Asianet News MalayalamAsianet News Malayalam

ഇന്ന് പ്രധാനമന്ത്രി കണ്ട രാജീവ് ഗാന്ധിയല്ല അന്ന് പ്രതിപക്ഷ നേതാവ് വാജ്പേയി കണ്ട രാജീവ് ഗാന്ധി

1985 -ലായിരുന്നു ഇത്. അന്ന് രാജീവ് ഗാന്ധിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. വാജ്പേയി അന്ന് പ്രതിപക്ഷനിരയിലെ തന്നെ ഏറ്റവും ശക്തനായ എതിരാളി. ആ സമയത്താണ് വാജ്പേയിക്ക് കിഡ്നി സംബന്ധമായ അസുഖമുണ്ടെന്ന് രാജീവ് ഗാന്ധി അറിയുന്നതും, തന്‍റെ ഓഫീസിലേക്ക് അദ്ദേഹത്തെ വിളിച്ചു വരുത്തുന്നതും. 

pm narendra modi on former pm rajiv gandhi and discussion on words of vajpeyee
Author
Thiruvananthapuram, First Published May 5, 2019, 6:26 PM IST

'നിങ്ങളുടെ പിതാവിന്റെ ജീവിതം ഒടുങ്ങിയത് ഏറ്റവും വലിയ അഴിമതിക്കാരൻ  എന്ന ചീത്തപ്പേര് കേൾപ്പിച്ചുകൊണ്ടാണ്' എന്ന് മോദി, രാഹുൽ ഗാന്ധിയോട് പറഞ്ഞത് ചര്‍ച്ചയാകുന്നു. 

അപ്പോള്‍ തന്നെയാണ്, 'രാജീവ് ഗാന്ധി ഇല്ലായിരുന്നുവെങ്കില്‍ താന്‍ ജീവനോടെ കാണില്ലായിരുന്നു'വെന്ന് അടല്‍ ബിഹാരി വാജ്പേയി നേരത്തെ പറഞ്ഞതും ചര്‍ച്ചയാവുന്നത്. വാജ്പേയി രാജീവ് ഗാന്ധിയെക്കുറിച്ച് വെളിപ്പെടുത്തിയതെങ്കിലും  നരേന്ദ്രമോദി ഓര്‍ക്കുന്നത് നന്നാവും എന്നും നിരവധി പേര്‍ അഭിപ്രായപ്പെട്ടു.

റഫാൽ അഴിമതിയുടെ പേരും പറഞ്ഞ് തന്റെ പ്രതിച്ഛായ തകർക്കാൻ ശ്രമിക്കുകയാണ് കോൺഗ്രസ്സും അതിന്റെ പ്രസിഡന്റ് രാഹുൽ ഗാന്ധിയും എന്ന് ആരോപിച്ചുകൊണ്ട്, നരേന്ദ്ര മോദി, മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയ്ക്കുനേരെ ഗുരുതരമായ ആരോപണങ്ങൾ ഉന്നയിക്കുകയായിരുന്നു. രാജീവ് ഗാന്ധിയെപ്പറ്റി രാഹുൽ ഗാന്ധിയോട്  അദ്ദേഹം പറഞ്ഞത് ഇങ്ങനെയാണ്, "നിങ്ങളുടെ അച്ഛനെ മിസ്റ്റർ ക്ളീൻ എന്ന് വിളിച്ചത് അദ്ദേഹത്തിന്റെ ഉപജാപകവൃന്ദം മാത്രമാണ്. പക്ഷേ, ആ ജീവിതം അവസാനിച്ചത് 'അഴിമതിക്കാരൻ നമ്പർ 1 ' എന്ന പേരും സമ്പാദിച്ചുകൊണ്ടാണ്..."

മറക്കരുത് വാജ്പേയി പറഞ്ഞത്..

ഇതേ അവസരത്തിലാണ് മുന്‍ പ്രധാനമന്ത്രി കൂടിയായിരുന്ന വാജ്പേയി നേരത്തെ രാജീവ് ഗാന്ധിയെ കുറിച്ച് നടത്തിയ വെളിപ്പെടുത്തലും ചര്‍ച്ച ചെയ്യപ്പെടുന്നത്. തന്‍റെ അസുഖത്തിന്‍റെ സമയത്ത് രാഷ്ട്രീയ വൈരാഗ്യം മറന്ന് തന്നോടൊപ്പം കരുണാമയനായി നിന്ന രാജീവ് ഗാന്ധിയെ കുറിച്ചാണ് വാജ്പേയി വെളിപ്പെടുത്തിയത്. 

കിഡ്നി സംബന്ധമായ അസുഖമുണ്ടായിരുന്ന കാലത്തെ കുറിച്ചുള്ള വാജ്പേയിയുടെ ആ പരാമര്‍ശങ്ങളാണ് ചര്‍ച്ചയാകുന്നത്. അസുഖത്തെ കുറിച്ചറിഞ്ഞ രാജീവ് ഗാന്ധി തന്നെ ഇന്ത്യയുടെ യു എന്‍ പ്രതിനിധി സംഘത്തോടൊപ്പം ഉള്‍പ്പെടുത്തി അമേരിക്കയ്ക്ക് അയച്ചിരുന്നു. മാത്രവുമല്ല, അവിടെ ചികിത്സിക്കാനുള്ള സൗകര്യങ്ങളും ഒരുക്കിയിരുന്നുവെന്നും അന്ന് വാജ്പേയി വെളിപ്പെടുത്തിയിരുന്നു. 

1985 -ലായിരുന്നു ഇത്. അന്ന് രാജീവ് ഗാന്ധിയാണ് ഇന്ത്യയുടെ പ്രധാനമന്ത്രി. വാജ്പേയി അന്ന് പ്രതിപക്ഷനിരയിലെ തന്നെ ഏറ്റവും ശക്തനായ എതിരാളിയും.. ആ സമയത്താണ് വാജ്പേയിക്ക് കിഡ്നി സംബന്ധമായ അസുഖമുണ്ടെന്ന് രാജീവ് ഗാന്ധി അറിയുന്നത്. പക്ഷെ, രാഷ്ട്രീയപരമായ വിയോജിപ്പുകളെല്ലാം രാജീവ് ഗാന്ധി മറന്നു. തന്‍റെ ഓഫീസിലേക്ക് വാജ്പേയിയെ വിളിപ്പിക്കുകയും ചെയ്തു അദ്ദേഹം. ആ സമയത്താണ് അമേരിക്കയിലേക്ക് ഇന്ത്യയില്‍ നിന്ന് പോകുന്ന യു എന്‍ പ്രതിനിധി സംഘത്തില്‍ പെട്ടവരെ തെരഞ്ഞെടുത്തത്. അക്കൂട്ടത്തില്‍, വാജ്പേയിയെ കൂടി ഉള്‍പ്പെടുത്താമെന്ന് രാജീവ് ഗാന്ധി വാജ്പേയിയോട് നേരിട്ടു തന്നെ പറഞ്ഞു. അത് അദ്ദേഹത്തിന് മികച്ച ചികിത്സ കിട്ടാന്‍ സഹായകമാകുമെന്ന കരുതലായിരുന്നു ഇവിടെ മുന്നിട്ടു നിന്നത്. അങ്ങനെ, യു എന്‍ പ്രതിനിധി സംഘത്തോടൊപ്പം പോയ വാജ്പേയി തന്‍റെ ചികിത്സ പൂര്‍ത്തിയാക്കിയ ശേഷമാണ് തിരികെയെത്തിയത്.

രാജീവ് ഗാന്ധി 1991 -ല്‍ കൊല്ലപ്പെട്ട ശേഷം നല്‍കിയ അഭിമുഖത്തില്‍ വാജ്പേയി ഇക്കാര്യം വെളിപ്പെടുത്തുന്നുണ്ട്. കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇത്. ഉലേക് എന്‍പി എഴുതിയ 'ദ അണ്‍ടോള്‍ഡ് വാജ്പേയി: പൊളിറ്റീഷ്യന്‍ ആന്‍ പാരഡോക്സ്' എന്ന പുസ്തകത്തിലും ഈ സംഭവത്തെ കുറിച്ച് വിവരണമുണ്ട്. 

പരസ്പര ബഹുമാനമില്ലാത്ത അക്രമങ്ങളോ?

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിക്കെതിരെ പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ വലിയ തോതിലുള്ള പ്രതിഷേധങ്ങളാണ് ഉണ്ടായത്. കോണ്‍ഗ്രസുകാര്‍ മാത്രമല്ല. മറ്റു രാഷ്ട്രീയ പാര്‍ട്ടിയിലുള്ളവരും ആക്ടിവിസ്റ്റുകളുമെല്ലാം മോദിയുടെ പരാമര്‍ശത്തിനെതിരെ പ്രതികരിച്ചിരുന്നു. ഒരുകാലത്ത് പരസ്പരം ബഹുമാനത്തോടെ രാഷ്ട്രീയം പറഞ്ഞെതിര്‍ത്തിരുന്നതിനു പകരം ഇന്ന് എല്ലാ അതിരുകളും ലംഘിച്ചു കൊണ്ട് നടക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ നല്ലതല്ല എന്ന വാദവും ഉയരുന്നു.

ഇവിടെത്തന്നെയാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വീറ്റും ചര്‍ച്ചയാകുന്നത് എന്നതും ചിന്തനീയമാണ്. രാജീവ് ഗാന്ധിക്കെതിരായ പരാമര്‍ശത്തിന് മറുപടി എന്നോണം കുറിച്ച ട്വീറ്റ് 'മോദിജി' എന്ന് വിളിച്ചാണ് തുടങ്ങിയിരിക്കുന്നത്. ട്വീറ്റില്‍ 'യുദ്ധം കഴിഞ്ഞു. കര്‍മ്മഫലം നിങ്ങളെ കാത്തിരിക്കുന്നു. നിങ്ങളുടെ ഉള്ളിലുള്ള വിശ്വാസങ്ങള്‍ എന്‍റെ അച്ഛനില്‍ ആരോപിച്ചതുകൊണ്ട് നിങ്ങള്‍ രക്ഷപ്പെടാന്‍ പോകുന്നില്ല.' എന്നാണ് എഴുതിയിരിക്കുന്നത്. 

 

 

Follow Us:
Download App:
  • android
  • ios