വീഡിയോയിൽ യുവതി തന്റെ ഫോണുമായി പടിക്കെട്ടിലൂടെ നടക്കുന്നതാണ് കാണുന്നത്. എന്നാൽ, അവൾ നേരെ പോയി വീഴുന്നത് വെള്ളത്തിലേക്കാണ്.
വെനീസിലെത്തിയ ഒരു പോളിഷ് വിനോദസഞ്ചാരി അപ്രതീക്ഷിതമായി ഒരു കനാലിലേക്ക് വീഴുന്നതിന്റെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറുന്നത്. വിക്ടോറിയ ഗുസെൻഡ എന്ന യുവതിയാണ് വീഡിയോയിൽ ഉള്ളത്. നഗരത്തിലുള്ള മനോഹരമായ പടിക്കെട്ടുകൾ ഇറങ്ങി നടക്കുമ്പോൾ ബാലൻസ് നഷ്ടപ്പെട്ട് നേരെ വെള്ളത്തിലേക്ക് വീഴുന്നതാണ് വീഡിയോയിൽ കാണുന്നത്. അപകടത്തിന് പിന്നാലെ അവളുടെ കാലിന് പരിക്കേറ്റിട്ടുണ്ട് എന്ന് പിന്നീട് വീഡിയോയിൽ കാണാം. 'ഗൂഗിൾ മാപ്പ് നിങ്ങളോട് നേരെ പോകാൻ പറയുന്നു, പക്ഷേ അതേസമയത്ത് നിങ്ങൾ വെനീസിലാണ്' എന്നാണ് വീഡിയോയുടെ ക്യാപ്ഷനിൽ പറയുന്നത്.
വീഡിയോയിൽ യുവതി തന്റെ ഫോണുമായി പടിക്കെട്ടിലൂടെ നടക്കുന്നതാണ് കാണുന്നത്. എന്നാൽ, അവൾ നേരെ പോയി വീഴുന്നത് വെള്ളത്തിലേക്കാണ്. വെള്ളത്തിൽ വീണുകിടക്കുന്ന യുവതിയേയും വീഡിയോയിൽ കാണാം. പിന്നീടുള്ള ദൃശ്യങ്ങളിൽ അവളുടെ കാലുകളിൽ മുറിഞ്ഞിരിക്കുന്നതും അവൾ പടിക്കെട്ടിലിരിക്കുന്നതുമാണ് കാണുന്നത്. എന്നാൽ, പടിക്കെട്ടുകളിറങ്ങിയാൽ വെള്ളം കാണില്ലേ? പടിക്കെട്ടുകളിൽ ആരെങ്കിലും നോക്കാതെ നടക്കുമോ തുടങ്ങിയ സംശയങ്ങളാണ് വീഡിയോ കണ്ട നെറ്റിസൺമാരിൽ ഉണ്ടായിരിക്കുന്നത്.
ഒരാൾ വീഡിയോയ്ക്ക് കമന്റ് നൽകിയിരിക്കുന്നത്, 'വെള്ളത്തിലേക്ക് പടിക്കെട്ടുകൾ ഇറങ്ങി നടക്കുമ്പോൾ പിന്നെന്ത് സംഭവിക്കുമെന്നാണ് അവൾ കരുതിയത്' എന്നാണ്. 'അന്ധമായി ജിപിഎസ് പിന്തുടരുന്നത് നിർത്തി നിങ്ങളുടെ കണ്ണുകൾ തുറന്ന് ചുറ്റും നോക്ക്' എന്നാണ് മറ്റൊരാൾ കമന്റ് നൽകിയിരിക്കുന്നത്. 'അവസാനത്തെ പടവിലെത്തിയാൽ വെള്ളം കാണുകയും വീഴാതിരിക്കുകയും ചെയ്യാം, പക്ഷേ ഒരു ക്യൂട്ട് വീഡിയോയ്ക്ക് വേണ്ടിയാണ് അവൾ ഇത്രയും ചെയ്തത്' എന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 'ആളുകളുടെ ശ്രദ്ധ കിട്ടാനായി ചിലരിന്ന് എന്തും ചെയ്യും' എന്നായിരുന്നു മറ്റൊരാൾ കമന്റ് നൽകിയത്. എന്തായാലും യുവതിയുടേത് അറ്റൻഷൻ സീക്കിംഗാണ് എന്നാണ് ഭൂരിപക്ഷാഭിപ്രായം.


