'നിങ്ങളുടെ ഫോൺ പോയി, ആരോ നിങ്ങളുടെ ഫോൺ എടുത്തുകൊണ്ടുപോയി. നിങ്ങൾ എവിടെയാണ് അത് വെച്ചതെന്ന് ഓർമ്മയുണ്ടോ' എന്നാണ് പൊലീസുകാരൻ യാത്രക്കാരനോട് ചോദിക്കുന്നത്.

ട്രെയിനിൽ നിന്നും വിലപിടിപ്പുള്ള സാധനങ്ങൾ മോഷണം പോകുന്നത് തുടർക്കഥയായി മാറിക്കൊണ്ടിരിക്കുകയാണ്. അതിനി ഫോൺ ആകാം, പഴ്സാകാം, ആഭരണങ്ങളാവും, പണമാവാം അങ്ങനെ എന്തും ആവാം. പലപ്പോഴും പൊലീസുദ്യോ​ഗസ്ഥരും മറ്റും നിരന്തരം വന്ന് മോഷണത്തെ കുറിച്ച് മുന്നറിയിപ്പ് നൽകാറുണ്ടെങ്കിലും ആരും അതത്ര പരി​ഗണിക്കാറില്ല. എന്തായാലും, അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഫോൺ പോലും ശ്രദ്ധിക്കാതെ കിടന്നുറങ്ങുന്ന ഒരാളെ യാത്രയിൽ ശ്രദ്ധയോടെയിരിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താൻ ശ്രമിക്കുകയാണ് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ.

വീഡിയോയിൽ ഒരു ട്രെയിൻ കോച്ചാണ് കാണുന്നത്. ഒരാൾ താഴത്തെ ബർത്തിൽ കിടന്ന് ഉറങ്ങുന്നത് വീഡിയോയിൽ കാണാം. അയാളുടെ ഷർട്ടിന്റെ പോക്കറ്റിൽ ഒരു ഫോണുണ്ട്. ആ സമയത്ത് ഒരു പൊലീസ് ഉദ്യോ​ഗസ്ഥൻ അങ്ങോട്ട് വരുന്നത് കാണാം. ശേഷം പൊലീസുകാരൻ ഉറങ്ങിക്കിടന്ന യാത്രക്കാരന്റെ പോക്കറ്റിൽ നിന്നും ഫോൺ എടുത്ത് മാറ്റിയ ശേഷം അയാളെ വിളിച്ചുണർത്തുന്നു. ഫോൺ എവിടെയാണ് എന്നും മറ്റും അന്വേഷിക്കുന്നുമുണ്ട്.

'നിങ്ങളുടെ ഫോൺ പോയി, ആരോ നിങ്ങളുടെ ഫോൺ എടുത്തുകൊണ്ടുപോയി. നിങ്ങൾ എവിടെയാണ് അത് വെച്ചതെന്ന് ഓർമ്മയുണ്ടോ' എന്നാണ് പൊലീസുകാരൻ യാത്രക്കാരനോട് ചോദിക്കുന്നത്. യാത്രക്കാരൻ പെട്ടെന്ന് തന്നെ തന്റെ ബാ​ഗും മറ്റും ഫോണിനായി പരതി നോക്കുന്നത് കാണാം. എന്നാൽ ഫോൺ കാണുന്നില്ല. പിന്നീട്, പൊലീസുകാരൻ ഫോൺ തിരികെ കൊടുക്കുന്നു. 'ഇങ്ങനെ ഷർട്ടിന്റെ പോക്കറ്റിൽ ഫോൺ വച്ചിട്ട് പോയാൽ ആരെങ്കിലും എടുക്കും, ബാ​ഗിലോ, പാന്റിന്റെ പോക്കറ്റിലോ വേണം വയ്ക്കാൻ' എന്നാണ് പൊലീസുകാരൻ പറയുന്നത്. എന്നാൽ, തമാശ അതൊന്നുമല്ല, അപ്പോഴും യാത്രക്കാരൻ ഫോൺ തന്റെ ഷർട്ടിന്റെ പോക്കറ്റിൽ തന്നെയാണ് വയ്ക്കുന്നത്.

View post on Instagram

വളരെ പെട്ടെന്ന് തന്നെ വീഡിയോ ശ്രദ്ധിക്കപ്പെട്ടു. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. നല്ല പൊലീസ് എന്നാണ് പലരും കമന്റ് നൽകിയത്. അതേസമയം, പറഞ്ഞുകൊടുത്തിട്ടും ഫഓൺ വീണ്ടും ഷർട്ടിന്റെ പോക്കറ്റിൽ വയ്ക്കുന്നതിലെ തമാശയാണ് മറ്റ് ചിലർ ചൂണ്ടിക്കാണിച്ചത്.