ഈ ടിക്ടോക് ചലഞ്ചിൽ, ഇവർ അർദ്ധരാത്രിയിൽ ഏതെങ്കിലും ഒരു വീട് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പിന്നാലെ ഈ വീടിന്റെ വാതിലിൽ ചവിട്ടുന്നു. ചെറിയ ചവിട്ടൊന്നുമല്ല അത് പൊട്ടിപ്പോകുന്ന മട്ടിലാണ് ചവിട്ടുന്നത്.
പലതരം ചലഞ്ചുകൾക്കെതിരെ പല രാജ്യങ്ങളിലും അധികൃതർ ആളുകൾക്ക് മുന്നറിയിപ്പ് നൽകാറുണ്ട്. അതുപോലെ ഒരു ടിക്ടോക് ചലഞ്ചിനെതിരെയാണ് ഇപ്പോൾ മുന്നറിയിപ്പ് നൽകുന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ഡോർ-കിക്ക് ചലഞ്ച് ട്രെൻഡ് യുഎസ്സില്‍ ഉദ്യോഗസ്ഥർക്കിടയിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട് എന്നാണ് പറയുന്നത്.
ആളുകളുടെ ഡോർബെൽ അടിക്കുകയും അവർ വന്ന് തുറന്ന് നോക്കുന്നതിന് മുമ്പായി ഓടിപ്പോവുകയും ചെയ്യുന്ന 'ഡിംഗ്-ഡോംഗ്-ഡിച്ച്' പ്രാങ്കിന്റെ മറ്റൊരു രൂപമാണ് ഈ ചലഞ്ച്. ഈ ടിക്ടോക് ചലഞ്ചിൽ, ഇവർ അർദ്ധരാത്രിയിൽ ഏതെങ്കിലും ഒരു വീട് തിരഞ്ഞെടുക്കുകയാണ് ചെയ്യുന്നത്. പിന്നാലെ ഈ വീടിന്റെ വാതിലിൽ ചവിട്ടുന്നു. ചെറിയ ചവിട്ടൊന്നുമല്ല അത് പൊട്ടിപ്പോകുന്ന മട്ടിലാണ് ചവിട്ടുന്നത്. പലപ്പോഴും വാതിൽ തകർന്നു വീഴുന്നത് വരെ ചവിട്ട് തുടരുന്നു. പിന്നീട് ഇതിന്റെ വീഡിയോ പകർത്തി അത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുകയും ചെയ്യുന്നു.
'നിങ്ങൾക്ക് എളുപ്പം മരിക്കണമെങ്കിൽ അതിനുള്ള മാർഗമാണിത്' എന്നാണ് ഫ്ലോറിഡയിലെ വോളൂസിയ കൗണ്ടി ഷെരീഫ് മൈക്ക് ചിറ്റ്വുഡ് ജനങ്ങൾക്ക് നൽകിയ മുന്നറിയിപ്പിൽ പറയുന്നത്. പ്രത്യേകിച്ചും ഫ്ലോറിഡയിൽ, കവർച്ചക്കാരാണ് എന്ന് കരുതി തിരികെ അക്രമിക്കപ്പെടാൻ സാധ്യതയുണ്ട് എന്നും പലപ്പോഴും ആളുകൾ കവർച്ചക്കാരാണ് എന്ന് കരുതി വെടിവയ്ക്കാൻ സാധ്യതയുണ്ട് എന്നും പൊലീസ് മുന്നറിയിപ്പ് നൽകുന്നു.
അത് മാത്രമല്ല, ഈ പ്രാങ്കിന്റെ ഭാഗമാകുന്നത് പലപ്പോഴും കൗമാരക്കാരായ കുട്ടികളാണ്. അവർ അപകടത്തിൽ പെടാനോ അറസ്റ്റ് ചെയ്യപ്പെടാനോ ഉള്ള സാധ്യത കൂടുതലാണ് എന്നും പൊലീസ് പറയുന്നുണ്ട്. നേരത്തെ നിരവധി വീട്ടുകാർ ഇത്തരം ചലഞ്ചുകളുടെ ഇരയായി മാറിയിട്ടുണ്ട്. അതിന്റെ പേരിൽ ആളുകൾ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്യുന്നുണ്ട്. ഇതിന്‍റെ വിവിധ ദൃശ്യങ്ങളും പ്രചരിക്കുന്നുണ്ട്.
