ജയ്പൂര്‍ രാജകുടുംബം സമര്‍പ്പിച്ച ഹര്‍ജിയില്‍ നിന്നും 'മഹാരാജ്', 'രാജകുമാരി' തുടങ്ങിയ പദവികള്‍ നീക്കം ചെയ്യാന്‍ രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിട്ടു. 24 വര്‍ഷം പഴക്കമുള്ള ഭവന നികുതിയുമായി ബന്ധപ്പെട്ട കേസിലാണ് കോടതിയുടെ ഈ നിര്‍ദ്ദേശം.
ജയ്പൂര്‍ രാജകുടുംബത്തിന്‍റെ ഇപ്പോഴത്തെ താഴ്വഴികൾ സമര്‍പ്പിച്ച ഹർജികളില്‍ നിന്നും മഹാരാജ്, രാജകുമാരി തുടങ്ങിയ പദങ്ങൾ പിന്‍വലിക്കണമെന്നും ഇല്ലെങ്കില്‍ കേസ് തള്ളിക്കളയുമെന്നും രാജസ്ഥാന്‍ ഹൈക്കോടതിയുടെ ഉത്തരവ്. ജയ്പൂർ രാജകുടുംബത്തിലെ പരേതരായ ജഗത് സിംഗിന്‍റെയും പൃഥ്വിരാജ് സിംഗിന്‍റെയും നിയമപരമായ അവകാശികൾ സമർപ്പിച്ച 24 വർഷം പഴക്കമുള്ള ഹർജിയിലാണ് കോടതിയുടെ ഉത്തരവ്.
ഹര്‍ജി
24 വർഷം പഴക്കമുള്ള ഒരു ഹര്‍ജിയിലാണ് കോടതിയുടെ പുതിയ ഉത്തരവ് വന്നത്. തങ്ങളുടെ കൊട്ടാരങ്ങൾക്ക് ഭവന നികുതി അടയ്ക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിനെതിരെ കുടുംബാംഗങ്ങൾ സമര്‍പ്പിച്ചതായിരുന്നു ഹര്‍ജി. എന്നാല്‍, ഹര്‍ജിയില്‍ ഉപയോഗിച്ച മഹാരാജാവ്, രാജകുമാരി തുടങ്ങിയ പദവികൾ ജനാധിപത്യ സമൂഹത്തിന് ഭൂഷണമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
കോടതി നിരീക്ഷണം
ഭരണഘടന അനുസരിച്ച് രാജ്യത്തെ പൗരന്മാരെല്ലാവരും തുല്യരാണ്. അതുപോലെ തന്നെ മുൻ നാട്ടുരാജാക്കന്മാരുടെ സ്വകാര്യ അവകാശങ്ങളും പ്രത്യേകാവകാശങ്ങളും നിർത്തലാക്കുന്നതാണ് ഭരണഘടനയുടെ ആർട്ടിക്കിൾ 363 എ. നിയമത്തിന് മുന്നിൽ എല്ലാ പൗരന്മാര്‍ക്കും തുല്യത ഉറപ്പുനൽകുന്ന ആർട്ടിക്കിൾ 14 എന്നിവ പരാമര്‍ശിച്ച് കൊണ്ടാണ് ഹൈക്കോടി ബെഞ്ച് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്. ഈ ഭരണഘടനാ ഭേദഗതികൾക്ക് ശേഷം ഒരു വ്യക്തിക്കും നിലവില്‍ നിയമപരമായി രാജകീയ പദവികൾ അവകാശപ്പെടാനോ ഉപയോഗിക്കാനോ കഴിയില്ലെന്നും ജസ്റ്റിസ് മഹേന്ദ്ര കുമാർ ഗോയലിന്‍റെ ഉത്തരവിൽ പറയുന്നു. ഹര്‍ജിയില്‍ ഇത്തരം വാക്കുകൾ ഉപയോഗിച്ചതിനിതിരെ ശക്തമായ എതിര്‍പ്പ് രേഖപ്പെടുത്തിയ കോടതി, ഹര്‍ജിക്കാരോട് അടുത്ത വാദം കേൾക്കുന്ന ഓക്ടോബര്‍ 13 - ന് മുമ്പായി, ഈ വാക്കുകൾ മാറ്റിയ ശേഷം വീണ്ടും ഹര്‍ജി സമര്‍പ്പിക്കണമെന്നും അല്ലാത്ത പക്ഷം കേസ് തള്ളിക്കളയുമെന്നും കോടതി നിര്‍ദ്ദേശിച്ചു.


