സംഭവം വിവാദമായതോടെ വീഡിയോ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമർശനവുമായി ഉദ്യോഗസ്ഥർ രംഗത്ത് വരികയും ചെയ്തു.
പൂനെ റെയിൽവേ സ്റ്റേഷനിൽ കിടന്നുറങ്ങുകയായിരുന്ന യാത്രക്കാർ ഉൾപ്പടെയുള്ളവരുടെ ദേഹത്ത് വെള്ളം ഒഴിച്ച പൊലീസ് ഉദ്യോഗസ്ഥനെതിരെ രൂക്ഷ വിമർശനം. ഇയാൾക്കെതിരെ വിമർശനവുമായി ഡിആർഎം ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഇയാൾക്കെതിരെ നടപടി വേണമെന്ന ആവശ്യം ശക്തമായത്. റെയിൽവേ സ്റ്റേഷനിലെ തറയിൽ കിടന്നുറങ്ങുകയായിരുന്ന ആളുകളെ ഉണർത്തുന്നതിനായാണ് പൊലീസ് ഉദ്യോഗസ്ഥൻ മിനറൽ വാട്ടർ കുപ്പിയിലെ വെള്ളം ആളുകളുടെ ദേഹത്ത് ഒഴിച്ചത്.
രൂപേഷ് ചൗധരി എന്നയാളാണ് ട്വിറ്ററിൽ സംഭവത്തിന്റെ ദൃശ്യങ്ങൾ പങ്കുവെച്ചത്. ഗവൺമെന്റ് റെയിൽവേ പൊലീസ് (ജിആർപി) ഉദ്യോഗസ്ഥനാണ് ഉറങ്ങിക്കിടന്ന ആളുകളുടെ ദേഹത്ത് വെള്ളം ഒഴിച്ചത്. വീഡിയോ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വൈറൽ ആയതോടെ വലിയ ചർച്ചകൾക്കും രൂക്ഷ വിമർശനത്തിനും വഴി തെളിക്കുകയായിരുന്നു.
ആനക്കുട്ടിയോടൊത്ത് വനം വകുപ്പ് ഉദ്യോഗസ്ഥന്‍റെ തമാശക്കളി; വൈറല്‍ വീഡിയോ
മനുഷ്യത്വരഹിതമായതും ന്യായീകരണം അർഹിക്കാത്തതുമായ പ്രവൃത്തിയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നും ഉണ്ടായത് എന്നാണ് വീഡിയോ കണ്ട സോഷ്യൽ മീഡിയാ ഉപഭോക്താക്കൾ ഭൂരിഭാഗവും കുറിച്ചത്. പൊലീസ് ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നും ഉണ്ടായ പ്രവൃത്തി ഇന്ത്യൻ റെയിൽവേ പൊലീസിന് മുഴുവൻ അപമാനമാണെന്നും പലരും കുറിച്ചു. മൃഗങ്ങൾ പോലും സഹജീവികളോട് ഇത്രമാത്രം മനുഷ്യത്വരഹിതമായി പെരുമാറുകയില്ല എന്നും പലരും അഭിപ്രായപ്പെട്ടു.
സംഭവം വിവാദമായതോടെ വീഡിയോ മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽ പെടുകയും ആരോപണ വിധേയനായ പൊലീസ് ഉദ്യോഗസ്ഥനെതിരെ വിമർശനവുമായി ഉദ്യോഗസ്ഥർ രംഗത്ത് വരികയും ചെയ്തു. പൂനെ ഡിവിഷണൽ റെയിൽവേ മാനേജർ (ഡിആർഎം), ഇന്ദു ദുബെ സംഭവത്തിൽ ഖേദം പ്രകടിപ്പിച്ചു. പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുന്നത് മറ്റു യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണെങ്കിലും അത് കൈകാര്യം ചെയ്ത രീതി മനുഷ്യത്വരഹിതമായി പോയി എന്നും ഇന്ദു ദുബെ അഭിപ്രായപ്പെട്ടു. യാത്രക്കാരോട് കൂടുതൽ മാന്യമായും സൗഹാർദ്ദപരമായും ഇടപെടണമെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയതായും അവർ അറിയിച്ചു.
