തമാശ എന്താണെന്നു വെച്ചാല്‍, പൊലീസ് വരികയും മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തതോടെ അതുവരെ നടക്കാന്‍ ശേഷിയില്ലെന്നു പറഞ്ഞ് വീല്‍ചെയറിലിരുന്ന ആള്‍ എണീറ്റുനിന്നു!
വീല്‍ ചെയറിലാണ് ആ യാത്രക്കാരന്‍ വിമാനമിറങ്ങി പുറത്തുവന്നത്. പുറത്തെത്തിയ ഉടന്‍ തന്നെ സഹായിക്കണമെന്ന് വിമാനത്താവള ജീവനക്കാരോട് അയാള്‍ ആവശ്യപ്പെട്ടിരുന്നു. അവര്‍ വീല്‍ ചെയര്‍ ഉന്തി പുറത്തേക്ക് വരുമ്പോള്‍ ഒരു സംഭവമുണ്ടായി. മയക്കുമരുന്നുകള്‍ മണത്തു കണ്ടുപിടിക്കാന്‍ പ്രത്യേകം പരിശീലനം കിട്ടിയ നായ വീല്‍ചെയറിനു നേര്‍ക്കു പാഞ്ഞുവന്നു. പിന്നാലെ പൊലീസുകാരും. അവര്‍ നടത്തിയ തെരച്ചിലില്‍, വീല്‍ചെയറിന്റെ ലെതര്‍ സീറ്റിനടിയില്‍ ഒളിപ്പിച്ചു വെച്ച 13 കിലോ കൊക്കൈന്‍ പിടികൂടി.
തമാശ എന്താണെന്നു വെച്ചാല്‍, പൊലീസ് വരികയും മയക്കുമരുന്ന് കണ്ടെത്തുകയും ചെയ്തതോടെ അതുവരെ നടക്കാന്‍ ശേഷിയില്ലെന്നു പറഞ്ഞ് വീല്‍ചെയറിലിരുന്ന ആള്‍ എണീറ്റുനിന്നു! നടക്കാനൊരു പ്രശ്‌നവുമില്ലാത്ത അയാളെ പൊലീസ് നടത്തിയാണ് തങ്ങളുടെ വണ്ടിയിലേക്ക് കൊണ്ടുപോയത്.
ഇറ്റലിയിലെ മിലാന്‍ വിമാനത്താവളത്തിലാണ് സംഭവം. മയക്കുമരുന്ന് കടത്തുകാരുടെ കേന്ദ്രമായ ഡൊമിനിക്കന്‍ റിപ്പബ്ലിക്കില്‍നിന്നുള്ള യാത്രക്കാരനാണ് അറസ്റ്റിലായത്. ഇയാളില്‍നിന്നും കണ്ടെത്തിയത് 13 കിലോ കൊക്കൈനായിരുന്നു. 11 പാക്കറ്റുകളിലായി നിറച്ചുവെച്ച മയക്കുമരുന്ന് മോട്ടോര്‍ കൊണ്ട് പ്രവര്‍ത്തിക്കുന്ന വീല്‍ചെയറിന്റെ ലതര്‍ സീറ്റിനുള്ളിലാണ് നിറച്ചുവെച്ചിരുന്നത്. ഇതിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ 1.2 മില്യന്‍ ഡോളര്‍ (9.56 കോടി രൂപ) വിലവരും.
വീല്‍ ചെയറില്‍ വരുന്നതിനാല്‍ ജീവനക്കാര്‍ ഇയാളുടെ സഹായത്തിനായി രംഗത്തുണ്ടായിരുന്നു. അതിനിടെയാണ്, വിമാനത്താവളത്തില്‍ മയക്കുമരുന്ന് മണത്തു പിടികൂടുന്നതിനായി നിയോഗിച്ചിരുന്ന പട്ടിയുടെ ശ്രദ്ധയില്‍ ഈ വീല്‍ചെയര്‍ വരുന്നത്. പട്ടി വീല്‍ചെയറിനു നേര്‍ക്ക് കുരച്ചുചാടിയപ്പോള്‍ പിന്നാലെ പൊലീസ് എത്തി. ഇയാളുടെ കൈയിലുണ്ടായിരുന്ന ബാഗേജുകള്‍ പരിശോധിച്ചപ്പോള്‍ ഒന്നും കിട്ടിയില്ല. ദേഹപരിശോധന നടത്തിയപ്പോഴും ഒന്നും കണ്ടെത്താനായില്ല. തുടര്‍ന്നാണ് സംശയം തോന്നിയ പൊലീസുകാര്‍ വീല്‍ചെയറിന്റെ ഭാഗങ്ങള്‍ പരിശോധിച്ചത്. ആ പരിശോധന വെറുതെയായില്ല എന്നാണ് പിന്നീട് തെളിഞ്ഞത്. വീല്‍ ചെയറിനെറ ലതര്‍ സീറ്റിനുള്ളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കൊക്കൈന്‍ പാക്കറ്റുകള്‍.
