രാജസ്ഥാനിലെ ചപാല ഭൈരു ബാബ ക്ഷേത്രത്തിൽ ലക്ഷക്കണക്കിന് ഭക്തർക്കായി 65,100 കിലോ പ്രസാദം തയ്യാറാക്കുന്നതിന്‍റെ വീഡിയോ വൈറലായി. പ്രസാദം കുഴയ്ക്കാൻ ജെസിബിയും വിതരണത്തിന് ടിപ്പർ ലോറിയും ഉപയോഗിച്ചത് വലിയ ചർച്ചകൾക്കും ശുചിത്വത്തെക്കുറിച്ച് ആശങ്കയും ഉയർത്തി.
ചില കാഴ്ചകൾ നമ്മെ അടിമുടിയുലച്ച് കളയും. അത്തരമൊരു കാഴ്ച കഴിഞ്ഞ ദിവസങ്ങളിൽ സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഒരു ക്ഷേത്രത്തിലെ ഉത്സവത്തിന് എത്തുന്ന ഭക്തർക്ക് നൽകാനുള്ള പ്രസാദം കുഴയ്ക്കുന്ന രീതിയാണ് സമൂഹ മാധ്യമ ഉപയോക്താക്കളെ അമ്പരപ്പിച്ചത്. ആളുയരത്തിൽ കൂട്ടിയിട്ട പ്രസാദം കുഴയ്ക്കാൻ രണ്ട് ജെസിബി. അത് മറ്റൊരു ക്ഷേത്രസന്നിധിയിലെത്തിക്കാൻ ടിപ്പർ ലോറി, അവിടെ നിന്നും വിതരണത്തിനായി മാറ്റാൻ തൂമ്പ... കേട്ടപ്പോൾ തന്നെ അമ്പരപ്പ് തോന്നിയോ? എങ്കിൽ 65,100 കിലോയോളം വരുന്ന ഈ ഭീമൻ 'മഹാപ്രസാദ' നിർമ്മാണം നടക്കുന്നത് അങ്ങ് രാജസ്ഥാനിലെ കുഹാഡയിലുള്ള ചപാല ഭൈരു ബാബ ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചാണെന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായ വീഡിയോകൾ ചൂണ്ടിക്കാട്ടുന്നു.
65,000 കിലോ പ്രസാദം
jaipurbuzz എന്ന ജനപ്രിയ ഇന്‍സ്റ്റാഗ്രാം ഹാന്‍ലിലൂടെയാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. ക്ഷേത്രോത്സവത്തോട് അനുബന്ധിച്ചുള്ള നിരവധി വീഡിയോകൾ ഈ ഹാന്‍റിലിൽ നിന്നും പങ്കുവയ്ക്കപ്പട്ടിട്ടുണ്ട്. ഏതാണ്ട് മൂന്ന് ലക്ഷത്തോളം വിശ്വാസികളെത്തുന്ന ഉത്സവമാണ് ചപാല ഭൈരു ബാബ ക്ഷേത്തിലേത്. ഇത്രയും വലിയൊരു ഭക്തസമൂഹത്തിന് വിതരണം ചെയ്യുന്നതിനായി തയ്യാറാക്കുന്നതായിരുന്നു ഈ പ്രസാദം. പങ്കുവയ്ക്കപ്പെട്ട ഒരു വീഡിയോയിൽ ജെസിബി ഉപയോഗിച്ച് ക്ഷേത്ര പ്രസാദമായ ചൂർമ്മ കുഴയ്ക്കാൻ രണ്ട് ജെസിബികൾ ഉപയോഗിക്കുന്നത് കാണാം. പ്രസാദം ആളുയരത്തിൽ ഒരു മണൽകൂമ്പാരം പോലെ കുട്ടിയിട്ടിരിക്കുന്നു.
ആളുകൾ കാലുകൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ് സമീപത്തായി നിൽക്കുന്നുണ്ട്. രണ്ട് ജെസിബിക്കൈകൾ പ്രസാദം കുഴയ്ക്കുന്നതും വീഡിയോയിൽ കാണാം. മറ്റൊരു വീഡിയോയിൽ ടിപ്പർ ലോറിയിൽ നിന്നും തൂമ്പ കൊണ്ട് പ്രസാദം താഴെയുള്ള വലിയ പ്രത്രത്തിലേക്ക് കോരിയിടുന്നതും കാണാം. അസാധാരണമായ ഈ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. പിന്നാലെ നിരവധി പേർ ആശങ്ക രേഖപ്പെടുത്തി. 2025 ജനുവരി 30 -ന് മുമ്പാണ് ചൂർമയ്ക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചത്. രാവിലെ 8 മുതൽ രാത്രി 8 വരെ ഭക്തർക്ക് ഈ മഹാപ്രസാദം വിതരണം ചെയ്യും.
ശുചിത്വത്തിൽ ആശങ്ക
കാഴ്ചക്കാരിൽ മിക്കവരും പ്രസാദത്തിന്‍റെ പവിത്രതയെ കുറിച്ച് ആശങ്ക രേഖപ്പെടുത്തി. ആളുകൾ കൂടുമ്പോൾ ഇത്തരത്തിൽ തികച്ചും വൃത്തിഹീനമായ രീതിൽ പ്രസാദ വിതരണം ചെയ്യുന്നതിനെ നിരവധി പേർ ചോദ്യം ചെയ്തു. ഒരു രാജസ്ഥാനി എന്ന നിലയിൽ, ഈ പെരുമാറ്റത്തിന് ഞാൻ ക്ഷമ ചോദിക്കുന്നു. ശുചിത്വം പ്രധാനമാണ്, പൂർണ്ണമായും സമ്മതിക്കുന്നുവെന്നായിരുന്നു ഒരു കാഴ്ചക്കാരൻ കുറിച്ചത്. തനിക്ക് ചൂർമ്മ എന്താണെന്ന് അറിയില്ലെന്നും ആദ്യം കണ്ടപ്പോൾ സിമന്‍റും മണലും മിക്സ് ചെയ്യുന്നതാണെന്ന് തോന്നിയെന്നുമായിരുന്നു മറ്റൊരു കാഴ്ചക്കാരൻ കുറിച്ചത്. മൂന്ന് ലക്ഷം ഭക്തർക്കുള്ള ഭക്ഷണം ഇത്രയും വൃത്തിഹീനമായ സാഹചര്യത്തിൽ നിർമ്മിച്ചാൽ അത് ഒരു ഭക്ഷ്യവിഷബാധയ്ക്ക് കാരണമായാൽ എന്താണ് സംഭവിക്കുകയെന്ന് ചിലർ ആശങ്കപ്പെട്ടു. ജെസിബിയിലെ ഗ്രീസ് പ്രസാദത്തിൽ കലരില്ലേയെന്ന് മറ്റൊരു കാഴ്ചക്കാരൻ ആശങ്കപ്പെട്ടു. കഴിഞ്ഞ ദിവസം ആ ജെസിബി ചെളി കോരിയില്ലെന്ന് ആരു കണ്ടെന്നായിരുന്നു മറ്റൊരാൾ കുറിച്ചത്.


