ വിലയിരുത്താനാകില്ലന്നാണ് സ്റ്റോറന്‍റ് ഷെഫ് അഭിപ്രായപ്പെട്ടു.
വാർത്ത പുറത്തുവന്നതോടെ ചൈനീസ് ഇന്‍റർനെറ്റ് ലോകം രണ്ടുചേരിയായി തിരിഞ്ഞു കഴിഞ്ഞു. "ഇത് കഴിക്കുന്നവർ യഥാർത്ഥത്തിൽ തങ്ങളുടെ വിഡ്ഢിത്തത്തിനുള്ള നികുതിയാണ് നൽകുന്നതെന്നും'. 'കാണാൻ എന്‍റെ അമ്മ വീട്ടിൽ ഉണ്ടാക്കുന്നതുപോലെ തന്നെയുണ്ട്," എന്നുമായിരുന്നു ചിലരുടെ പരിഹാസം. "റസ്റ്റോറന്‍റ് വില കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ടെന്നും ഉപഭോക്താക്കൾ സ്വന്തം ഇഷ്ടപ്രകാരമാണ് ഇത് വാങ്ങുന്നതെന്നും ഇതിൽ തെറ്റില്ലെന്നും" പറഞ്ഞ മറ്റു ചിലർ റസ്റ്റോറന്‍റിനെ പിന്തുണച്ചു.


